thiruvananthapuram local

130 വര്‍ഷം പഴക്കമുള്ള മുത്തശ്ശിമരം മുറിക്കാന്‍ ശ്രമം; പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: 130 വര്‍ഷം പഴക്കമുള്ള മരം മുറിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ആയുര്‍വേദകോളജിന് പരിസരത്തുള്ള മരമാണ് റോഡ് വികസനത്തിന്റെ പേരില്‍ മുറിച്ചു മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറെടുക്കുന്നത്.
ഇതിനെതിരേ ഇന്നലെ രാവിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആര്‍ട്ടിസ്റ്റ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ പുറംപോക്കിലുള്ള മരം മുറിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. മരം മുറിക്കാതെ തന്നെ റോഡ് വികസനം സാധ്യമാകുമെന്നാണ് ഇവര്‍ വാദിക്കുന്നത്.
കൊടും വേനലില്‍ വഴിയാത്രക്കാര്‍ക്ക് തണല്‍ നല്‍കുന്ന മരം മുറിച്ചുമാറ്റേണ്ട ആവശ്യകത ഇല്ലെന്നും ഇവര്‍ പറയുന്നു. റോഡിന്റെ വികസനം വേണം, എന്നാല്‍ മരം മുറിച്ചുള്ള വികസം വേണ്ടെന്ന് ആര്‍കിടെക്ടും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജി ശങ്കര്‍ പറഞ്ഞു. റോഡ് വികസനം നടത്തുന്നതിന് ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ കോളജ് ജംഗ്ഷനില്‍ നിന്നും വഞ്ചിയൂരിലേക്കുള്ള റോഡിന്റെ വീതി കൂട്ടല്‍ നടപടിയുടെ ഭാഗമായാണ് മരം മുറിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മരം മുറിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.
130 വര്‍ഷം പ്രായമുള്ള മരത്തിന് 1000 കെജി കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ കഴിയും. കൊടും വേനലില്‍ കേരളം വെന്തുരുകയും നിരവധി പേര്‍ക്ക് സൂര്യതാപം ഏല്‍ക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ വികസനത്തിന്റെ പേരുപറഞ്ഞ് മരങ്ങള്‍ മുറിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക അനിത, ജനമിത്ര സംഘടനാ പ്രസിഡന്റ് നോംസണ്‍ ലോറന്‍സ്, ട്രീവാക്ക് പ്രവര്‍ത്തകര്‍, സെല്‍ഫ് എംപ്ലോയ്‌മെന്റ് വിമണ്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it