|    Oct 21 Sat, 2017 5:10 am
FLASH NEWS

സമാധാന ആഹ്വാനവുമായി 25ന് കണ്ണൂരില്‍ സ്‌നേഹസംഗമം

Published : 17th October 2016 | Posted By: Abbasali tf

കണ്ണൂര്‍: രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാവിധ അക്രമങ്ങളും അവസാനിപ്പിച്ച് നാടിന്റെ ശാന്തിയിലേക്കു നയിക്കാനുള്ള ആഹ്വാനവുമായി കണ്ണൂരില്‍ വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല എന്‍എസ്എസ് വിഭാഗവും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും വ്യാപാരി വ്യവസായി സംഘടനകളും ചേര്‍ന്ന് ഈ മാസം 25നാണ് സ്‌നേഹസംഗമം എന്ന പേരിലുള്ള കൂട്ടായ്മയൊരുക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലാ എന്‍എസ്എസ് വിഭാഗവും ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫൗണ്ടേഷനും ജില്ലയിലെ കലാലയങ്ങളിലൂടെ നടത്തുന്ന മാനവ കാരുണ്യ യാത്രയുടെ തുടര്‍ച്ചയായാണ് പരിപാടി. അക്രമങ്ങളിലൂടെയുള്ള രക്തച്ചൊരിച്ചിലല്ല മാനവസമൂഹത്തിനുവേണ്ടത് സമാധാനത്തിനുവേണ്ടിയുള്ള രക്തദാനമാണ് മഹത്തരം എന്ന സന്ദേശവുമായി 1001 പേര്‍ അന്നു രക്തദാനം നടത്തും. ഉപവാസം, വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ പതിനായിരംപേര്‍ അണിനിരക്കുന്ന സമാധാനറാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും ഒരുക്കുന്നുണ്ട്. ചേംബര്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍, ചേംബര്‍ പ്രസിഡന്റ് സി വി ദീപക്, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ ടി ശശി, സെക്രട്ടറി എന്‍ പി സി രംജിത്ത് സംസാരിച്ചു. ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട്(ചെയര്‍മാന്‍), സി ജയചന്ദ്രന്‍, സി വി ദീപക്, ദേവസ്യ മേച്ചേരി (വൈസ് ചെയര്‍മാന്മാര്‍), ഫാ. ഡേവിസ് ചിറമ്മല്‍ (ജനറല്‍ കണ്‍വീനര്‍), കെ പി മുഹമ്മദ്, വി ഗോപിനാഥന്‍, എന്‍ പി സി രംജിത്ത്(കണ്‍വീനര്‍മാര്‍). വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക