wayanad local

12 ബൂത്തുകളില്‍ പോളിങ് നടന്നത് കനത്ത സുരക്ഷാവലയത്തില്‍

മാനന്തവാടി: ജില്ലയില്‍ മാവോവാദി ഭീഷണിയുള്ള പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നതു കനത്ത സുരക്ഷയില്‍. ശനിയാഴ്ച രാത്രി സായുധസംഘം തവിഞ്ഞാല്‍ കമ്പമലയില്‍ വോട്ട് ബഹിഷ്‌കരണാഹ്വാനം നല്‍കിയതോടെയാണ് നേരത്തെ തീരുമാനിച്ചതിലും കൂടുതല്‍ സുരക്ഷ ബൂത്തുകള്‍ക്കൊരുക്കിയത്.
ജില്ലയില്‍ 12 പോളിങ് ബൂത്തുകള്‍ക്കാണ് മാവോവാദി ഭീഷണിയുടെ പേരില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നത്. തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ പോലിസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലായിരുന്നു ഇതില്‍ ഭൂരിഭാഗം ബൂത്തുകളും. സാധാരണ പോളിങ് ബൂത്തുകള്‍ക്ക് നല്‍കുന്ന സുരക്ഷയ്ക്ക് പുറമെ സായുധരായ എട്ടു സിആര്‍പിഎഫ് ജവാന്മാരെ ഓരോ ബൂത്തുകളിലും നിയോഗിക്കാനായിരുന്നു നേരത്തെയുണ്ടായ തീരുമാനം. കഴിഞ്ഞ ദിവസം കമ്പമലയില്‍ മാവോവാദി സംഘമെത്തിയതോടെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു.
കുഞ്ഞോം, കൈതക്കൊല്ലി, തിരുനെല്ലി ബൂത്തുകളില്‍ ഓരോ ബെറ്റാലിയന്‍ സിആര്‍പിഎഫ് ജവാന്മാരെയും കൂടി നിയോഗിച്ചു. ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും ട്രക്കിങ് ടീമും സുരക്ഷയൊരുക്കി. കര്‍ശന നിരീക്ഷണത്തിലായിരുന്നു പോളിങ്. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കിയിരുന്നു. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡുകളും ബൂത്തുകളില്‍ ഇടവേളകളില്‍ പരിശോധന നടത്തി.
ഡിവൈഎസ്പി അസൈനാരുടെ നേതൃത്വത്തില്‍ വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയിലും എസ്എംഎസ് ഡിവൈഎസ്പി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ തവിഞ്ഞാല്‍, തിരുനെല്ലി പോലിസ് സ്‌റ്റേഷന്‍ പരിധികളിലും പഴുതടച്ചുള്ള സുരക്ഷയൊരുക്കി. അനിഷ്ട സംഭവങ്ങളില്ലാതെ ഈ ബൂത്തുകളിലെല്ലാം പോളിങ് സുഗമമായി നടന്നു.
Next Story

RELATED STORIES

Share it