1,353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി) യോഗം 1,353 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ കിഫ്ബി വഴി 18,939 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതില്‍ ആയിരം കോടിയുടെ പദ്ധതികളൊഴികെയുള്ളവ ടെന്‍ഡര്‍ വിളിക്കുന്ന ഘട്ടത്തിലേക്ക് പോവാന്‍ തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. 33 പ്രവൃത്തികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്. ഇതില്‍ 32 എണ്ണവും പൊതുമരാമത്ത് പ്രവൃത്തികളാണ്. ഒരു പ്രവൃത്തി തൃപ്പൂണിത്തുറ നഗരസഭയിലെ അന്ധകാരത്തോട് നവീകരിക്കുന്നതിനുള്ളതാണ്. ഇതോടെ കിഫ്ബി വഴി അംഗീകാരം നല്‍കിയ പദ്ധതികളുടെ എണ്ണം 276 ആയി. ഫെബ്രുവരി ആദ്യവാരം മറ്റൊരു 3,000 കോടി രൂപയുടെ പ്രവൃത്തികള്‍ക്കുകൂടി അംഗീകാരം നല്‍കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ പ്രൊജക്റ്റുകള്‍ പൊതുമരാമത്ത് വകുപ്പിന്റേതാണ്. 149 പ്രവൃത്തികളിലായി 5,390 കോടി രൂപയുടെ അനുമതിയാണ് ഇതുവരെ നല്‍കിയത്. 1,690 കോടി രൂപ അടങ്കലുള്ള 34 കുടിവെള്ള വിതരണ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. 1,773 കോടി രൂപയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും 1,140 കോടി രൂപയുടെ പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. 1,174 കോടി രൂപയുടെ ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍, 5,200 കോടി രൂപയുടെ വൈദ്യുതവിതരണ പദ്ധതികള്‍ക്കും ഇതിനോടകം അംഗീകാരം നല്‍കി. കെഎസ്ആര്‍ടിസിക്ക് ബസ്സുകള്‍ വാങ്ങുന്നതിന് 324 കോടി രൂപയുടെ അനുമതിയും നല്‍കിയിട്ടുണ്ട്.  അടുത്തവര്‍ഷം 30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. കേരളത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ നിക്ഷേപവര്‍ധനയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ തന്നെ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിനുള്ള മറുമരുന്നാണ് കിഫ്ബി. ഇതിലെ പദ്ധതികള്‍ മാന്ദ്യവിരുദ്ധ പാക്കേജിന് തുല്യമാണ്. കിഫ്ബി അംഗീകരിച്ച ഒരു പദ്ധതിയും പ്രവൃത്തിഘട്ടത്തിലെത്തിയില്ലെന്നത് അംഗീകരിക്കുന്നു. കര്‍ശന പരിശോധന നടക്കുന്നതും മാനദണ്ഡങ്ങള്‍ പാലിക്കുന്നതുംകൊണ്ടാണ് കാലതാമസം. അങ്ങനെ നോക്കുമ്പോള്‍ കിഫ്ബി പ്രവര്‍ത്തനം മോശമല്ല. ഭൂമി വാങ്ങല്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് കാലതാമസം നേരിടുന്നത്. കിഫ്ബിയിലെ നിക്ഷേപത്തിന് സാമ്പത്തികമാന്ദ്യം തടസ്സമാവില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it