|    Jan 20 Sat, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

12 കിലോ കഞ്ചാവുമായി പ്ലാസ്റ്റിക് എന്‍ജിനീയര്‍ പിടിയില്‍

Published : 1st October 2017 | Posted By: fsq

 

തൃപ്പൂണിത്തുറ: വില്‍പനയ്ക്കായി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി പ്ലാസ്റ്റിക് എന്‍ജിനീയര്‍ പോലിസ് പിടിയിലായി. കോഴിക്കോട് ചാപ്പന്‍ തോട്ടത്തില്‍ കാക്കനാട്ടു പറമ്പില്‍ ഷോബി(25)നെയാണ് തൃപ്പൂണിത്തുറ പോലിസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ തന്നെ 2016 ജനുവരിയില്‍ പിടിയിലായ ഇയാള്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും കഞ്ചാവു വില്‍പന തുടരുകയായിരുന്നു. പ്ലാസ്റ്റിക് എന്‍ജിനീയറിങില്‍ ബിടെക് ബിരുദം നേടിയ പ്രതി  ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്ലാസ്റ്റിക് എന്‍ജിനീയറായി ജോലി നോക്കി വരുകയാണ്. ഇതിനിടെ തന്നെ ഒറീസയില്‍ നിന്നു കഞ്ചാവു മൊത്തമായി വാങ്ങി ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തിക്കുകയും, ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ചു വില്‍പന നടത്തുകയുമായിരുന്നു രീതി. പ്രതിയെ കുറിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ മിനി ബൈപാസിലുള്ള ടോള്‍ ബൂത്തിനടുത്ത് നിന്നും അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഒരു മാസമായി പോലിസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാള്‍ പോലിസ് പിടിയിലായതറിയാതെ കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത പലരും പ്രതിയുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് സിഐ പി എസ് ഷിജു പറഞ്ഞു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹപരിശോധനയും അറസ്റ്റും നടത്തിയത്. അന്വേഷണ സംഘത്തില്‍  ഹില്‍ പാലസ് എസ്‌ഐ എസ് സനല്‍, ജൂനിയര്‍ എസ്‌ഐ അനസ്, അഡീഷനല്‍ എസ്‌ഐ എന്നിവരും, റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ സുരേഷ്, മധുസൂദനന്‍, ജോസി, എസ്‌സിപിഒമാരായ ബിനു, റെജി, ടി പി ജോസ്, സിപിഒമാരായ ഡിനില്‍, പ്രവീണ്‍, എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നു തൃക്കാക്കര അസി. കമ്മീഷണര്‍ പി പി ഷംസു അറിയിച്ചു. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സിറ്റി പോലിസ് മേധാവി എം പി ദിനേശ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day