wayanad local

1,200 യൂനിറ്റ് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കി

മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തില്‍ ഓണ്‍ഗ്രിഡ് വഴിയൊരു സോളാര്‍ വിജയഗാഥ. ഗ്രാമപ്പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കെഎല്‍എസ്ജിഡിപി പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 10 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതു വഴി 1,200 യൂനിറ്റ് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കി. ഓണ്‍ഗ്രിഡ് മാതൃകയിലുള്ള ഈ സോളാര്‍ പ്ലാന്റ് പഞ്ചായത്ത് ഓഫിസിന്റെ മേല്‍ക്കൂരയിലാണ് സ്ഥാപിച്ചിട്ടുള്ളത്.
പ്രതിദിനം ഏകദേശം നാലു മുതല്‍ ആറു കിലോവാട്ട് വൈദ്യുതി പഞ്ചായത്ത് ഓഫിസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്ന രീതിയിലാണ് പദ്ധതി പ്രവര്‍ത്തനം. പദ്ധതിക്ക് വേണ്ടി അടങ്കലായി പഞ്ചായത്ത് വകയിരുത്തിയത് 10 ലക്ഷം രൂപയായിരുന്നു. എന്നാല്‍, മല്‍സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചതു പ്രകാരം 6,80,000 രൂപയ്ക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞു. സോളാര്‍ പാനലുകള്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. 10 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ഇന്‍വെര്‍ട്ടറും നെറ്റ് മീറ്റര്‍ സിസ്റ്റവും സോളാര്‍ റീഡിങ് മീറ്ററും പ്ലാന്റിന്റെ ഭാഗമാണ്. സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷമാണ് വാറന്റി. മറ്റ് സംവിധാനങ്ങള്‍ക്ക് അഞ്ചുവര്‍ഷം വാറന്റിയുണ്ട്.
രണ്ടുമാസം കൂടുമ്പോള്‍ ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വൈദ്യുതി ചാര്‍ജാണ് പഞ്ചായത്ത് കെഎസ്ഇബിക്ക് നല്‍കിക്കൊണ്ടിരുന്നത്.
പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഈയിനത്തില്‍ 23,000 രൂപയിലധികം ലാഭിക്കാന്‍ കഴിഞ്ഞു. ഇതു തനതു ഫണ്ടിലേക്ക് വകയിരുത്തി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കും. സ്ട്രീറ്റ് ലൈറ്റുകള്‍, പഞ്ചായത്ത് ഓഫിസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍, സാങ്കേതിക വിഭാഗം ഓഫിസ്, വിഇഒ, ഐസിഡിഎസ്, കുടുംബശ്രീ, എംജിഎന്‍ആര്‍ഇജിഎ, ജാഗ്രതാസമിതി ഓഫിസുകളിലെ വൈദ്യുതി സംബന്ധമായ കാര്യങ്ങളും ഇതോടെ പരിഹരിക്കപ്പെട്ടു. ഓണ്‍ഗ്രിഡ് മാതൃകയിലുള്ള പദ്ധതിയായതിനാല്‍ തന്നെ കെഎസ്ഇബി ലൈനില്‍ വൈദ്യുതിയുണ്ടെങ്കില്‍ മാത്രമേ ഇതിലെ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഫെബ്രുവരിയില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയാണ് സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
പദ്ധതിക്ക് വകയിരുത്തിയ തുക വച്ചു നോക്കുമ്പോള്‍ വളരെ വലിയ ലാഭമുണ്ടാക്കാനും പഞ്ചായത്തിന്റെ വൈദ്യുതി ചെലവുകള്‍ ലഘൂകരിക്കാനും സാധിക്കുന്നതായി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it