|    Apr 21 Sat, 2018 3:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

12 കമ്പനി ഇന്നലെ കശ്മീരിലെത്തി; കശ്മീരിലേക്ക് 3600 അര്‍ധസൈനികര്‍ കൂടി

Published : 17th April 2016 | Posted By: SMR

kashmir_funerall-3

ന്യൂഡല്‍ഹി/ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ 3600 അര്‍ധ സൈനികരെ കൂടി അങ്ങോട്ടയച്ചു. ഇനി ജീവാപായമുണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ ഉന്നതതല യോഗമാണു തീരുമാനിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ യോഗം വിശദമായി ചര്‍ച്ചചെയ്തു.
സുരക്ഷാ സേനയുടെ നടപടിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വാര കലുഷിതമാണ്. കര്‍ഫ്യൂവിനു സമാനമായ നിയന്ത്രണം ഇന്നലെ നാലാം ദിവസവും തുടര്‍ന്നു. ജമ്മുകശ്മീരില്‍ മനുഷ്യജീവന്‍ നഷ്ടമാവുന്നതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ കശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച വികസന പാക്കേജും ഉന്നതതല യോഗം വിലയിരുത്തി. പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്ന് വക്താവ് പറഞ്ഞു. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധിക ചുമതലയുള്ള ധനകാര്യ സെക്രട്ടറി രത്തന്‍ പി വത്തല്‍ അധ്യക്ഷത വഹിച്ചു. രഹസ്യാന്വേഷണ ബ്യൂറോ, പ്രതിരോധ മന്ത്രാലയം, കേന്ദ്ര സായുധ പോലിസ് സേനകള്‍, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
അര്‍ധസേനയുടെ 12 കമ്പനികള്‍ ഇന്നലെ കശ്മീരിലെത്തി. 24 കമ്പനികള്‍ കൂടി ഇന്നെത്തും. 100 അംഗങ്ങളടങ്ങിയതാണ് ഒരു കമ്പനി. ആഭ്യന്തര മന്ത്രാലയം അടിക്കടി ജമ്മുകശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. ചൊവ്വാഴ്ച ഹന്ദ്വാര പട്ടണത്തില്‍ പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം തുടങ്ങിയത്. തുടര്‍ന്നുണ്ടായ വെടിവയ്പുകളില്‍ അഞ്ചുപേര്‍ മരിച്ചതോടെ സമരം ശക്തിപ്പെട്ടു.
അതേസമയം, പ്രക്ഷോഭം കണക്കിലെടുത്ത് കശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഉത്തരകശ്മീരിലെ കുപ്‌വാര, ഹന്ദ്വാര പട്ടണങ്ങളിലടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച പോലിസ് വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ശനിയാഴ്ച കശ്മീര്‍ താഴ്‌വരയിലെ ജനജീവിതം സ്തംഭിപ്പിച്ചു. ഇന്നലെ നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കശ്മീര്‍ സര്‍വകലാശാല മാറ്റിവച്ചു. പരീക്ഷയുടെ പുതിയ തിയ്യതി പിന്നീടു പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
ഇതിനിടെ, സുരക്ഷാസേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സന്ദര്‍ശിച്ചു. നീതി ലഭ്യമാക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. കുപ്‌വാര ജില്ലയില്‍ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പോലിസ് വെടിവയ്പില്‍ രണ്ടു യുവാക്കള്‍ക്കു പരിക്കേറ്റിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss