12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എംപിമാരും എംഎല്‍എമാരും അടങ്ങുന്ന ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാനായി 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രത്യേക കോടതികള്‍ സ്ഥാപിക്കാനായി 7.8 കോടി രൂപ നീക്കിവച്ചതായും കേന്ദ്രനിയമമന്ത്രാലയം സുപ്രിംകോടതിയെ അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ജീവിതകാലം മുഴുവനായും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിലവില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറുവര്‍ഷം വരെയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു വിലക്കുള്ളത്. ഇത് ഭേദഗതിചെയ്ത് അജീവാനന്ത വിലക്ക് വേണമെന്നാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍, പ്രത്യേക കോടതികളില്‍ പരിഗണനയ്ക്ക് വരുന്ന ഇത്തരം കേസുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്രത്യേക വിചാരണാ കോടതികള്‍ സ്ഥാപിക്കുമ്പോള്‍ അതതു സംസ്ഥാനങ്ങളിലെ അടിസ്ഥാനവികസന, സ്ഥല, സാമ്പത്തിക സൗകര്യങ്ങള്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.   കോടതികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ധനകാര്യമന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചു. എത്ര രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളതെന്ന കോടതിയുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച വിവരശേഖരണത്തിന് സര്‍ക്കാരിനു പ്രത്യേക ഏജന്‍സികള്‍ ഇല്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. ഇക്കാര്യം അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചെങ്കിലും അവരും വ്യക്തമായ കണക്ക് നല്‍കിയിട്ടില്ല. എന്നാല്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനയില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് 1581 പേര്‍ക്കെതിരെയാണ് കേസുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു. മരണം, രാജി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കേസ് 1571 ആയി കുറഞ്ഞുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതോടെ 2014നു ശേഷം എത്രപേര്‍ക്കെതിരേ കേസെടുത്തു, നിലവില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകളുടെ തല്‍സ്ഥിതി, എത്രപേരെ ശിക്ഷിച്ചു, വൈറുതെവിട്ടു എന്നതടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.  ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും ലഭ്യമായ കണക്കും കേന്ദ്രനിയമമന്ത്രാലയം ഇന്നലെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 164 ജനപ്രതിനിധികളുള്ള മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ മുന്നില്‍. തൊട്ടുപിന്നില്‍ യുപി (143), ബിഹാര്‍ (141), പശ്ചിമബംഗാള്‍ (107) എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ 87 ജനപ്രതിനിധികള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. തമിഴ്‌നാട്ടില്‍ 75ഉം കര്‍ണാടകയില്‍ 73ഉം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്.
Next Story

RELATED STORIES

Share it