|    Mar 17 Sat, 2018 4:27 pm
FLASH NEWS
Home   >  Onam 2016   >  

Published : 6th September 2016 | Posted By: G.A.G

chendumalli 3

കെ.എന്‍. നവാസ് അലി

ഓറഞ്ചു നിറത്തിലുള്ള ചേല ചുറ്റിയ തമിഴ് പെണ്‍കൊടിയെ പോലെയാണ് ചെന്‍മല്ലിപുരത്തെ ചെണ്ടുമല്ലിപ്പാടങ്ങള്‍. പുലര്‍ക്കാലത്ത് മഞ്ഞുപെയ്യുമ്പോള്‍ നാണത്താല്‍ തലകുനിച്ചും ഇളംകാറ്റില്‍ പാറിപ്പോവാതെ ഓറഞ്ചുചേലയൊതുക്കിയും പൊന്‍വെയിലില്‍ വിടര്‍ന്ന് ചിരിച്ചും സന്ധ്യ മയങ്ങുമ്പോള്‍ അടുത്ത പുലരിയെ കിനാവു കണ്ടുമുറങ്ങുന്ന ചെണ്ടുമല്ലിപ്പൂക്കള്‍. പൂത്തുവിടര്‍ന്ന ചെണ്ടുമല്ലിപ്പാടങ്ങള്‍ ചെന്‍മല്ലിപുരത്തിന് മറ്റൊരു പേരു കൂടി  സമ്മാനിച്ചു, ചെണ്ടുമല്ലിപ്പുരം.

ചോളവും  അമരയും നിലക്കടലയും കൃഷി ചെയ്യുന്ന വയലുകള്‍ ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ചെണ്ടുമല്ലിയുടെ ഓറഞ്ച് ചേലയണിയുക. അപ്പോള്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിനടുത്തുള്ള ചെന്‍മല്ലിപുരത്തും സമീപ ഗ്രാമങ്ങളായ ബേരമ്പാടി, മദ്ദൂര്‍, ഹൊങ്കള്ളി, കക്കല എന്നിവിടങ്ങളിലും മല്ലികപ്പാടങ്ങള്‍ പൂത്തുലയും. ഓറഞ്ചു നിറം പരന്നൊഴുകുന്ന പുഴ പോലെയാവും അക്കാലത്ത് വയലുകള്‍.

ചെണ്ടുമല്ലി പൂക്കുമ്പോള്‍ ചെന്‍മല്ലിപുരത്ത് ഗോവിന്ദചെട്ടിയുണ്ടാവും. പപ്പടവുമായി ചെന്‍മല്ലിപുരത്തെ വീടുകളിലെത്തുന്ന തമിഴ് വൃദ്ധനാണ് ഗോവിന്ദചെട്ടി. പപ്പടവില്‍പ്പന കഴിഞ്ഞാല്‍ ചെണ്ടുമല്ലി പൂത്ത വയലിലൂടെ കണ്ണദാസന്റെ തമിഴ് കവിതകള്‍ മൂളി ഗോവിന്ദചെട്ടി നടക്കാനിറങ്ങും. പൂത്തുവിടര്‍ന്ന ചെണ്ടുമല്ലികള്‍ക്കരികിലൂടെ പാട്ടുപാടിപ്പോവുന്ന ഗോവിന്ദചെട്ടിയും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മല്ലികപ്പാടങ്ങളും ചെന്‍മല്ലിപുരത്തെ മല്ലികക്കാല കാഴ്ചയാണ്.

CHETTIകണ്ണുകളില്‍ വര്‍ണവും മനസ്സില്‍ സ്വപ്‌നങ്ങളും വിരിയിക്കുന്നവരാണ് ചെന്‍മല്ലിപുരത്തെ കര്‍ഷകര്‍. ഗൗണ്ടര്‍മാരും ദലിതുകളുമായ കൃഷിക്കാരാണ് ഏറെയും. മിക്കവരും മൂന്ന് ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍. കൃഷിഭൂമിയില്ലാത്തതിനാല്‍ വീടിനോടു ചേര്‍ന്ന് അല്‍പ്പം സ്ഥലത്തുപോലും ചെണ്ടുമല്ലി കൃഷിചെയ്യുന്നവരുമുണ്ട്. മുതിരയും റാഗിയും കരിമ്പും വിളയിച്ചിരുന്ന ചെന്‍മല്ലിപുരത്തെ കര്‍ഷകര്‍ 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചെണ്ടുമല്ലി കൃഷിയിലേക്കു തിരിഞ്ഞത്.

ടോപ്പി രാജപ്പ ഗൗണ്ടറാണ് ചെന്‍മല്ലിപുരത്ത് ആദ്യമായി ചെണ്ടുമല്ലിയുടെ വിത്തെറിഞ്ഞത്. എ.വി.ടി. പോലെയുള്ള വന്‍കിട  കമ്പനികള്‍ ചെണ്ടുമല്ലിയുടെ വ്യാവസായികസാധ്യത തിരിച്ചറിഞ്ഞതോടെ കര്‍ഷകരെ ചെണ്ടുമല്ലികൃഷിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഗ്രാമങ്ങള്‍ തോറും ഏജന്റുമാരെയും നിയമിച്ചു. കിലോയ്ക്ക് 500 രൂപ നിരക്കില്‍ കമ്പനി വിത്ത് നല്‍കി. പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത ബി.ഒ.ടി. വിത്തുകളായിരുന്നു ഇത്.

മല്ലികപ്പൂക്കള്‍ കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണ് വാങ്ങിയിരുന്നത്. എന്നിട്ടു പോലും ചെണ്ടുമല്ലി കൃഷിയില്‍ കര്‍ഷകര്‍ സംതൃപ്തരായിരുന്നു. മാര്‍ച്ചില്‍ വിത്തിറക്കിയാല്‍ മൂന്നു മാസത്തിനു ശേഷം വിളവെടുക്കാമെന്നതും പൂക്കള്‍ വാങ്ങാന്‍ കമ്പനി പ്രതിനിധികള്‍ നിത്യവും എത്തുമെന്നതും കൂടുതല്‍ കര്‍ഷകരെ ചെണ്ടുമല്ലി കൃഷിയിലേക്ക് ആകര്‍ഷിച്ചു. ക്രമേണ സമീപഗ്രാമങ്ങളിലേക്കും ചെണ്ടുമല്ലികൃഷി വ്യാപിച്ചു. 250തോളം കര്‍ഷകരാണ് ഈ പ്രദേശങ്ങളില്‍ ചെണ്ടുമല്ലികൃഷി ചെയ്യുന്നത്. എ.വി.ടിക്കു പുറമെ ടാങ്കര്‍, സിന്തറ്റിക് എന്നീ കമ്പനികളും ചെണ്ടുമല്ലിപൂക്കള്‍ വാങ്ങാനെത്തുന്നുണ്ട്.

മരുന്നു മുതല്‍ കാലിത്തീറ്റ വരെ

മലയാളിക്ക് അത്തപ്പൂക്കളമൊരുക്കാനും മുടിയില്‍ ചൂടാനും മാത്രമല്ല ചെന്‍മല്ലിപുരത്തെ മല്ലികപ്പൂക്കള്‍ ഉപയോഗിക്കുന്നത്.  ഇവിടെ വിരിയുന്ന ചെണ്ടുമല്ലിപ്പൂക്കളില്‍ വളരെ കുറച്ചു മാത്രമാണ് വിവാഹങ്ങള്‍ക്കും, ആഘോഷാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കൂടുതലും എത്തുന്നത് വന്‍കിട വ്യവസായശാലകളിലേക്കാണ്. മരുന്ന്, സൗന്ദര്യ വര്‍ധകവസ്തുക്കള്‍, എസന്‍സ്, പെയിന്റ് തുടങ്ങി കാലിത്തീറ്റയായിവരെ വളരുന്നു ചെണ്ടുമല്ലിയുടെ വ്യവസായസാധ്യതകള്‍. ചെണ്ടുമല്ലിപ്പാടങ്ങളില്‍ വിരിയുന്ന പൂക്കളുടെ ചെറിയ ഒരംശം മാത്രമാണ് കേരളത്തിലെ പൂക്കടകളിലേക്കെത്തുന്നത്.

CHENDUMALLI-NEWപരുത്തിയെയും റബറിനെയും പോലെ തികച്ചും വ്യാവസായിക വിളയാണ് ചെണ്ടുമല്ലി.മാര്‍ച്ചു മാസത്തിലാണ് ചെണ്ടുമല്ലിയുടെ കൃഷി തുടങ്ങുക. ട്രാക്ടറുപയോഗിച്ച് ഉഴുത് പാകപ്പെടുത്തുന്ന വയലില്‍ വിത്തിടുന്നതിനു മുമ്പു തന്നെ കീടനാശിനി തളിക്കും. പിന്നീടാണ് വിത്തെറിയുക. പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത അന്തക (ബി.ടി) വിത്തുകളാണ് കൃഷിക്കുപയോഗിക്കുന്നത്. ഒരേക്കറില്‍ കൃഷിചെയ്യാന്‍ 20,000ത്തോളം രൂപ ചെലവു വരുമെന്ന് കര്‍ഷകനായ ഗോപാല്‍പുരം മാധവ പറഞ്ഞു. ജൂലൈ മാസത്തില്‍ പൂക്കളുടെ വിളവെടുപ്പ് തുടങ്ങും. ആറു തവണയായുള്ള വിളവെടുപ്പ് അവസാനിക്കുക ആഗസ്ത് പകുതിയോടെയാണ്.സ്ത്രീതൊഴിലാളികളാണ് ചെണ്ടുമല്ലിയുടെ വിളവെടുപ്പിനുണ്ടാവുക. ഉള്‍ഗ്രാമമാണെങ്കിലും കൂലി വാങ്ങുന്ന കാര്യത്തില്‍ മറ്റാരെക്കാളും മുന്നിലാണ് ചെന്‍മല്ലിപുരത്തെ സ്ത്രീതൊഴിലാളികള്‍. കരാറടിസ്ഥാനത്തിലാണ് പൂക്കളുടെ വിളവെടുപ്പ്.

ഒരേക്കറിലെ പൂക്കള്‍ വിളവെടുക്കുന്നതിന് ആറായിരം രൂപയാണ്  കരാര്‍ തുക. ആറു പ്രാവശ്യമായാണ് വിളവെടുപ്പ്. ഒരേക്കറില്‍നിന്നു പത്ത് ടണ്‍ വരെ പൂക്കള്‍ കിട്ടും.  വിളെവെടുത്ത് കഴിയുന്നതോടെ മല്ലികച്ചെടികള്‍  പരുത്തികൃഷിക്കു വഴിമാറും.

എ.വി.ടി. കമ്പനി പ്രതിനിധികള്‍ ചെന്‍മല്ലിപുരത്ത് ചെണ്ടുമല്ലികൃഷി പ്രചരിപ്പിച്ച കാലത്ത് 500 രൂപയായിരുന്നു ഒരു കിലോ വിത്തിന്റെ വില. ഓരോ വര്‍ഷവും വിത്തിന്റെ വില ഉയര്‍ത്തിയ കമ്പനി ഈ 2013ല്‍ 2200 രൂപയ്ക്കാണ് ഒരു കിലോ വിത്ത് നല്‍കിയത്. വിത്തിനു വില ഏറെ ഉയര്‍ന്നെങ്കിലും കമ്പനികള്‍ പൂക്കള്‍ വാങ്ങുന്നത് കിലോയ്ക്ക് അഞ്ചു രൂപ നിരക്കിലാണ്. കഴിഞ്ഞ വര്‍ഷം അഞ്ചര രൂപ നല്‍കിയിരുന്നെങ്കിലും ഈ വര്‍ഷം അഞ്ചു രൂപയാക്കി കുറയ്ക്കുകയായിരുന്നു. കേരളത്തില്‍നിന്ന് ഓണക്കാലത്ത് ചെണ്ടുമല്ലി വാങ്ങാനെത്തുന്നവര്‍ കിലോയ്ക്ക് 20 മുതല്‍ 30 രൂപ വരെ നല്‍കി പൂക്കള്‍ വാങ്ങുമെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ചെറിയ ഭാഗം മാത്രമേ ഇങ്ങനെ വില്‍ക്കാനാവൂ.

ചെന്‍മല്ലിപുരത്തുനിന്നു നിത്യവും 12 ടണ്‍ വീതമുള്ള 20 ലോഡ് പൂക്കളാണ് വിവിധ കമ്പനികളിലേക്ക് കയറ്റിപ്പോകുന്നത്. കമ്പനിയുടെ ഏജന്റുമാര്‍ ട്രക്കുകളുമായി ഗ്രാമങ്ങളിലെത്തി പൂക്കള്‍ ശേഖരിക്കും. എന്നിരുന്നാലും പൂക്കള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടിവരുന്നുവെന്നത് പല കര്‍ഷകരെയും ചെണ്ടുമല്ലി കൃഷിയില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നുണ്ട്. പൂക്കളുടെ വില വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എല്ലാ കമ്പനികളും ഒരുമിച്ച് വില കുറയ്ക്കുകയായിരുന്നു.

കര്‍ഷക ആത്മഹത്യ ഇവിടെയും

വര്‍ഷങ്ങളായി ചെണ്ടുമല്ലികൃഷി ചെയ്തിരുന്ന ഹൊങ്കള്ളിയിലെ കര്‍ഷകനായ രാജപ്പ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. കൃഷിെച്ചലവും വരുമാനവും ഒത്തുപോകാതെ കടക്കെണിയിലകപ്പെട്ടതോടെയാണ് ഇയാള്‍ ആത്മഹത്യയില്‍ അഭയം തേടിയത്. നിലമുഴുന്നതിനുള്ള ചെലവും കൂലിച്ചെലവും വിത്തിന്റെ വിലവര്‍ധനയും കൂടെ ബാങ്ക് പലിശയും ചേര്‍ന്ന വലിയൊരു തുക വീട്ടാനുള്ള വരുമാനം പൂക്കളുടെ വില്‍പ്പനയിലൂടെ കിട്ടില്ലെന്നറിഞ്ഞതോടെയാണ് രാജപ്പ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെണ്ടുമല്ലി കൃഷിയിലൂടെ കടക്കെണിയിലകപ്പെട്ട ധാരാളം കര്‍ഷകര്‍ ചെന്‍മല്ലിപുരത്തും പരിസരപ്രദേശങ്ങളിലുമുണ്ടെന്നാണ് കര്‍ഷകനായ ഗോപാല്‍പുരം മാധവ പറഞ്ഞത്.

ഒരേക്കര്‍ വയലുള്ള കര്‍ഷകന് പരമാവധി 15,000 രൂപയാണ്  നാലുമാസത്തെ ചെണ്ടുമല്ലി കൃഷിയിലൂടെ ലഭിക്കുക. കര്‍ഷകരില്‍നിന്നു കിലോയ്ക്ക് അഞ്ചു രൂപ നിരക്കില്‍ ഉടമ്പടിയിലൂടെ പൂക്കള്‍ വാങ്ങുന്ന കുത്തകകമ്പനികളാവട്ടെ കോടികളാണ് ഓരോ സാമ്പത്തികവര്‍ഷവും ലാഭമുണ്ടാക്കുന്നത്. രാജ്യത്തെ മറ്റേതു പ്രദേശങ്ങളിലുമെന്ന പോലെ കടുത്ത ചൂഷണത്തിനു വിധേയരാകുകയാണ് ചെന്‍മല്ലിപുരത്തെ കര്‍ഷകരും. മോണ്‍സാന്റോ, സിന്‍ജെന്റ്, ഡ്യപണ്ട് ഡവ് തുടങ്ങിയ ബഹുരാഷ്ട്രകുത്തകകള്‍ വിപണിയിലിറക്കുന്ന അന്തകവിത്തുകള്‍ കൂടിയ വില നല്‍കി വാങ്ങി കൃഷിയിറക്കുന്ന ചെന്‍മല്ലിപുരത്തെയും മദ്ദൂരിലെയും സാധാരണ കര്‍ഷകര്‍ക്ക് തങ്ങളുടെ വിത്തും വിളയുമെല്ലാം കൈമോശം വന്നതുപോലും അറിയാനാവുന്നില്ല. വിത്തിനും വിളയ്ക്കുമെല്ലാം കുത്തകകമ്പനികള്‍ തന്നെ വിലയിടുന്ന ദുരവസ്ഥ കര്‍ഷകരെ എവിടെ കൊണ്ടെത്തിക്കുമെന്നതിന്റെ സൂചനകളാണ് കര്‍ഷകആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍.

ആരെയും ആകര്‍ഷിക്കുന്നവയാണ് പൂത്തുവിടര്‍ന്ന ചെണ്ടുമല്ലി പാടങ്ങള്‍. ചെണ്ടുമല്ലിയുടെ വ്യാവസായികപ്രാധാന്യം വര്‍ധിച്ചുവരുകയുമാണ്. എന്നാല്‍, പൂക്കളുടെ വിലയില്ലായ്മയ്ക്കും അന്തകവിത്തുകളുടെ വിലവര്‍ധനവിനുമിടയില്‍ കുരുങ്ങുകയാണ് കര്‍ഷകരുടെ ജീവിതം. വിത്തിനും വിളയ്ക്കും വില നിശ്ചയിക്കുന്ന കുത്തകകമ്പനികള്‍ വിലയിടുന്നത് കര്‍ഷകരുടെ അധ്വാനത്തിനും അതുവഴി അവരുടെ ജീവിതത്തിനും തന്നെയാണ്.
(2013ല്‍ തേജസ് ആഴ്ചവട്ടം പ്രസിദ്ധീകരിച്ച ലേഖനം)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss