12 വയസ്സുകാരിയുടെ 'ആത്മഹത്യ': പോലിസിനെതിരേ രക്ഷിതാക്കള്‍; ദുരൂഹതകളുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാഴാഴ്ച 12 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഡല്‍ഹി പോലിസിനെതിരേ രക്ഷിതാക്കള്‍. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലിസ് പറയുമ്പോള്‍ തങ്ങളുടെ മകള്‍ മാനഭംഗപ്പെട്ട ശേഷം കൊല്ലപ്പെടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തിലെ പോലിസിന്റെ നടപടികളില്‍ കുട്ടിയുടെ അച്ഛനും അമ്മയും ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ശവസംസ്‌കാരച്ചടങ്ങുകള്‍ വേഗത്തിലാക്കാന്‍ പോലിസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞപ്പോള്‍, തന്നെ മകളുടെ മൃതദേഹത്തിനു സമീപത്തേക്ക് പോവാന്‍ പോലും പോലിസ് സമ്മതിച്ചില്ലെന്നാണ് മാതാവിന്റെ ആരോപണം.
ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കുടുംബം തയ്യാറാവുന്നില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സഫ്ദര്‍ജങ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കാന്‍ പോലിസ് ധൃതികാട്ടുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.പോലിസ് മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നതിന് പകരം സംസ്‌കരിക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നും ഇതറിഞ്ഞ് അവിടെ ചെന്ന തന്നെ പോലിസ് തടഞ്ഞെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ താന്‍ തൃപ്തയല്ലെന്നും അവര്‍ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്‌തെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ ചില ദുരൂഹതകളുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംസ്‌കാരം നടക്കുന്നതിന്റെ രണ്ടര മണിക്കൂര്‍ മുമ്പ് തന്നെ പോലിസ് അവിടെയെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം തീരുന്നതിനു മുമ്പാണ് പോലിസ് ഇങ്ങനെ ചെയ്തതെന്നും കമ്മീഷന്‍ പറഞ്ഞു. സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ വിവരമറിയിക്കുക എന്ന നിയമ കീഴ്‌വഴക്കവും ലംഘിക്കപ്പെട്ടു. കേസില്‍ തെളിവുനശിപ്പിക്കപ്പെടാനുള്ള സാധ്യത കാണുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.
എന്നാല്‍, പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചാണ് പെരുമാറിയതെന്നും സംഭവം ആത്മഹത്യയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു. കുട്ടിയെ ട്യൂഷന് പോവാത്തതു കാരണം പിതാവ് ശകാരിക്കുകയും ചിലപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നും പിതാവ് ഇത് തുടരുകയാണെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കുട്ടി സഹോദരിയോട് പറഞ്ഞിരുന്നതായും സുരേന്ദര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it