13 നഗരങ്ങള്‍ക്കു കൂടി സ്മാര്‍ട്ട് സിറ്റി അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ 13 നഗരങ്ങള്‍ക്കു കൂടി സ്മാര്‍ട്ട്‌സിറ്റി അനുവദിച്ചു. ലഖ്‌നോ, വാറങ്കല്‍, പനാജി, ധര്‍മശാല, ചണ്ഡീഗഡ്, റായ്പൂര്‍, ന്യൂടൗണ്‍ കൊല്‍ക്കത്ത, ഭഗല്‍പൂര്‍, പോര്‍ട്ട്‌ബ്ലെയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍ത്തല, ഫരീദാബാദ് തുടങ്ങിയ നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട്‌സിറ്റി അനുവദിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു തലസ്ഥാന നഗരങ്ങളെ സ്മാര്‍ട്ട്‌സിറ്റിക്കു വേണ്ടി മല്‍സരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പട്‌ന, ഷിംല, നയാ റായ്പൂര്‍, ഇറ്റാനഗര്‍, അമരാവതി, ബംഗളൂരു എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റു തലസ്ഥാന നഗരങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ സ്മാര്‍ട്ട്‌സിറ്റിക്കായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ട 23 നഗരങ്ങളില്‍നിന്നാണ് 13 നഗരങ്ങളെ തിരഞ്ഞെടുത്തത്.
അതിവേഗത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലഖ്‌നോയാണ് ഇതില്‍ ഒന്നാമത്. ഇതോടെ രാജ്യത്തെ സ്മാര്‍ട്ട്‌സിറ്റികളുടെ എണ്ണം 25 ആയി. അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട്‌സിറ്റി പദവി നല്‍കിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീറത്ത്, റായ്ബറേലി, ജമ്മുകശ്മീരിലെ ജമ്മു, കശ്മീര്‍ എന്നീ നഗരങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം ഈ നഗരങ്ങളെയെല്ലാം മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച് തീര്‍പ്പാക്കും.
Next Story

RELATED STORIES

Share it