12,000 വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 12,000 വീടുകളില്‍ ഒരു കിലോവാട്ട് വീതം ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ സ്ഥാപിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെഎസ്ഇബിയുടെ ഗ്രിഡുമായി ഇതിനെ യോജിപ്പിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കാസര്‍കോട് ചീമേനിയില്‍ ആറുമാസത്തിനകം 100 മെഗാവാട്ട് ശേഷിയുള്ള സോളാര്‍പ്ലാന്റ് സ്ഥാപിക്കും.
1500 സ്‌കൂളുകളില്‍ ഊര്‍ജ സംരക്ഷണപദ്ധതി നടപ്പാക്കും. വ്യവസായശാലകളില്‍ എനര്‍ജി ഓഡിറ്റിങ് കര്‍ശനമാക്കും. ഈ വര്‍ഷം 4,59,020 പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കും. ഇതിനായി 65.83 കോടി വകയിരുത്തിയിട്ടുണ്ട്. പ്രസരണനഷ്ടം കുറയ്ക്കാന്‍ ഭൂഗര്‍ഭ കേബിളുകളിലൂടെ വൈദ്യുതിയെത്തിക്കുന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ക്കു കുറഞ്ഞ വിലയ്ക്ക് എല്‍ഇഡി ലഭ്യമാക്കും. അപകടത്തില്‍ മരണപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കെഎസ്ഇബി അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 1,10,39,687 യൂനിറ്റ് വൈദ്യുതിമോഷണം കണ്ടെത്തി. ഇതുപ്രകാരം 15,87,52,778 രൂപ പിഴയീടാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കുള്ള വോട്ടവകാശം സൗകര്യപ്രദമായ രീതിയില്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെടുമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിനുള്ളത്. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കാന്‍ കഴിഞ്ഞില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ടവകാശം നല്‍കണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെടുന്ന കേസും സുപ്രിംകോടതിയുടെ മുമ്പിലുണ്ട്. ഈ കേസില്‍ സുപ്രിംകോടതിയുടെ അഭ്യര്‍ഥനപ്രകാരം അതിനുള്ള സാധ്യത പരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it