wayanad local

13 എ പ്ലസുമായി പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍

പുല്‍പ്പള്ളി: എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുല്‍പ്പള്ളി മേഖലയില്‍ ഒന്നാമതെത്തി. ആകെ പരീക്ഷയെഴുതിയ 117 വിദ്യാര്‍ഥികളില്‍ 116 പേരും വിജയിച്ചു. വിജയശതമാനം 99.14. 13 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ആറു വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എ പ്ലസ് നേടാനായി. പരീക്ഷയെഴുതിയ 17 ആദിവാസി കുട്ടികളില്‍ 16 പേരും ഉന്നതവിജയം നേടി. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെ നടപ്പാക്കിയ സ്‌പെഷ്യല്‍ കോച്ചിങ് ക്യാംപും പിടിഎയുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമവുമാണ് മികച്ച വിജയം നേടാന്‍ സഹായിച്ചതെന്ന് ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ് പറഞ്ഞു. വിജയികളെ സ്‌കൂളില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. പിടിഎ പ്രസിഡന്റ് തങ്കച്ചന്‍ നൂനൂറ്റില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ ആര്‍ ജയറാം, ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, എന്‍ എന്‍ ചന്ദ്രബാബു സംസാരിച്ചു.
തരുവണ ഗവ. ഹൈസ്‌കൂളിന് മികച്ച നേട്ടം
മാനന്തവാടി: ഉപജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ തരുവണ ഹൈസ്‌കൂളിന് മികച്ച നേട്ടം. ജില്ലയുടെ ശരാശരി വിജയത്തേക്കാള്‍ മുന്നേറി 98 ശതമാനം കുട്ടികളാണ് സ്‌കൂളില്‍ നിന്നു വിജയിച്ചത്. 196 കുട്ടികളാണ് പരീക്ഷയെഴുതിയത്.
ഇതില്‍ 192 പേര്‍ ഉന്നതപഠനത്തിന് യോഗ്യരായി. ആറു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാന്‍ കഴിഞ്ഞു. 2011ല്‍ തരുവണയില്‍ ഹൈസ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങയിതിന് ശേഷം ഘട്ടമായുള്ള മുന്നേറ്റമാണ് സ്‌കൂളിന്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും ജില്ലാ ശരാശരിയേക്കാളും ഉയര്‍ന്ന വിജയശതമാനം നേടാന്‍ കഴിഞ്ഞത് സ്‌കൂളില്‍ നടപ്പാക്കിവരുന്ന വിഷന്‍-2020യുടെ വിജയമാണെന്ന് പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ തരുവണ അറിയിച്ചു.
ജില്ലയില്‍ നൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞതും തരുവണ ഹൈസ്‌കൂളിനാണ്.

മന്ത്രി ജയലക്ഷ്മി അഭിനന്ദിച്ചു
മാനന്തവാടി: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അഭിനന്ദിച്ചു. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനമെന്നു മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 97.6 ശതമാനമാണ് ഇത്തവണത്തെ വിജയം. 12 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നിലനിര്‍ത്തി. 14 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും തീവ്ര പരിശീലനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് വിജയശതമാനം ഉയര്‍ന്നത്. എംആര്‍എസുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും മന്ത്രി ജയലക്ഷ്മി അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it