12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; സര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് ഡല്‍ഹി ഹൈക്കോടതി. നിയമനിര്‍മാണത്തിനു മുന്നോടിയായി ഇതുസംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു.
വധശിക്ഷ ബലാല്‍സംഗങ്ങളെ തടയുന്നതിനുള്ള മാര്‍ഗമാണെന്നതിന് എന്തെങ്കിലും ശാസ്ത്രീയ തെളിവുകളുണ്ടോ? ബലാല്‍സംഗത്തിനിരയായവര്‍ക്ക് ഇത് എന്ത് അനന്തരഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കൊലപാതകത്തിനും ബലാല്‍സംഗത്തിനും ഒരേ ശിക്ഷയാണെന്നറിഞ്ഞാല്‍ ഏത് അക്രമിയാണ് ആക്രമണത്തിനിരയാവുന്നവരെ കൊല്ലാതെ വിടുകയെന്നും ഡല്‍ഹി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു.
ബലാല്‍സംഗക്കേസ് പ്രതികളുടെ കുറഞ്ഞ തടവുശിക്ഷാ കാലാവധി ഏഴു വര്‍ഷമാക്കിക്കൊണ്ടുള്ള 2013ലെ ക്രിമിനല്‍ നിയമഭേദഗതിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കഠ്‌വ, ഉന്നാവോ സംഭവങ്ങള്‍ക്കു ശേഷം രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയത്. ഇതിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. ബലാല്‍സംഗങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ എന്തെന്നുപോലും സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നു ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുന്നില്ല. പല ബാലപീഡന കേസുകളിലും കുറ്റകൃത്യം നടത്തിയവര്‍ 18 വയസ്സിനു താഴെയുള്ളവരാണ്.
ഭൂരിപക്ഷം ശിശുപീഡനങ്ങൡലും പ്രതികള്‍ കുട്ടികളുടെ പരിചയക്കാരോ കുടുംബാംഗങ്ങളോ ആണ്. നിയമനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പീഡന ഇരകള്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന് അന്വേഷിച്ചിരുന്നോ എന്നും കോടതി ചോദിച്ചു. ബാലപീഡനത്തിനു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ സാമൂഹിക പ്രവര്‍ത്തകരും പീഡനത്തിനിരയായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളില്‍ ചിലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ആക്രമിക്കപ്പെടുന്ന കുട്ടികളെ അക്രമികള്‍ കൊലപ്പെടുത്താനുള്ള സാധ്യത വര്‍ധിക്കാന്‍ നിയമഭേദഗതി കാരണമാവുമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കുട്ടികളെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തെ നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it