|    Mar 22 Thu, 2018 9:48 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഒരു രാജിയും പ്രതിപക്ഷത്തിന്റെ നടപ്പുദീനവും

Published : 24th October 2016 | Posted By: SMR

ഹനീഫ എടക്കാട്

യുക്തിവാദിയും ഭൗതികവാദിയുമൊക്കെ തലയില്‍ കൈവച്ച്, എല്ലാം തന്റെ വിധിയെന്നു സമാശ്വസിക്കുന്ന നിമിഷങ്ങളുണ്ടാവും ജീവിതത്തിലെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന തനി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകാരനാണെങ്കിലും ഇ പി ജയരാജന്‍ എന്ന നല്ല ചിറ്റപ്പന്‍ കഴിഞ്ഞയാഴ്ച തന്റെ രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ തലയില്‍ കൈവച്ചുകൊണ്ടല്ലാതെ ആലോചിക്കുക പോലുമില്ല ഇനിയങ്ങോട്ട്.
തിരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷവുമായി മട്ടന്നൂരില്‍ നിന്നു തലസ്ഥാനത്തെത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രൂപീകരിക്കുന്ന മന്ത്രിസഭയില്‍ കനപ്പെട്ട വകുപ്പുമായി ചിറ്റപ്പന്‍ ഉണ്ടാവുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. വ്യവസായവകുപ്പു തന്നെ നല്‍കി തന്റെ വിശ്വസ്തനും വലംകൈയുമാണ് ഇപിയെന്ന് പിണറായി മാലോകരെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അടുത്ത ബന്ധുക്കളില്‍ ചിലരെ ചിലയിടത്തു കുടിയിരുത്തിയെന്നും പറഞ്ഞു മാധ്യമങ്ങള്‍ പുക്കാറുണ്ടാക്കുകയും പ്രതിപക്ഷവും സാമൂഹിക മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ നില്‍ക്കക്കള്ളി നഷ്ടപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരിക്കുകയാണ് ജയരാജന്.
രാജിവച്ച ഇപി വഴി മുഖ്യമന്ത്രിയെ കൊട്ടാന്‍ കിട്ടുമോയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നത്. വാമൊഴിവഴക്കം വഴി ഭാഷയ്ക്ക് പുതിയ പ്രയോഗങ്ങള്‍ നല്‍കുന്നയാള്‍ക്കു വല്ല കുലുക്കവുമുണ്ടോ? ‘അതൊന്നും നടക്കാന്‍ പോകുന്നില്ലെടോ, പോയി പണി നോക്ക്’ എന്നൊന്നും പറഞ്ഞില്ലെങ്കിലും തന്റെ രക്തത്തിനു മുറവിളി കൂട്ടിയവര്‍ക്ക് നല്ല മറുപടി തന്നെയാണ് അദ്ദേഹം നിയമസഭയില്‍ നല്‍കിക്കൊണ്ടിരുന്നത്. ”ആക്ഷേപങ്ങള്‍ വരുമ്പോള്‍ തെളിവില്ലെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ കാലത്തു പറയാറ്. തെളിവു കാണിക്കുമ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കെന്നു പറയും. നിയമം എതിരാവുമ്പോള്‍ കോടതി തീരുമാനിക്കട്ടെയെന്നു പറയും. കോടതി എതിരായാലോ ജനകീയ കോടതിക്കു വിടും. ജനകീയ കോടതിയും എതിരായാല്‍ എല്ലാം മനസ്സാക്ഷിക്കു വിടും. എന്നാല്‍, അത്തരമൊരു അഴകൊഴമ്പന്‍ നിലപാടല്ല എല്‍ഡിഎഫിന്” എന്ന പിണറായിയുടെ മറുപടിയോടെ പ്രതിപക്ഷം ഇരിപ്പിടം വിടുന്ന കാഴ്ചയാണ് കണ്ടത്.
തിങ്കള്‍മുതല്‍ വെള്ളി വരെ നടന്ന സഭാസമ്മേളനങ്ങളില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് പ്രതിപക്ഷം സഭയില്‍ വാക്കൗട്ട് ചെയ്യുന്ന കാഴ്ചയും പൊതുജനം കണ്ടു. വാക്കൗട്ട് ചെയ്തില്ലെങ്കില്‍ നല്ല പ്രതിപക്ഷമാവില്ലെന്ന ധാരണയായിരിക്കണം ഇത്തരം പ്രവര്‍ത്തനത്തിന് ഇടയാക്കുന്നത്. 17നു പുനരാരംഭിച്ച സഭാസമ്മേളനത്തില്‍ ആദ്യദിവസം നിയമനവിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പിറ്റേന്ന് പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കെ എം മാണി റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇറങ്ങിപ്പോയത്. കെ എം മാണിയും യുഡിഎഫും തമ്മിലുള്ള ബന്ധം ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു ഇറങ്ങിപ്പോക്ക്. തൊട്ടടുത്ത ദിവസം കണ്ണൂരിലെ സംഘര്‍ഷമായിരുന്നു ഇറങ്ങിപ്പോക്കിനു കാരണമായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ജേക്കബ് തോമസായിരുന്നു നിയമസഭാ സമ്മേളനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം. അഴിമതിക്കാര്‍ക്കെതിരേ കടുത്ത നിലപാടുമായി മുന്നോട്ടുപോവുമെന്നു മാധ്യമവിദ്യാര്‍ഥികളുടെ ഒരു പരിപാടിയില്‍ ചങ്കൂറ്റത്തോടെ പറഞ്ഞയാള്‍, പിറ്റേ ദിവസം രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച് സര്‍ക്കാരിനു കത്തു നല്‍കുന്നതാണ് കണ്ടത്.
ഇതിലും ജയരാജനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇഷ്ടപ്പെട്ടത്.  പ്രാഥമികാന്വേഷണം കഴിഞ്ഞാല്‍ ജയരാജനെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാവുമെന്നും അതിനു മുമ്പേ രക്ഷപ്പെടാനുള്ള തന്ത്രമാണ് വിജിലന്‍സ് ഡയറക്ടറുടേതെന്നുമാണ് പ്രതിപക്ഷ വ്യാഖ്യാനം. കൊടുങ്കാറ്റടിച്ചാലും ഇളകില്ലെന്നു പറഞ്ഞയാള്‍ മന്ദമാരുതന്‍ വന്നപ്പോള്‍ തന്നെ ഇളകിപ്പോയെന്ന പരിഹാസം വേറെയും.
എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിനു മുന്നിലെ സന്ദിഗ്ധാവസ്ഥ മുതലെടുത്ത് തനിക്കു നേരെ വരാനിടയുള്ള ആരോപണങ്ങള്‍ക്ക് ഒരു മുഴം നീട്ടിയെറിഞ്ഞതാണ് അദ്ദേഹമെന്നാണ് ദോഷൈകദൃക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ നടത്തിയ ഇടപാടുകളില്‍ അഴിമതി നടന്നെന്നാണ് അണിയറയില്‍ ഇരുന്നു ചരടുവലിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്. അതാണ് തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം വഴി പുറത്തുവന്നത്. ഇതൊക്കെ കൊണ്ടുതന്നെ തന്റെ മാത്രം പ്രതിച്ഛായയില്‍ ബദ്ധശ്രദ്ധ പതിപ്പിക്കുന്നയാള്‍ എത്ര കാലം വിജിലന്‍സിന്റെ തലപ്പത്തുണ്ടാവുമെന്ന് കാത്തിരുന്നു കാണണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss