115 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും

തിരുവനന്തപുരം: 115 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ചെറുതും വലുതുമായ തസ്തികകള്‍ ഇതില്‍പ്പെടും. പിഎസ്‌സിയിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോവാന്‍ അനുമതി നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു.
പിഎസ്‌സിയിലെ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കമ്മീഷന്റെ നേരത്തേയുള്ള തീരുമാനം. ഇതിലാണ് ഇപ്പോള്‍ മാറ്റംവരുത്തിയിരിക്കുന്നത്. പിഎസ്‌സി പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് നിശ്ചിത സമയപരിധി വയ്ക്കുന്നതു സംബന്ധിച്ച നിര്‍ദേശത്തിന് അന്തിമ അംഗീകാരം നല്‍കി നടപ്പാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
പുതിയ സംവിധാനമനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കുക. ഇങ്ങനെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ചോദ്യപേപ്പര്‍ അച്ചടിക്കും. ഇതിനുശേഷം പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാവും. സമയപരിധി നിശ്ചയിക്കുന്നതിലൂടെ പിഎസ്‌സിക്കുണ്ടാവുന്ന അനാവശ്യ ചെലവ് ഒഴിവാക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. പിഎസ്‌സി പരീക്ഷയ്ക്ക് ധാരാളം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും പകുതിയോളം പേര്‍ പരീക്ഷയ്ക്ക് ഹാജരാവാത്തതിനാല്‍ വന്‍തോതില്‍ പാഴ്‌ച്ചെലവുണ്ടാവുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇപ്പോള്‍ പരീക്ഷാസമയത്തിന് മുമ്പുവരെ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും.
Next Story

RELATED STORIES

Share it