|    Jan 20 Fri, 2017 11:34 am
FLASH NEWS

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഭിന്നത. ഈ കേസില്‍ ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ കൊടുത്താലും അധികമാവില്ലെന്ന അഭിപ്രായമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളതെന്നും ഇതിനുവേണ്ടിയാണ് സുപ്രിംകോടതിയെ സമീപിക്കുന്നതെന്നും നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. വധശിക്ഷക്കെതിരായ സിപിഎം നിലപാടുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. പരമാവധി ശിക്ഷ എന്താണ് കൊടുക്കാന്‍ പറ്റുക അതുകൊടുക്കണമെന്നുള്ളതാണ് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കേരള സര്‍ക്കാരിന്റെയും അഭിപ്രായമെന്നും മന്ത്രി എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.  അതേസമയം, വധശിക്ഷക്കെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി.
ലോകത്ത് 85ല്‍ അധികം രാജ്യങ്ങള്‍ വധശിക്ഷ പാടില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലും സിപിഎം സ്വതന്ത്രമായി അതിന്റെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും എടുത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തിലും വധശിക്ഷയ്‌ക്കെതിരേ നിലപാടെടുത്തിട്ടുണ്ടെന്നും ബേബി പറഞ്ഞു. ആധുനിക സമൂഹത്തില്‍ സംസ്‌കാര രഹിതമായ ഒരു ശിക്ഷയാണ് വധശിക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ വേണ്ടെന്ന അഭിപ്രായം തന്നെയാണ് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനും പ്രതികരിച്ചത്.
എന്നാല്‍, ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ ഏത് നല്ല നിയമോപദേശവും തേടുമെന്ന് മന്ത്രി ബാലനും വ്യക്തമാക്കി.  സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി നല്‍കുന്നത് വധശിക്ഷയ്ക്കുവേണ്ടിയല്ലെന്നും കൊലക്കുറ്റം തെളിയിക്കാനാണെന്നുമാണ് എം എ ബേബി പറഞ്ഞത്. കൊലക്കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ മരണം വരെ തടവിലിടണമെന്നും വധശിക്ഷ നിയമ പുസ്തകത്തില്‍നിന്ന് എടുത്തുകളയണമെന്നും ബേബി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക