13 ഒഴിവാക്കി; ഇടത് മന്ത്രിമാര്‍ക്കും ട്രിസ്‌ക്കൈഡെക്കാഫോബിയ

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും ട്രിസ്‌ക്കൈഡെക്കാഫോബിയ. 13 എന്ന അക്കത്തോടുള്ള പേടിയാണ് ട്രിസ്‌ക്കൈഡെക്കാഫോബിയ എന്ന് അറിയപ്പെടുന്നത്. മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹന നമ്പര്‍ അനുവദിച്ചപ്പോഴാണ് 13ാം നമ്പര്‍ ഒഴിവാക്കിയത്. മന്ത്രിസഭയിലെ 19 മന്ത്രിമാര്‍ക്കായി ഒന്നുമുതല്‍ 20 വരെയുള്ള നമ്പറുകള്‍ അനുവദിച്ചെങ്കിലും 13നെ മാത്രം ഒഴിവാക്കുകയായിരുന്നു.
13 എന്ന നമ്പര്‍ അശുഭ ലക്ഷണമാണെന്നുള്ള അന്ധവിശ്വാസം സമൂഹത്തില്‍ വ്യാപകമാണ്. ഇതിനുള്ള കാരണങ്ങളും നിരവധിയുണ്ട്. ക്രിസ്തുവിന്റെ അവസാന അത്താഴത്തില്‍ 13പേരാണ് പങ്കെടുത്തത്. ക്രിസ്തു കുരിശിലേറ്റപ്പെട്ടത് 13ാം തിയ്യതി വെള്ളിയാഴ്ചയാണെന്നും കൂടാതെ, ആദിമ മനുഷ്യരായ ആദവും ഹവ്വയും സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ടതും സൃഷ്ടിപ്പിന്റെ 13ാം ദിവസമാണെന്നുമാണ് വിശ്വാസം. ക്രൈസ്തവതയു ടെ ആവിര്‍ഭാവത്തോടെയാണ് ഈ വിശ്വാസം കടന്നുവന്നതെങ്കിലും മറ്റു മതവിശ്വാസികളും ഈ അന്ധവിശ്വാസം പിന്തുടരുന്നുണ്ട്.
എന്നാല്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരേ നിലകൊള്ളുന്നുവെന്ന് പറയുന്ന എല്‍ഡി എഫ് മന്ത്രിമാര്‍ തന്നെ 13നെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ വി എസ് അച്യുതാനന്ദ ന്‍ മന്ത്രിസഭയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ സന്ദേശം നല്‍കുന്നതിനായി മന്ത്രിയായിരുന്ന എം എ ബേബി 13ാം നമ്പര്‍ കാറാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗങ്ങളാരും ഇതിന് തയ്യാറായില്ല.
പതിവുപോലെ മുഖ്യമന്ത്രിക്കാണ് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അനുവദിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ നിയമസഭാ കക്ഷികള്‍ക്കാണ് തൊട്ടുപിന്നാലെയുള്ള നമ്പറുകള്‍ അനുവദിച്ചത്. സിപിഐ നിയമസഭാ കക്ഷിനേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനാണ് രണ്ടാംനമ്പര്‍ കാര്‍. മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള കാറുകള്‍. തുടര്‍ന്ന് സീനിയോറിറ്റി അനുസരിച്ചാണ് മന്ത്രിമാര്‍ക്ക് തൊട്ടു താഴെയുള്ള നമ്പരുകളിലെ കാറുകള്‍ അനുവദിച്ചിട്ടുള്ളത്. എ കെ ബാലന്‍ (6), ഇ പി ജയരാജന്‍ (7), ജി സുധാകരന്‍ (8), കെ കെ ഷൈലജ (9), ടി എം തോമസ് ഐസക്ക് (10), ടി പി രാമകൃഷ്ണന്‍ (11), വി എസ് സുനില്‍കുമാര്‍ (12), പി തിലോത്തമന്‍ (14), കടകംപള്ളി സുരേന്ദ്രന്‍ (15), എ സി മൊയ്തീന്‍ (16), ജെ മേഴ്‌സിക്കുട്ടിയമ്മ (17), സി രവീന്ദ്രനാഥ് (18), അഡ്വ. കെ രാജു (19), കെ ടി ജലീല്‍ (20) എന്നിങ്ങനെയാണ് മറ്റു കാറുകള്‍ അനുവദിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it