|    Jan 18 Wed, 2017 11:42 am
FLASH NEWS

സ്‌മൈല്‍ പ്ലീസ്

Published : 18th October 2015 | Posted By: TK

karunakaran-enna-thankapan

നവാസ് അലി

 

മുക്കാലിയില്‍ ഉറപ്പിച്ച കാമറ എന്ന അദ്ഭുതപ്പെട്ടിക്കു പിറകില്‍ നില്‍ക്കുന്ന പടംപിടിപ്പുകാരന്റെ വാക്കുകള്‍ ഭയഭക്തി ബഹുമാനത്തോടെ അനുസരിച്ച കാലം മുതല്‍ ഓര്‍മകളുടെ നിറം കറുപ്പും വെളുപ്പുമാണ്. മിഴിവെട്ടാതെ, വിരലനക്കാതെ ഫീല്‍ഡ് കാമറയുടെ ലെന്‍സിലേക്കു നോക്കിനിന്നവരെയെല്ലാം പടംപിടിത്തക്കാരന്‍ ലെന്‍സിന്റെ അടപ്പു തുറന്ന് കാമറയ്ക്കകത്താക്കി. പിന്നീട്, രാസവസ്തുക്കളില്‍ മുങ്ങിയെണീറ്റപ്പോള്‍ ഓര്‍മകള്‍ കറുപ്പും വെളുപ്പുമായി വേറിട്ടുനിന്നു. അവയെ ചില്ലിട്ടു ഫ്രെയിമിലാക്കിയപ്പോള്‍ പൂമുഖത്ത് തൂങ്ങിക്കിടന്നു. പിന്‍മുറക്കാര്‍ അവ പൊടിതുടച്ച് ബഹുമാനത്തോടെ സൂക്ഷിച്ചു.

മുക്കാലിയില്‍ നിവര്‍ന്നുനിന്ന ഈ അദ്ഭുതപ്പെട്ടി കാലത്തിന്റെ എത്രയെത്ര കാഴ്ചകളാണ് പറഞ്ഞുതന്നത്? ഏതൊക്കെ ഓര്‍മകളിലേക്കാണ് വഴിനടത്തിയത്? ഫീല്‍ഡ് കാമറ കാല്‍നൂറ്റാണ്ടു മുമ്പുവരെ സ്റ്റുഡിയോകളിലെ സ്ഥിരം കാഴ്ചയായിരുന്നു. കറുത്ത തുണിക്കകത്തുനിന്ന് പുറത്തുവന്ന് ‘റെഡി, സ്‌മൈല്‍ പ്ലീസ്’ എന്നു പറയുന്ന ഫോട്ടോഗ്രാഫര്‍ കാമറയ്ക്കു മുന്നിലെ അടപ്പുതുറന്ന് അടക്കുന്നതുവരെ മിഴി ചിമ്മാതെ കാത്തുനിന്നവരാണ് നമ്മള്‍. സ്റ്റുഡിയോകളില്‍ ഫീല്‍ഡ് കാമറകള്‍ വാണിരുന്ന കാലമായിരുന്നു അത്. ലെന്‍സിനു മുന്നിലെ അടപ്പായിരുന്നു കാമറയുടെ ഷട്ടറും പ്രകാശം നിയന്ത്രിക്കാനുള്ള അപ്പാര്‍ച്ചറും.

 

old type camera

വാഗീശ്വരി ഫീല്‍ഡ് കാമറ

ഫോട്ടോഗ്രഫി ഇലക്‌ട്രോണിക്‌സ് യുഗത്തിലേക്കു വഴിമാറുന്നതിനു മുമ്പുള്ള ബ്ലാക്ക് ആന്റ് വൈറ്റ് കാഴ്ചകളായിരുന്നു കറുത്ത തുണിക്കകത്തെ ഫീല്‍ഡ് കാമറയും വെളുക്കെ ചിരിക്കുന്ന ഫോട്ടോഗ്രാഫറും. ഫീല്‍ഡ് കാമറയുടെ ലെന്‍സ് അരനൂറ്റാണ്ടു മുമ്പുള്ള കാഴ്ചകളിലേക്ക് തിരിച്ചാല്‍ അതില്‍ ഒരു അച്ഛന്റെയും മകന്റെയും രൂപം പതിയും.

അര നൂറ്റാണ്ടോളം ഇന്ത്യന്‍ കാമറാലോകം ഭരിച്ച അവരുടെ മുഖം അതില്‍ മിഴിവോടെ തെളിയും. ആലപ്പുഴയിലെ ചെറിയ ഷെഡ്ഡില്‍ അവര്‍ രൂപം നല്‍കിയ ഫീല്‍ഡ് കാമറകളാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പടമെടുക്കാന്‍ ഉപയോഗിച്ചിരുന്നത്. തേക്കിലും ആഞ്ഞിലിയിലും ഫ്രെയിമിട്ട്, പിച്ചള ചേര്‍ത്ത് രൂപപ്പെടുത്തിയ അവരുടെ കാമറകളായിരുന്നു ഏറ്റവും മികച്ച ഫീല്‍ഡ് കാമറകള്‍. പിഴയ്ക്കാത്ത കൃത്യതയും തികഞ്ഞ ഗുണമേന്മയുമുള്ളവയെന്ന് പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ വാഗീശ്വരി ഫീല്‍ഡ് കാമറകള്‍ രൂപപ്പെട്ടത് ആലപ്പുഴ ടൗണിനടുത്തുള്ള കൊച്ചുകളപ്പുരയ്ക്കലിലുള്ള ചെറിയ ഷെഡ്ഡിലായിരുന്നു.

ജപ്പാനിലെ പ്രമുഖ കാമറ നിര്‍മാതാക്കള്‍ വരെ വാഗീശ്വരിയുടെ മാതൃകകള്‍ പകര്‍ത്തിയാണ് ഫീല്‍ഡ് കാമറകള്‍ക്ക് രൂപം നല്‍കിയത്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അവിചാരിതമായി രൂപം കൊണ്ടതാണ് വാഗീശ്വരി കാമറ വര്‍ക്‌സ്. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പോലെ മനോഹരമാണ് വാഗീശ്വരിയുടെ കഥ. അതിന്റെ തുടക്കക്കാരനായ കരുണാകരന്‍ എന്ന തങ്കപ്പന്റെ ജീവിതം എണ്‍പതാമത്തെ ഫ്രെയിമിലേക്കെത്തിയിരിക്കുന്നു. അവിടെ നിന്ന് 70 വര്‍ഷങ്ങള്‍ പിറകിലേക്കുപോയി 1946ലേക്കെത്തുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് അദ്ദേഹം.

 ഹാര്‍മോണിയത്തില്‍ നിന്നു കാമറയിലേക്ക്

ഓച്ചിറക്കാരനായ കുഞ്ഞ്കുഞ്ഞ് എന്ന സംഗീതജ്ഞനായിരുന്നു കരുണാകരന്റെ അച്ഛന്‍. വീണ, ഹാര്‍മോണിയം, വയലിന്‍ എന്നിവ നിര്‍മിക്കുകയും നന്നാക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. വാഗീശ്വരി ഹാര്‍മോണിയം വര്‍ക്‌സ് എന്ന സ്ഥാപനവും നടത്തിയിരുന്നു. പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ ഉള്‍പ്പെടെയുള്ള അക്കാലത്തെ പ്രമുഖ സംഗീതജ്ഞരെല്ലാം കുഞ്ഞ്കുഞ്ഞിന്റെയടുത്തായിരുന്നു സംഗീതോപകരണങ്ങള്‍ നന്നാക്കാനെത്തിച്ചിരുന്നത്.

 

flash

 

ഹാര്‍മോണിയത്തിന്റെ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന ഭാഗമായ ബെല്ലോസ് കേടുവന്നാല്‍ മാറ്റിയിട്ടിരുന്ന കുഞ്ഞ്കുഞ്ഞിന്റെയടുത്ത് അവിചാരിതമായാണ് ഫീല്‍ഡ് കാമറയുടെ ബെല്ലോസ് നന്നാക്കാനെത്തിയത്. ആലപ്പുഴയില്‍ പത്മനാഭന്‍ നായര്‍ സ്റ്റുഡിയോ നടത്തിയിരുന്ന പത്മനാഭനായിരുന്നു കാമറ എത്തിച്ചത്. ദിവസങ്ങളെടുത്താണ് കുഞ്ഞ്കുഞ്ഞ് കാമറയുടെ ബെല്ലോസ് നിര്‍മിച്ചത്. പക്ഷേ, പണി തീര്‍ന്നപ്പോള്‍ അത് മുമ്പുണ്ടായിരുന്നതിനേക്കാളും മികച്ചതായി മാറി. ഇതോടെ അത്തരത്തിലൊരു കാമറതന്നെ നിര്‍മിക്കാനാവുമോയെന്ന് പത്മനാഭന്‍ നായര്‍ ചോദിച്ചു. അതിനു മറുപടിയായി പിറന്നുവീണതാണ് ഇന്ത്യയിലെ ആദ്യ ഫീല്‍ഡ് കാമറ. അവിടെനിന്നു തുടങ്ങുന്നു വാഗീശ്വരി കാമറ കമ്പനിയുടെ ചരിത്രം.

സംഗീതം പഠിച്ചു നടന്ന പത്താം ക്ലാസുകാരനായ കരുണാകരന്‍ ചെറിയ പരീക്ഷണങ്ങളുമായി അച്ഛന്റെ കമ്പനിയില്‍ ചുറ്റിത്തിരിയുന്ന കാലമായിരുന്നു അത്. കാമറ നിര്‍മിക്കാനുള്ള വെല്ലുവിളി കരുണാകരന്‍ ഏറ്റെടുത്തു. തേക്കു തടികൊണ്ട് ഫ്രെയിമിട്ട് പിച്ചളയുടെ ക്ലിപ്പുകളും സ്‌ക്രൂവുമിട്ടുള്ള കാമറ നിര്‍മാണത്തിന് അച്ഛന്‍ കുഞ്ഞുകുഞ്ഞും കരുണാകരനെ സഹായിച്ചു. ജര്‍മനിയില്‍നിന്നായിരുന്നു ലെന്‍സ് എത്തിച്ചത്. ഫിനിഷിങിലും ഗുണമേന്മയിലും വിദേശത്തുനിന്നു കൊണ്ടുവരുന്ന ഫീല്‍ഡ് കാമറകളേക്കാളും മികച്ചതായിരുന്നു കുഞ്ഞ്കുഞ്ഞും മകന്‍ കരുണാകരനും നിര്‍മിച്ച ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് കാമറ. ഇതോടെ കാമറയ്ക്ക് കൂടുതല്‍ ആവശ്യക്കാരെത്തി. അതിനെ തുടര്‍ന്ന് ഹാര്‍മോണിയം കമ്പനിയുടെ ഷെഡ്ഡിനു മുന്നില്‍ മറ്റൊരു ബോര്‍ഡ് കൂടെ തൂങ്ങി, ‘വാഗീശ്വരി കാമറ വര്‍ക്‌സ്’. തേക്ക്, ആഞ്ഞിലി തടികളായിരുന്നു കാമറയുടെ ഫ്രെയിമിന് ഉപയോഗിച്ചിരുന്നത്. കനംകുറഞ്ഞ കാര്‍ഡ് കൊണ്ട് ബെല്ലോസ് നിര്‍മിച്ചു. 18 മണിക്കൂറായിരുന്നു ഒരു ബെല്ലോസ് നിര്‍മിക്കാനെടുത്തിരുന്ന സമയം. കാമറയില്‍ ലെന്‍സ് ഘടിപ്പിക്കുന്ന ഏറെ കൃത്യതവേണ്ടിയിരുന്ന ജോലി കരുണാകരന്‍ ഏറ്റെടുത്തു. അഞ്ഞൂറു രൂപയായിരുന്നു ഒരു കാമറയ്ക്ക് വിലയിട്ടിരുന്നത്.

വാഗീശ്വരിയില്‍ രൂപംകൊണ്ട ആദ്യ കാമറയോടെ തന്നെ സ്റ്റുഡിയോ നടത്തിപ്പുകാര്‍ ആലപ്പുഴയിലേക്ക് കാമറ തേടി എത്താന്‍ തുടങ്ങി. ഒരാഴ്ച കൊണ്ട് ഒരു കാമറ എന്ന രീതി മാറ്റേണ്ടിയും വന്നു. നിര്‍മിക്കുന്ന കാമറകള്‍ ആവശ്യത്തിനു തികയാതെ വന്നപ്പോള്‍ വാഗീശ്വരി കാമറ വര്‍ക്‌സിലേക്ക് കൂടുതല്‍ ജോലിക്കാരെത്തി. ഫ്രെയിമുണ്ടാക്കല്‍, ബെല്ലോസ് നിര്‍മാണം, പിച്ചള ഘടകങ്ങളുടെ നിര്‍മാണം, ലെന്‍സ് ഘടിപ്പിക്കല്‍, ക്വാളിറ്റി ചെക്കിങ് എന്നീ ജോലികള്‍ പ്രത്യേക വിഭാഗങ്ങളായി തിരിച്ചു.

ഗുണമേന്മ പരിശോധിക്കുന്നത് കരുണാകരനായിരുന്നു. വിദഗ്ധ തൊഴിലാളികളായ 24 പേരാണ് വാഗീശ്വരിയിലുണ്ടായിരുന്നത്. കൃത്യതയാര്‍ന്ന കാമറയുടെ നിര്‍മാണത്തിനു വേണ്ടി ജര്‍മനിയില്‍ പലവിധ ഉപകരണങ്ങളും എത്തിച്ചു. ഇതോടെ ആലപ്പുഴയുടെ കടലോരത്ത് ലോകമറിയുന്ന ഒരു കമ്പനി ഉയര്‍ന്നുവന്നു. രാജ്യം ഭരിച്ചിരുന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെത്തി വാഗീശ്വരി കാമറകള്‍ വാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. ബ്രിട്ടനിലും കോളനി രാജ്യങ്ങളിലും വാഗീശ്വരി കാമറയ്ക്ക് ആവശ്യക്കാരുണ്ടായി. ഇതിനിടെ ജപ്പാനില്‍നിന്നും ജര്‍മനിയില്‍ നിന്നും ലെന്‍സ് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സും നേടിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ വാഗീശ്വരി ഫീല്‍ഡ് കാമറയുടെ വില്‍പ്പന ഏകോപിപ്പിക്കുന്നതിന് എഡ്വാര്‍ഡ് ഡി മെലോ എന്ന ആംഗ്ലോ ഇന്ത്യന്‍ വംശജനെ ചുമതലപ്പെടുത്തി. ഇദ്ദേഹം അന്താരാഷ്ട്ര ഏജന്റായി ചുമതല ഏറ്റെടുത്തതോടെ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വാഗീശ്വരി കാമറകള്‍ കയറ്റി അയച്ചുതുടങ്ങി. സിലോണ്‍, സിങ്കപ്പൂര്‍, മലേസ്യ, നീപ്പാള്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ വിപണന കേന്ദ്രങ്ങളും തുടങ്ങി. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഒരു മാസം നൂറോളം കാമറകളാണ് വാഗീശ്വരിയില്‍ നിര്‍മിച്ചത്

ഫിലിമിനു പകരം ചില്ല്

വാഗീശ്വരി കാമറ നിര്‍മാണം തുടങ്ങുന്ന കാലത്ത് ഫിലിമുകള്‍ പ്രചാരത്തിലായിരുന്നില്ല. ഫിലിമിനു പകരം രാസവസ്തുക്കള്‍ പുരട്ടിയ ഗ്ലാസ് കഷണങ്ങളാണ് ഉപയോഗിച്ചിരുന്നത്. 2 എം.എം. കനമുള്ള ഗ്രൗണ്ട് ഗ്ലാസുകളാണ് വാഗീശ്വരിയും ആദ്യകാല കാമറകളില്‍ ഉപയോഗിച്ചിരുന്നത്. അമേരിക്കയില്‍ നിര്‍മിച്ച ഗ്രൗണ്ട് ഗ്ലാസുകളാണ്  ഇതിനായി എത്തിച്ചത്. നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളെടുക്കുന്ന ചെറിയ ഇനത്തിലുള്ള ക്വാര്‍ട്ടര്‍ സൈസ് മുതല്‍ 20ഃ16 സൈസിലുള്ള വലിയ പടമെടുക്കാവുന്ന കാമറകള്‍ വരെയുള്ള എട്ടിനം ഫീല്‍ഡ് കാമറകളാണ് നിര്‍മിച്ചത്. അവയ്‌ക്കെല്ലാം പാകത്തിലുള്ള ഗ്രൗണ്ട് ഗ്ലാസുകളും വാഗീശ്വരിയിലുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയിലെ മിക്ക ഫോട്ടോ സ്റ്റുഡിയോ നടത്തിപ്പുകാരും കാമറ വാങ്ങുന്നതിനും നന്നാക്കുന്നതിനും ആലപ്പുഴയിലെത്തിയിരുന്നു.

11

 

ഒരു ഇഞ്ചിന്റെ പതിനായിരത്തിലൊന്നു പോലും പിഴയ്ക്കാത്ത അത്രയും കൃത്യതയിലാണ് ഓരോ കാമറകളും നിര്‍മിച്ചിരുന്നതെന്ന് കരുണാകരന്‍ പറഞ്ഞു. ഇതിനാല്‍ തന്നെ മികച്ച തൊഴിലാളികളെ മാത്രമാണ് കമ്പനിയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ആശാരിമാരെ തിരഞ്ഞെടുക്കുമ്പോള്‍ 2.6 ഇഞ്ചിന്റെ ക്യൂബ്് നിര്‍മിക്കാനാണ് ആവശ്യപ്പെടുക. മികച്ച കരവിരുതുള്ളവര്‍ക്കു മാത്രമേ ഈ അളവില്‍ കൃത്യതയോടെ ക്യൂബ് നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ജോലിക്കാരെ ആറു മാസം പരീക്ഷിച്ച ശേഷമാണ് കാമറയുടെ നിര്‍മാണത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. മരത്തിന്റെ ഫ്രെയിമിലുള്ള കാമറകള്‍ക്കു പുറമെ ലോഹം കൊണ്ട് ഫ്രെയിമിട്ടും കാമറകള്‍ നിര്‍മിച്ചിരുന്നു. ഇതിനായി പ്രത്യേക അച്ചും വാഗീശ്വരിയില്‍ തന്നെ നിര്‍മിച്ചെടുത്തു. ക്രോമിയം പ്ലേറ്റിങ് നടത്തി മനോഹരമാക്കിയാണ് ഫുള്‍ബോഡി മെറ്റല്‍ കാമറകള്‍ പുറത്തിറക്കിയത്. 40 വര്‍ഷത്തോളമാണ് വാഗീശ്വരി കാമറ വര്‍ക്‌സ് ഫീല്‍ഡ് കാമറകള്‍ നിര്‍മിച്ചത്. യാഷിക്കയും മിനോള്‍ട്ടയും കോണിക്കയും കാനനും നിര്‍മിച്ച കൈയിലൊതുങ്ങുന്ന കാമറകള്‍ പ്രചാരത്തിലായ 1980കളുടെ അവസാനം വരെ ആയിരക്കണക്കിനു കാമറകളാണ് വാഗീശ്വരി പുറത്തിറക്കിയത്.

ഏറ്റവുമവസാനം നിര്‍മിച്ച കാമറ വാങ്ങാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു ഫോട്ടോഗ്രാഫറെത്തിയിരുന്നു.  ഉല്‍പ്പാദനം അവസാനിപ്പിച്ച വാഗീശ്വരി കാമറയെ കുറിച്ച് ഏറെ വേവലാതിപ്പെട്ട അദ്ദേഹം പ്ലാറ്റിനം ഫോട്ടോഗ്രഫി എന്ന പുതിയ സാങ്കേതികതയ്ക്കു വേണ്ടിയാണ് വാഗീശ്വരിയിലെ അവസാന കാമറ വാങ്ങിയത്. 300 വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന പ്ലാറ്റിനം ഫോട്ടോകള്‍ എടുക്കുന്നതിന് മികച്ച ഫീല്‍ഡ് കാമറ തന്നെ വേണമെന്നതിനാലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് ആലപ്പുഴയിലെത്തി വാഗീശ്വരി കാമറ സ്വന്തമാക്കിയത്. നിര്‍മാണം അവസാനിപ്പിച്ച വാഗീശ്വരി കാമറകള്‍ ഇപ്പോള്‍ പുരാവസ്തു പ്രേമികളുടെ ഇഷ്ടവസ്തുവാണ്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് അവയുടെ വില.

കാമറ കമ്പനിയിലെ ആശുപത്രി ഉപകരണങ്ങള്‍

ഫീല്‍ഡ് കാമറകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ മറ്റിനത്തില്‍പ്പെട്ട കാമറകളുടെ നിര്‍മാണവും കരുണാകരന്‍ തുടങ്ങിയിരുന്നു. അച്ചടി മേഖലയിലേക്കായി ബ്ലോക്ക് മെയ്ക്കിങ് കാമറ, സാങ്കേതികരംഗത്തെ ആവശ്യങ്ങള്‍ക്ക് ടെക്‌നിക്കല്‍ കാമറ എന്നിവയ്ക്കും കരുണാകരന്‍ രൂപം നല്‍കി. അള്‍ട്രാസൗണ്ട് സ്‌കാനിങ് മെഷീനു വേണ്ടി കാമറ നിര്‍മിക്കുകയെന്ന വെല്ലുവിളിയും ഏറ്റെടുത്തു. ഏറെ പരിശ്രമത്തിനു ശേഷമായിരുന്നു ഇതിനുള്ള കാമറ തയ്യാറാക്കിയത്. സ്‌കാനിങ് മെഷീനൊപ്പം കാമറയും ചലിക്കേണ്ടതിനാല്‍ അതിന്റെ മൂവ്‌മെന്റ് സിസ്റ്റം തയ്യാറാക്കുക ശ്രമകരമായിരുന്നു. കേരളത്തിലെ പ്രമുഖ ആശുപത്രിക്കു വേണ്ടി നിര്‍മിച്ച ഈ കാമറയ്ക്ക് ചെലവായ പണം പോലും ലഭിച്ചിരുന്നില്ല.

സ്‌കാനിങ് മെഷീനില്‍ സ്ഥാപിക്കാനുള്ള കാമറ വന്‍കിട കമ്പനികള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. ആലപ്പുഴയിലെ ചെറിയ ഷെഡ്ഡിലിരുന്നു കുറച്ചു പണിക്കാരുടെ സഹായത്തോടെ കരുണാകരന്‍ സ്വന്തം സാങ്കേതികവിദ്യയില്‍ ഇത്തരം കാമറകള്‍ നിര്‍മിച്ചത് 1982ലായിരുന്നു. ഇതോടെ കേരളത്തിലെ വന്‍കിട ആശുപത്രികള്‍ അവര്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കരുണാകരനെ തേടിയെത്തി. പ്രായം തികയാതെ ജനിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഇന്‍കുബേറ്റര്‍ കരുണാകരന്‍ സ്വന്തമായി നിര്‍മിക്കുന്നത് അങ്ങനെയാണ്.

ഇതിനും ഏറെ ആവശ്യക്കാരുണ്ടായി. ആശുപത്രി ഉപകരണങ്ങളുടെ നിര്‍മാണമായി അടുത്ത മേഖല. ഇന്‍കുബേറ്ററിനു പുറമെ വീല്‍ച്ചെയര്‍, സ്‌ട്രെച്ചര്‍ എന്നിവയും നിര്‍മിച്ചിരുന്നു. സ്ഥിരമായി ആശുപത്രി ഉപകരണങ്ങള്‍ വാങ്ങിയിരുന്ന വന്‍കിട ആശുപത്രികളില്‍ പലതും പണം നല്‍കാതിരുന്നതോടെ ആ പരിപാടി അവസാനിപ്പിച്ചു. വൈവിധ്യവല്‍ക്കരണത്തിലൂടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമം അവസാനിച്ചതോടെ 1990കളുടെ തുടക്കത്തില്‍ വാഗീശ്വരി കാമറ വര്‍ക്‌സിന് താഴ് വീണു.

കൈവിട്ടുപോകുന്ന അറിവുകള്‍

അച്ഛനോടൊപ്പം കാമറ നിര്‍മാണം തുടങ്ങുമ്പോള്‍ പത്താം ക്ലാസുകാരനായിരുന്ന കരുണാകരന്‍ ജോലിക്കൊപ്പം പഠനവും തുടര്‍ന്നിരുന്നു. ബി.എസ്.സി. ഫിസിക്‌സില്‍ മികച്ച മാര്‍ക്കോടെ വിജയം നേടിയെങ്കിലും കാമറ നിര്‍മാണത്തില്‍ സജീവമാകാനായിരുന്നു തീരുമാനം. പതിനായിരക്കണക്കിനു ഫീല്‍ഡ് കാമറകളാണ് കരുണാകരന്റെ കൈകളിലൂടെ പിറന്നുവീണത്. ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവുമധികം ഫീല്‍ഡ് കാമറകള്‍ നിര്‍മിച്ചത് ഇദ്ദേഹമാകും. ആലപ്പുഴയിലെ കൊച്ചുകളപ്പുരക്കലിലുള്ള ഷെഡ്ഡിനു മുന്നില്‍ തൂക്കിയിട്ട വാഗീശ്വരി കാമറവര്‍ക്‌സ് എന്ന ചെറിയ ബോര്‍ഡും തുരുമ്പെടുത്തതിനാല്‍ കൂട്ടിയിട്ട ഉപകരണങ്ങളും മാത്രമാണ് ലോകത്തെ കാമറക്കാഴ്ചകളിലേക്കു വഴിനടത്തിയ വാഗീശ്വരി കാമറ കമ്പനിയുടെ അവശേഷിക്കുന്ന അടയാളങ്ങള്‍. കമ്പനി പ്രവര്‍ത്തിച്ചയിടം ഇപ്പോള്‍ ഓട്ടോവര്‍ക്ക് ഷോപ്പായി മാറിക്കഴിഞ്ഞു.

 

camera-old

 

പ്രായം എണ്‍പതുകളിലെത്തിയെങ്കിലും പുതിയ സ്വപ്‌നങ്ങളിലും പരീക്ഷണങ്ങളിലുമാണ് കരുണാകരന്‍. കാമറാ ലെന്‍സുകള്‍ പൂപ്പല്‍ പിടിക്കാതെ സംരക്ഷിക്കുന്നതിനുള്ള വാക്വം കണ്ടെയ്‌നറാണ് ഇദ്ദേഹം അവസാനമായി രൂപം നല്‍കിയ ഉപകരണം. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാക്വം കണ്ടെയ്‌നര്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് നിര്‍മിച്ചത്. സര്‍ക്യൂട്ട് ബോര്‍ഡ്, വാക്വം ഫാന്‍, അലുമിനിയം കണ്ടെയ്‌നര്‍ തുടങ്ങി ഈ ഉപകരണത്തിന്റെ എല്ലാ ഭാഗവും നിര്‍മിച്ചെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയിട്ടില്ല. അനാരോഗ്യം തടസ്സമായതോടെ ഇതിനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഏക മകന്‍ വിദേശത്ത് സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ ഇദ്ദേഹത്തെ തുടര്‍പ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതിന് ആരുമില്ല. വര്‍ഷങ്ങളായുള്ള അധ്വാനം പാഴായിപ്പോകരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ ഉപകരണങ്ങളുടെ സാങ്കേതികത മറ്റുള്ളവര്‍ക്ക് കൈമാറണമെന്ന് കരുണാകരന് ആഗ്രഹമുണ്ട്.

വന്‍കിട കമ്പനികള്‍ മാത്രം നിര്‍മിച്ചിരുന്ന ഫീല്‍ഡ് കാമറ ഒരു സാങ്കേതികതയുടെയും പിന്‍ബലമില്ലാതെ ആലപ്പുഴയിലെ കടലോര ഗ്രാമത്തിലുള്ള ചെറിയ ഷെഡ്ഡിലിരുന്ന് നിര്‍മിച്ച് ലോകത്തിന്റെ കാഴ്ചയാക്കി മാറ്റിയ കരുണാകരന്‍ ഓര്‍മകളുടെ കറുപ്പിലും വെളുപ്പിലുമാണ് ശിഷ്ടജീവിതം തീര്‍ക്കുന്നത്. സ്വന്തം നാട്ടുകാര്‍ പോലും അദ്ദേഹത്തെ വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിട്ടില്ല.

പിഴയ്ക്കാത്ത കണക്കുകൂട്ടലുകളുടെ മാത്രം പിന്‍ബലത്തില്‍ 40 വര്‍ഷത്തോളമാണ് കരുണാകരനും സഹപ്രവര്‍ത്തകരും വാഗീശ്വരി ഫീല്‍ഡ് കാമറയുമായി ചരിത്രം സൃഷ്ടിച്ചത്. അര്‍ഹിക്കുന്ന ഒരു അംഗീകാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. പക്ഷേ, ലോകത്തെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ പലരും ഇപ്പോഴും വാഗീശ്വരി ഫീല്‍ഡ് കാമറയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്റര്‍നെറ്റിലെ ഫോട്ടോഗ്രഫി സംബന്ധമായ പേജുകളില്‍ വാഗീശ്വരി കാമറകളെ കുറിച്ചുള്ള നിരവധി അന്വേഷണങ്ങള്‍ കാണാം. നിര്‍മാണം അവസാനിപ്പിച്ചിട്ടും വിദേശങ്ങളില്‍ നിന്നുപോലും എത്തുന്ന ആവശ്യക്കാര്‍, നിര്‍മിച്ച് എഴുപതാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉപയോഗിക്കുന്ന കാമറകള്‍. ഇവയൊക്കെയാണ് കരുണാകരന് ലഭിക്കുന്ന അംഗീകാരം. ഫൈബര്‍ കഷണത്തിലെ അവാര്‍ഡിനേക്കാളും പൊന്നാട ചാര്‍ത്തിയുള്ള സ്തുതിവചനങ്ങളേക്കാളും അദ്ദേഹം വിലമതിക്കുന്നതും ഇതുതന്നെയാണ്.

ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍

 

cameraa

 

അരീക്കോട് അറ്റ്‌ലസ് സ്റ്റുഡിയോ നടത്തുന്ന മാധവന്റെ വീട്ടില്‍ 70 വര്‍ഷത്തോളം പഴക്കമുള്ള ഒരു ഫീല്‍ഡ് കാമറയുണ്ട്. ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞ കാമറയാണ് മാധവന് അത്. അതോടൊപ്പം ഇന്ത്യയെ കാമറക്കാഴ്ചകളിലേക്കു വഴിനടത്തിയ ആലപ്പുഴയിലെ വാഗീശ്വരി ഹാര്‍മോണിയം വര്‍ക്‌സിനെ കാമറ നിര്‍മാതാക്കളാക്കിയ കാമറയും. ആലപ്പുഴയില്‍ സ്്റ്റുഡിയോ നടത്തിയിരുന്ന പത്മനാഭന്‍ നായര്‍ നല്‍കിയ ഈ കാമറയുടെ ബെല്ലോസ് മാറ്റിയിട്ടാണ് കരുണാകരനും അച്ഛന്‍ കുഞ്ഞുകുഞ്ഞും വാഗീശ്വരിയില്‍ കാമറ നിര്‍മാണത്തിന് തുടക്കമിട്ടത്. ആലപ്പുഴയിലെ സ്റ്റുഡിയോയില്‍ ഏറെക്കാലം ഉപയോഗിച്ച ഈ കാമറ പത്മനാഭന്‍ നായര്‍ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ  ദാമോദര പണിക്കര്‍ക്ക് നല്‍കുകയായിരുന്നു.

സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയ പണിക്കര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അരീക്കോടെത്തിയപ്പോള്‍ അവിടെ തുടങ്ങിയ സ്റ്റുഡിയോയിലും ഉപയോഗിച്ചത് ഈ കാമറയായിരുന്നു. അച്ഛന്റെ കാലശേഷം അത് മാധവന്റെ കൈയിലുമെത്തി. വാഗീശ്വരി കാമറ വര്‍ക്‌സിന്റെ അസ്തമയത്തിനു ശേഷവും അവരെ കാമറ നിര്‍മാണത്തിലേക്കു വഴിനടത്തിയ കാമറ സൂക്ഷിക്കുമ്പോള്‍ ചരിത്രത്തിന്റെ ഒരു കണ്ണിയാണ് തന്നോടൊപ്പമുള്ളതെന്ന് മാധവന്‍ വിശ്വസിക്കുന്നു.

എഴുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഫീല്‍ഡ് കാമറ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് മാധവന്‍. ഇതില്‍ ഫിലിമിനു പകരമുള്ള ഗ്രൗണ്ട് ഗ്ലാസാണ് ഉപയോഗിച്ചിരുന്നത്. ഗ്രൗണ്ട് ഗ്ലാസിലെടുത്ത പടങ്ങളും പഴയ കാലത്ത് ഉപയോഗിച്ചിരുന്ന അത്യപൂര്‍വമായ ഫഌഷ് ലൈറ്റുകളും ഇതോടൊപ്പം മാധവന്‍ സൂക്ഷിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 160 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക