|    Oct 25 Tue, 2016 12:10 pm
FLASH NEWS

114 ഇതര സംസ്ഥാനക്കാര്‍ കുതിരവട്ടം ആശുപത്രിയില്‍; പുനരധിവാസത്തിനു ഭാഷ തടസ്സമാവുന്നു

Published : 8th August 2016 | Posted By: SMR

കെ വി ഷാജി സമത

കോഴിക്കോട്: ജീവിത വഴിയിലെവിടെയോ വച്ച് മനസ്സും കുടുംബവും കൈവിട്ടുപോയ 114 ഇതര സംസ്ഥാനക്കാരെ ചികില്‍സിക്കാനും രോഗം ഭേദമായവരെ വീട്ടിലെത്തിക്കാനും സാധിക്കാതെ വിഷമിക്കുകയാണ് കോഴിക്കോട് കുതിരവട്ടം മാനസിക രോഗാശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും. ഇവരുടെ ഭാഷ മനസ്സിലാവാത്തതാണ് ആശുപത്രി അധികൃതരെ കുഴക്കുന്നത്.
ഇവിടെ ചികില്‍സയില്‍ കഴിയുന്ന 480 പേരില്‍ 114 പേരും ഇതര സംസ്ഥാനക്കാരാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പല കാരണങ്ങളാല്‍ കോഴിക്കോട് എത്തിപ്പെട്ടവരാണിവര്‍. നാട്ടുകാരും പോലിസും സന്നദ്ധ സംഘങ്ങളുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഇവര്‍ സംസാരിക്കുന്ന ഭാഷ ഏത് എന്ന് തിറിച്ചറിയാന്‍പോലും സാധിക്കാത്ത സാഹചര്യത്തില്‍, മനോരോഗം പോലുള്ള അസുഖത്തെ ചികില്‍സിക്കേണ്ടി വരുന്നതിന്റെ പ്രതിസന്ധിയിലാണ് ഡോക്ടര്‍മാരും ജീവനക്കാരും. രോഗം ഭേദമായവരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിനും ഭാഷ തടസ്സമാവുന്നു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിപ്പെട്ടവരുണ്ടിവിടെ.
61 സ്ത്രീകളും 53 പുരുഷന്‍മാരുമാണ് ഭാഷാ പ്രതിസന്ധിയില്‍പെട്ട് വര്‍ഷങ്ങളായി ഇവിടെ ജീവിച്ചു വരുന്നത്. ആകെയുള്ള 114 ഇതര സംസ്ഥാനക്കാരില്‍ വിവിധ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പത്തുപേരുടെ മേല്‍വിലാസം കണ്ടെത്താനായെങ്കിലും ഇവരെ നാട്ടിലെത്തിക്കാന്‍ പണവും മറ്റു സംവിധാനങ്ങളും ഇല്ല. ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാള്‍, അസം, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് എത്തിപ്പെട്ടവരുടെ മേല്‍വിലാസമാണ് കണ്ടെത്താനായത്. ഇതര സംസ്ഥാനക്കാരില്‍ 40 പുരുഷന്‍മാരും 38 സ്ത്രീകളും ഏത് സംസ്ഥാനക്കാരാണെന്നുപോലും തിരിച്ചറിയാനായിട്ടില്ല. ഇവരില്‍ നൂറോളം പേര്‍ രോഗം ഭേദമാവുകയോ വീട്ടിലെ ചികില്‍സ മാത്രം മതിയാവുന്നവരോ ആണ്.
നിയമപരമായ ചില സാങ്കേതികത്വങ്ങളും ഇവരുടെ മോചനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെയോ ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളിലൂടെയോ മാനസികരോഗികളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന നിയമനിര്‍ദേശമാണ് ഇവരുടെ നാടും വീടും തിരിച്ചറിയുന്നതിന് വലിയ തടസ്സം നില്‍ക്കുന്നത്. ഇതുകൊണ്ട് തന്നെ ഇത്രയും പേര്‍ ഇവിടെ താമസിക്കുന്ന വിവരം പുറംലോകം അറിയുന്നില്ല.
മറ്റു സംസ്ഥാനങ്ങളിലെ ഭാഷ അറിയുന്നവരുടെ സഹായം ഉണ്ടെങ്കില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സാധിക്കും. ഇവരുടെ സംസാരം റിക്കാര്‍ഡ് ചെയ്തു നല്‍കിയാല്‍ ഭാഷാന്തരം നടത്താന്‍ തയ്യാറുള്ളവരുടെ സഹായവും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എന്‍ രാജേന്ദ്രന്‍ പറഞ്ഞു. വിവിധ ഭാഷകള്‍ കൈകാര്യംചെയ്യുന്ന യൂനിവേഴ്‌സിറ്റികളോ വിദ്യഭ്യാസ സ്ഥാപനങ്ങളോ വ്യക്തികളോ മനസ്സുവച്ചാല്‍ ഇവരുടെ ഭാഷ മനസ്സിലാക്കാനും വീട്ടിലെത്തിക്കാനും സാധിക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day