Kollam Local

125 പൊതി കഞ്ചാവുമായി മോഷണക്കേസ് പ്രതിയും കൂട്ടാളിയും അറസ്റ്റില്‍

കൊല്ലം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന 125 പൊതി കഞ്ചാവുമായി യുവാവ് പിടിയില്‍. വാളത്തുംഗല്‍ തോട്ടുവക്കാവ് ഭദ്രകാളീ ഭഗവതി ക്ഷേത്രത്തിന് സമീപത്തുനിന്നും വാളത്തുംഗല്‍ തോട്ടുവക്കാവ് വടക്കതില്‍ ആകാശ് (20), ഇരവിപുരം മാടന്‍പള്ളി ഗുരുമന്ദിരം ദേശത്ത് സരയൂ നഗറില്‍ സെയ്ദലി (20) എന്നിവരെയാണ് കൊല്ലം എക്‌സൈസ് സിഐ ഐ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആകാശ് നിരവധി മോഷണ കഞ്ചാവ് കേസുകളിലെ പ്രതിയാണ്. സുഹൃത്തുക്കളുമായി തമിഴ്‌നാട്ടില്‍ പോയി കഞ്ചാവ് വാങ്ങിവന്ന് ചെറു പൊതികളാക്കി പൊതി ഒന്നിന് 300 രൂപ നിരക്കില്‍ സ്‌കൂള്‍-കോളജ് കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്നതാണ് ആകാശിന്റെ രീതി.
കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകാരെ മാറിമാറി തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കിലോകണക്കിന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്താറുണ്ടെന്നും കൂടെ കൂട്ടിന് പോകുന്ന കൂട്ടാളികള്‍ക്ക് വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവില്‍നിന്നും കുറേ കഞ്ചാവ് വലിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമായി കൊടുക്കാറുണ്ടെന്നും ഒരാളെ സ്ഥിരമായി കഞ്ചാവ് എടുക്കാന്‍ കൊണ്ടുപോകാറില്ലെന്നും ആകാശ് എക്‌സൈസിനോട് പറഞ്ഞു.
ആകാശ് ഉപയോഗിക്കുന്നതിനും വില്‍പ്പനനടത്തുന്നതിനുമായി കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരികയാണെന്നും അതിന് ആകാശിന്റെ കൂടെ പോയതിന് കൂലിയായി കഞ്ചാവ് വലിക്കാന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും 125 പൊതികളില്‍ 25 എണ്ണം നല്‍കാമെന്ന് ഏറ്റിരുന്നതായും സെയ്തലി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
റെയിഡില്‍ എക്‌സൈസ് സി ഐ ഐ നൗഷാദിനൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് പൂക്കുട്ടി, പ്രിവന്റീവ് ഓഫിസര്‍ ആര്‍ സുരേഷ്ബാബു, സിഇഒമാരായ ബിജുമോന്‍, സതീഷ്ചന്ദ്രന്‍, രഞ്ജിത്, ദിലീപ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it