12 എയ്ഡഡ് കോളജുകള്‍ക്ക് അനുമതി; ഉത്തരവ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ്

തിരുവനന്തപുരം: ഭൂമിദാനത്തിനു പിന്നാലെ  വോട്ട് ലക്ഷ്യമിട്ട് ഇഷ്ടംപോലെ എയ്ഡഡ് കോളജുകള്‍ക്ക് അനുമതി നല്‍കിയതും വിവാദത്തില്‍. വിവിധ സമുദായ വിഭാഗങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും 12 പുതിയ കോളജുകളാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഒന്നിനാണ് പുതിയ എയ്ഡഡ് കോളജുകള്‍ക്ക് അനുമതി നല്‍കി ഉത്തരവിറങ്ങിയത്. പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശവും നല്‍കി. കൃത്യമായ പഠനമോ പരിശോധനയോ  നടത്താതെയാണ് അനുമതി നല്‍കിയതെന്നാണ് ആക്ഷേപം. സാമുദായിക താല്‍പര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് പട്ടിക നോക്കിയാല്‍ വ്യക്തമാവും. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളില്‍ പലതിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. ഇതൊക്കെ നിലനില്‍ക്കെയാണ് ജാതിയും ഉപജാതിയും നോക്കി പുതിയ കോളജുകള്‍ക്ക് തിരക്കിട്ട് അനുമതി നല്‍കിയത്. എന്നാല്‍, അര്‍ഹരായ സമുദായങ്ങള്‍ക്ക് പുതിയ കോളജ് അനുവദിക്കുകയെന്നത് യുഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കഴക്കൂട്ടം ദേവസ്വം ബോര്‍ഡ് കോളജ്, അമ്പലപ്പുഴ പുറക്കാട് ശ്രീ വേദവ്യാസ, കൊല്ലം പട്ടാഴി വിരാട് വിശ്വകര്‍മ, കൊട്ടാരക്കര വെളിയം കെവിവിഎസ് കോളജ്,  മുണ്ടക്കയം മുരിക്കുംവയല്‍ ശ്രീ ശബരീനാഥ്, കോട്ടയം കല്ലറ വീരശൈവ ഇന്‍സ്റ്റിറ്റിയൂട്ട്, പാറശ്ശാല ബൈബിള്‍ ഫെയ്ത് മിഷന്‍, സത്യസായി ട്രസ്റ്റ് കോളജ്, സായിഗ്രാം, വാഴൂര്‍ അംബേദ്കര്‍ കോളജ്, തൃശൂര്‍ തലപ്പള്ളി എഴുത്തച്ഛന്‍ സമാജം, കിളിമാനൂര്‍ ശ്രീ ശങ്കര കോളജ്, കോന്നി വി എന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്നിവയാണ് അനുമതി നല്‍കിയ കോളജുകള്‍.
Next Story

RELATED STORIES

Share it