|    Jul 24 Mon, 2017 4:10 am
FLASH NEWS

13,500 വീടുകള്‍ക്ക് അഞ്ചുലക്ഷം പച്ചക്കറി തൈകള്‍ വിതരണം ചെയ്യും

Published : 20th March 2017 | Posted By: fsq

 

മണ്ണഞ്ചേരി: കായലോര ഗ്രാമമായ മണ്ണഞ്ചേരിയില്‍ വിഷുക്കാലത്ത് വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 13,500 വീടുകളില്‍  കൃഷി ആരംഭിക്കുന്നു. ഇതിനുള്ള അഞ്ചുലക്ഷം പച്ചക്കറി തൈകള്‍  സിഡിഎസാണ് ഉല്‍പാദിപ്പിച്ചത്.
തൈ വിതരണം ഇന്ന് രാവിലെ ഒമ്പതിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.പഞ്ചായത്തിന്റെയും തൊഴിലുറപ്പു പദ്ധതിയുടെയും സിഡിഎസിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ്  23 വാര്‍ഡുകളിലും പച്ചക്കറി കൃഷിയും എലിനിയന്ത്രണ കാംപയിനും നടത്തുന്നത്.
വീടുകളില്‍ കൂടാതെ തരിശ് പുരയിടങ്ങളില്‍ കൂടി കൃഷി ചെയ്യുന്നതിന് ആറിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്.
ആവശ്യമായ  വഴുതന, മുളക്, പീച്ചില്‍, പാവല്‍,പയര്‍, വെണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത്.
ഒരു വീട്ടില്‍ കുറഞ്ഞത് 30 പച്ചക്കറി തൈകള്‍ നല്‍കും. ഇത് നടുന്നതിനുള്ള വരമ്പ് തൊഴിലുറപ്പു പദ്ധതിയിലാണ് തയ്യാറാക്കുന്നത്.
ഓരോ വീടിനും ഏഴു കിലോ ഫാക്ട് ജൈവവളവും വിതരണം ചെയ്യും.വേനല്‍ക്കാലത്ത് പാഴാക്കി കളയുന്ന വെള്ളം ഉപയോഗിച്ച് ജൈവ പച്ചക്കറികൃഷി ചെയ്യുന്നത് വിഷു മുതല്‍ കാലവര്‍ഷം വരെ പച്ചക്കറി ഉല്‍പാദനം സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
പഞ്ചായത്തിലെ എല്ലാ വീടുകളിലും വര്‍ഷം മുഴുവന്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക സംസ്‌ക്കാരത്തിനാണ് മണ്ണഞ്ചേരിയില്‍  തുടക്കമാകുന്നതെന്ന് പ്രസിഡന്റ് തങ്കമണി ഗോപിനാഥും വൈസ് പ്രസിഡന്റ് മഞ്ജുരതികുമാറും പറഞ്ഞു.
കാര്‍ഷിക വികസന കര്‍ഷക ഗ്രൂപ്പിന്റെ കേരഗ്രാമം പദ്ധതി പ്രകാരം 62 ലക്ഷം രൂപ ചെലവിട്ട് തെങ്ങുകൃഷി വികസനത്തിനായി നിരവധി പദ്ധതികളും നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും 22ന് എലിവിഷം വിതരണം ചെയ്യും.
മൂന്നു വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം.തെങ്ങിന്‍ തോട്ടത്തില്‍ വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കപ്പ, ജാതി, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നതിലൂടെ പുരയിടങ്ങള്‍ തരിശ് രഹിതമാകും.
കുളങ്ങളും തോടുകളും സംരക്ഷിച്ച് മണ്ണഞ്ചേരിയെ ഹരിതഗ്രാമമാക്കി മാറ്റുവാനാണ് പരിശ്രമിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക