wayanad local

13 ഗ്ലാസ് വെള്ളം ലഭിക്കുന്ന ഇളനീരും 61 ഇനം നാടന്‍ നെല്‍വിത്തിനങ്ങളും

കല്‍പ്പറ്റ: വിത്ത്, മണ്ണ്, ഭക്ഷണം അവകാശവും ഉത്തരവാദിത്വവും എന്ന സന്ദേശവുമായി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിക്കുന്ന വിത്തുല്‍സവത്തില്‍ കാര്‍ഷിക ജൈവവൈവിധ്യ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. ജില്ലയിലെ 23 പഞ്ചായത്തുകളും തമിഴ്‌നാട്ടിലെ കൊള്ളിഹില്‍സിലെയും നീലഗിരി ജില്ലയിലെയും കര്‍ഷകരാണ് ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിട്ടുള്ളത്.
ചെറുവയല്‍ രാമന്റെ 61 ഇനം നാടന്‍ നെല്‍വിത്തിനങ്ങളും വിവിധ പഞ്ചായത്തുകളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ച കാച്ചില്‍ ഇനങ്ങളും, വിവിധ ചേനകളും, ഏഴോളം ചേമ്പിനങ്ങളും അഞ്ചോളം നാരങ്ങകളും പണ്ട് രാജാക്കന്മാരുടെ കുത്തകയായിരുന്ന താമര ചക്ക അടക്കം വിവിധ ചക്കകളും പ്രദര്‍ശനത്തിനുണ്ട്.
കൂടാതെ പത്തോളം മുളകിനങ്ങളും, എട്ടോളം വിത്തിനങ്ങളും ആറോളം അമരയും പത്തോളം ഇനം വാഴപ്പഴങ്ങളും ആറോളം ചീരയിനങ്ങളും വൈവിധ്യമാര്‍ന്ന മത്തന്‍, കുമ്പളം, ചുരക്ക, പടവലം, വഴുതന ഇനങ്ങളും ഇഞ്ചി, മഞ്ഞള്‍, ഇനങ്ങളും എള്ള്, മുത്താറി, മുതിര, ഉഴുന്ന്, ചോളം, പടവലം,പീച്ചിങ്ങ, തക്കാളി, വെണ്ട, പപ്പായ, സപ്പോട്ട, ഫോഷന്‍ ഫ്രൂട്ട്, തേങ്ങ, അടക്ക, നെല്ലിക്ക, കരിമ്പ്, തുടങ്ങിയവയെല്ലാം പ്രദര്‍നത്തില്‍ ഇടം പിടിച്ചിരിക്കുന്നു.
ഗന്ധകശാല അരിയുടെ മണമുള്ള ഗന്ധകശാല കാച്ചയും 13 ഗ്ലാസ്സ് വെള്ളം ലഭിക്കുന്ന ഇളനീരും വിത്തുല്‍സവത്തില്‍ ആകര്‍ഷകമായി.
തമിഴ്‌നാട്ടിലെ കൊള്ളിമലയിലെ കര്‍ഷകരുടെ ഏഴു തരം ചാമ, അഞ്ചു തരം തിനയും, ഏഴു തരം മുത്താറിയും, രണ്ടു തരം കൂവരകും മൂന്നു തരം തുവരയും നീലഗിരിജില്ലയുടെ കാടകൊടി ഉറുമിവിളിക്കചുരക്കയും, നെല്ല് അവരയും പഞ്ചിക്കചൂരി എരഞ്ചിയും വിവിധ കൂവകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്ന് വിപണനവും നടക്കും. അതോടൊപ്പം തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് അവര്‍ ശേഖരിച്ചു വച്ചിട്ടുള്ള വിത്തുകളോ മറ്റ് നടീല്‍ വസ്തുക്കളോ മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളോ വിപണനം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉല്‍പന്നങ്ങളുമായി പുത്തൂര്‍ വയലിലെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ രാവിലെ എത്തിച്ചേരാമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it