|    Dec 11 Sun, 2016 7:42 am

1200 കോടി കറന്‍സി നല്‍കിയില്ലെങ്കില്‍ ട്രഷറി താളം തെറ്റും: തോമസ് ഐസക്

Published : 30th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ട്രഷറിയിലേക്ക് കറന്‍സിയായി 1200 കോടി രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. തുക ഉടന്‍ ലഭ്യമായില്ലെങ്കല്‍ സംസ്ഥാനത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയില്ലെന്നും ട്രഷറി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയതായി ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളം നല്‍കുന്നതിന് തടസ്സമുണ്ടാവില്ല. എന്നാല്‍, അടുത്ത മാസം ഇത് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നോട്ടുകള്‍ അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദിവസേന പുതിയ ഉത്തരവുകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ് ഇത് കേന്ദ്ര സര്‍ക്കാരിന്റെ വീക്ഷണമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൈമാറുന്നത് 29 മുതലാണ്. ഇത് നല്‍കാനുള്ള തുക കറന്‍സിയായി കേന്ദ്രസര്‍ക്കാര്‍ ട്രഷറിയിലേക്ക് നല്‍കണമെന്നും ഡോ. ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. ശമ്പളവും പെന്‍ഷനും മുഴുവനായും പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 29 മുതല്‍ പണമായി നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും പിന്‍വലിക്കാമെന്നാണ്. എന്നാല്‍, ഇതില്‍ എന്തെങ്കിലും ഭേദഗതിയുണ്ടാവുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്കായി സഹകരണബാങ്കുകളിലെ ചെക്കുകളുപയോഗിക്കാനനുവദിക്കുന്ന പദ്ധതി ആലോചനയിലുണ്ട്. സ്വകാര്യസ്ഥാപനങ്ങളുമായി ധാരണയിലെത്തുകയാണെങ്കില്‍ അവര്‍ക്കും ഇത്തരം ചെക്കുകള്‍ ഉപയോഗിക്കാം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്ന നിലപാടാണ് റിസര്‍വ് ബാങ്കിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുമ്പു കിട്ടാനുള്ള നികുതി പിരിച്ചെടുക്കാനാണ് സംസ്ഥാനം ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്ന് വാണിജ്യനികുതി സമാഹരണം ഊര്‍ജിതമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ  മിഷന്‍ എറണാകുളം 2016-17ന്റെ ആദ്യപടിയായി എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ സംഘടിപ്പിച്ച വാണിജ്യനികുതി ഓഫിസര്‍മാരുടെ അവലോകനയോഗത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കട പരിശോധനയടക്കമുള്ള നടപടികളെക്കാള്‍, നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യാപാരികളുടെ വിവരശേഖരണത്തിനും ഇവര്‍ക്കെതിരേയുള്ള നടപടികള്‍ക്കുമായിരിക്കും മുന്‍ഗണനയെന്ന് മന്ത്രി വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക