Pathanamthitta local

13 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം



പത്തനംതിട്ട: എന്‍ജിനീയറിങ്് വിഭാഗത്തില്‍ ഒഴിവുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയോഗിക്കുകയാണെങ്കില്‍ പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി. പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ലയെ കൂടുതല്‍ മുന്നിലേക്ക് എത്തിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായ ശ്രമം നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ 13 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. എന്നാല്‍ പല തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതി ഭേദഗതികള്‍ ഇനിയും പരിഗണിക്കേണ്ടതിനാല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒമ്പതിന് ഒരു ആസൂത്രണ സമിതി യോഗം കൂടി ചേരുമെന്നും പ്രസിഡന്റ് അറിയിച്ചു. ജില്ലാ പ്ലാന്‍ തയ്യാറാക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം 11ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത്,  കടപ്ര, മൈലപ്ര, ഏഴംകുളം, പ്രമാടം, കല്ലൂപ്പാറ, അയിരൂര്‍, ഓമല്ലൂര്‍, റാന്നി പഴവങ്ങാടി, ഇരവിപേരൂര്‍, കോയിപ്രം, ആറന്മുള, തുമ്പമണ്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെയും പദ്ധതി ഭേദഗതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ലേബര്‍ ബജറ്റിനും ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി വരട്ടാര്‍ പുനരുദ്ധരിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ആക്ഷന്‍ പ്ലാനിനും ആസൂത്രണ സമിതി അംഗീകാരം നല്‍കി.
Next Story

RELATED STORIES

Share it