Districts

114 ബൂത്തുകളില്‍ ഇന്ന് റീപോളിങ്

തിരുവനന്തപുരം/മലപ്പുറം/തൃശൂര്‍: വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് മലപ്പുറം, തൃശൂര്‍ ജില്ലകളിലെ 114 ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു. മലപ്പുറത്ത് 105ഉം തൃശൂരില്‍ ഒമ്പതും ബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുക.
വോട്ടിങ് യന്ത്രം തകരാറിലായത് സാങ്കേതിക പിഴവല്ലെന്നും അസ്വാഭാവികമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍നായര്‍ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. റീപോളിങിനു ശേഷമായിരിക്കും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
മലപ്പുറത്ത് 255 വോട്ടിങ് മെഷീനുകളിലാണ് തകരാറുണ്ടായത്. ഇവ മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിക്കണം. ചാവക്കാട് മുതലുള്ള ബൂത്തുകളിലെ യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓരോ ബൂത്തിലും 10 മുതല്‍ 30 വരെ വോട്ട് ചെയ്ത ശേഷമാണ് ക്രമക്കേട് കണ്ടെത്തിയത്. ഏതെങ്കിലും ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ പിന്നീട് റിലീസ് ചെയ്യാന്‍ കഴിയാതെവരുന്നതാണ് ഇന്നലെ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാറ്. മലപ്പുറത്തു നിന്നു ജില്ലാ കലക്ടറുടെ റിപോര്‍ട്ട് ലഭിച്ചിട്ടില്ല. അയച്ചുവെന്നാണ് പറഞ്ഞത്. കലക്ടര്‍ക്കു ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പറയാനാവില്ല. എന്തൊക്കെയാണ് ഉണ്ടായതെന്നു വ്യക്തത വരണമെങ്കില്‍ ജില്ലാതലത്തില്‍ നിന്ന് റിപോര്‍ട്ട് ലഭിക്കണം. തിരഞ്ഞെടുപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലക്ടറെ മാറ്റി പുതിയ ആളെ നിയമിക്കുന്നത് റീപോളിങ് തടസ്സപ്പെടുത്തും. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. മെഷീന്‍ തകരാറുണ്ടായ സ്ഥലങ്ങളില്‍ സാങ്കേതിക വിദഗ്ധരുണ്ടായിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ മോക് പോളിങ് നടത്തി മെഷീന് തകരാറില്ലെന്ന് ഉറപ്പുവരുത്തിയതാണ്. തകരാറ് വന്ന മെഷീനുകള്‍ സീല്‍ ചെയ്ത് മാറ്റി. യന്ത്രത്തകരാറു സംബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it