Flash News

13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍



കൊച്ചി: കണ്ണൂര്‍ - കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോടതി വിധിയെ തുടര്‍ന്ന് 13 ബിയര്‍ പാര്‍ലറുകള്‍ തുറന്നിരുന്നുവെന്നും കണ്ണൂരില്‍ ആറും കോഴിക്കോട് നാലും കുറ്റിപ്പുറത്ത് മുന്നും ആണ് തുറന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. ചേര്‍ത്തല -തിരുവനന്തപുരം, കണ്ണൂര്‍ -കുറ്റിപ്പുറം എന്നിവ ദേശീയ പാതകള്‍ തന്നെയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താന്‍ പ്രസ്താവിച്ച വിധിന്യായം വ്യക്തമാണെന്നും, എന്നിട്ടും സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്തിനെന്ന്് മനസ്സിലാവുന്നില്ലാന്നും കോടതി പറഞ്ഞു. ബാറുകള്‍ തുറക്കുന്നതിന് മുമ്പ് നാഷനല്‍ ഹൈവയുടെ അനുമതി വാങ്ങിയിരുന്നോ എന്നും കോടതി ചോദിച്ചു. വിധിന്യായത്തില്‍ ദൂരക്കൂടുതല്‍ ഉള്ള റോഡുകളെ ദേശീയ പാതയായി കണക്കാക്കണമെന്നു പറഞ്ഞിരുന്നതായും കോടതി വ്യക്തമാക്കി.പൂട്ടിയ ബാറുകള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ  തുറക്കരുതെന്നും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എക്‌സൈസ് കമ്മീഷണര്‍മാര്‍ കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലറും ലീഗ് നേതാവുമായ വി പി ഇബ്രാഹിംകുട്ടിയുടെയും പുനപ്പരിശോധനാ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ എന്ത് വ്യക്തതയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത് എന്നും കോടതി ചോദിച്ചു. കണ്ണുര്‍-കുറ്റിപ്പുറം, തിരുവനന്തപുരം -ചേര്‍ത്തല പാതകള്‍ക്കരികിലെ മദ്യശാലകള്‍ തുറക്കാനല്ല അപേക്ഷ നിയമാനുസൃതം പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ബാറുകള്‍ തുറന്ന കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് തെറ്റുകള്‍ ആര്‍ക്കും സംഭവിക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനിടെ കോടതിയെ വിമര്‍ശിച്ച വി എം സുധീരനെ വീണ്ടും  ഹൈക്കോടതി വിമര്‍ശിച്ചു. കോടതിയെ പേടിപ്പിക്കാന്‍ മുതിരേണ്ടെന്നും സുധീരന്റെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എക്‌സൈസ് കമ്മീഷണര്‍മാര്‍ ഈമാസം 14ന് ഫയലുകളുമായി നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് ഉത്തരവിട്ട കോടതി ഇവര്‍ മൂന്ന് പേരും മിടുക്കന്‍മാരാണെന്നും അവരെ ഒന്നു പരിചയപ്പെടണമെന്നും പറഞ്ഞു. പിഡബ്ല്യുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തു. കേസില്‍ ഈമാസം 14ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it