|    Oct 18 Thu, 2018 10:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

13 റഷ്യക്കാര്‍ക്കെതിരേ കുറ്റപത്രം: ട്രോള്‍ ഫാമിനെതിരേയും കേസ്‌

Published : 18th February 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രിംപിന് അനുകൂലമായി 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന കേസില്‍ 13 റഷ്യക്കാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി. മൂന്നു റഷ്യന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. എഫ്ബിഐ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ളതായി കരുതുന്ന, ട്രോള്‍ ഫാം എന്നപേരില്‍ കുപ്രസിദ്ധമായ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി (ഐആര്‍എ) അടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരേയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐആര്‍എ വ്യത്യസ്ത കമ്പനികള്‍ രൂപീകരിച്ച് നൂറുകണക്കിനു പേരെ നിയമിച്ചാണ് സമൂഹമാധ്യമങ്ങളുപയോഗിച്ച് യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന മാസങ്ങളില്‍ 12.5 കോടി ഡോളര്‍ ഓരോ മാസവും റഷ്യ യുഎസില്‍ ചെലവഴിച്ചതായും 37 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടിയ നിലവിലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുകൂലിച്ചും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ അപഹസിച്ചുമുള്ള ഉള്ളടക്കങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇടപെടല്‍. ട്രംപിന്റെ പ്രചാരണ സംഘങ്ങളുമായി റഷ്യന്‍ പ്രതിനിധികള്‍ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, റഷ്യക്കാരുമായാണ് തങ്ങള്‍ ഇടപെട്ടതെന്ന് ട്രംപിന്റെ സംഘാംഗങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാനാവും വിധം വിവേചനപരമായ സന്ദേശങ്ങള്‍ റഷ്യന്‍ സംഘം പ്രചരിപ്പിച്ചു. 2016 നവംബറില്‍ ‘യുനൈറ്റഡ് മുസ്‌ലിംസ് ഓഫ് അമേരിക്ക’ എന്ന വ്യാജ പേരില്‍ സാമൂഹിക അക്കൗണ്ട് ആരംഭിച്ച സംഘം യുഎസിലെ മുസ്‌ലിംകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നുവെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2014 മുതല്‍ ഭാഷാ ഗവേഷണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരില്‍ യുഎസില്‍ പഠനം നടത്തിയ ശേഷമായിരുന്നു ഐആര്‍എയുടെ തിരഞ്ഞെടുപ്പ് ഇടപെടല്‍. 2016 ജൂലൈയില്‍ പദ്ധതിയുടെ ഭാഗമായി 80ഓളം ജീവനക്കാരെ നിയോഗിച്ചു. റഷ്യയുമായാണ് ഇടപെടല്‍ എന്ന സൂചന നല്‍കാതെ യുഎസ് പൗരന്‍മാരെ പോലും ശമ്പളക്കാരായി നിയോഗിച്ചിരുന്നു. റഷ്യന്‍ ഏജന്‍സികള്‍ യുഎസില്‍ രാഷ്ട്രീയ പ്രചാരണങ്ങളും ജാഥകളും സംഘടിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. സാമൂഹിക മാധ്യമ, ഇ-മെയില്‍ അക്കാണ്ടുകള്‍ റഷ്യന്‍ ഏജന്‍സികള്‍ ഹാക്ക് ചെയ്തു. റഷ്യന്‍ പൗരന്‍മാര്‍ ആള്‍മാറാട്ടം നടത്തി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കായി യുഎസില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയില്‍ നൂറുകണക്കിന് അക്കൗണ്ടുകള്‍ വ്യാജമായി ആരംഭിച്ചു. വ്യാജ അക്കൗണ്ടുകള്‍ പിടിക്കപ്പെടാതിരിക്കാന്‍ റഷ്യന്‍ ഏജന്‍സി യുഎസില്‍ തന്നെയുള്ള സെര്‍വറുകളില്‍ ഇടംവാങ്ങി വെര്‍ച്വല്‍ പ്രൈവറ്റ് ശൃംഖലകള്‍ (വിപിഎന്‍) രൂപീകരിച്ചതായും കുറ്റപത്രം വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss