|    Jul 23 Sun, 2017 2:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

Published : 17th August 2016 | Posted By: SMR

വാഷിങ്ടണ്‍: കടുത്ത പീഡനമുറകള്‍ക്ക് പേരുകേട്ട യുഎസ് സൈനിക തടവറയായ ഗ്വണ്ടാനമോയില്‍നിന്നു 15 തടവുകാരെ യുഎഇയിലേക്കു മാറ്റി. ബറാക് ഒബാമ യുഎസ് പ്രസിഡന്റായതിനു ശേഷം ഇത്രയും കൂടുതല്‍ പേരെ ഒറ്റത്തവണയായി മാറ്റുന്നത് ഇതാദ്യമായാണ്. 12 യമനി പൗരന്മാരെയും മൂന്ന് അഫ്ഗാന്‍ പൗരന്മാരെയുമാണ് മോചിപ്പിച്ചത്.
യുഎസിലെ ലോകവ്യാപാര നിലയത്തില്‍ അല്‍ഖാഇദ ആക്രമണമുണ്ടായതിനു ശേഷം പിടിക്കപ്പെട്ടവരെ  പാര്‍പ്പിക്കാനാണ് ക്യൂബയുടെ നിയന്ത്രണത്തിലുള്ള ദ്വീപില്‍ യുഎസ് തടവറ നിര്‍മിച്ചത്. 2002ല്‍ ജോര്‍ജ് ബുഷ് യുഎസ് പ്രസിഡന്റായിരിക്കെയായിരുന്നു ഇത്. ഇനി 61 പേരാണ് തടവറയില്‍ ബാക്കിയുള്ളത്.
14 വര്‍ഷക്കാലമായിട്ടും യാതൊരു കേസും ചുമത്താതെയാണ് ഇവരെ തടവില്‍ വച്ചത്. പ്രസിഡന്റ് സ്ഥാനത്തുനിന്നു പടിയിറങ്ങുന്നതിനു മുമ്പ് തടവറ അടച്ചുപൂട്ടാനാണ് ഒബാമയുടെ പദ്ധതി. തടവറ തുറന്നതു മുതല്‍ 779 പേരെയാണ് ഇവിടെ പാര്‍പിച്ചിരുന്നത്. ഘട്ടം ഘട്ടമായി ഓരോരുത്തരെയും വിട്ടയച്ചു. ഒമ്പതു പേര്‍ തടവറയില്‍ കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദത്തിനെതിരായ യുഎസിന്റെ പോരാട്ടത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം തടവറ പ്രവര്‍ത്തിക്കുന്നതിലൂടെ തകരാറിലാവുമെന്നാണ് ഒബാമ പറയുന്നത്.
തടവറ കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതായും ഒബാമ ചൂണ്ടിക്കാട്ടി. വര്‍ഷം തോറും 445 ദശലക്ഷം ഡോളര്‍ തുക ഇതിന്റെ പ്രവര്‍ത്തനത്തിനായി ചെലവാകുന്നുണ്ടെന്നും ഒബാമ പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ നിന്നും അനുമതി ലഭിക്കാത്തതിനാലാണ് തടവറ അടച്ചുപൂട്ടാന്‍ സാധിക്കാത്തത്. ഇത് അടച്ചുപൂട്ടരുതെന്നാണ് റിപബ്ലിക്കന്‍മാരുടെ ആവശ്യം.
വിദേശകാര്യസമിതിയുടെ റിപബ്ലിക്കന്‍ ചെയര്‍മാന്‍ തടവുകാരെ മാറ്റിയതില്‍ ഖേദം രേഖപ്പെടുത്തി. താന്‍ പ്രസിഡന്റാവുകയാണെങ്കില്‍ ഗ്വണ്ടാനമോയില്‍ കൂടുതല്‍ കുറ്റവാളികളെ പാര്‍പ്പിക്കുമെന്ന് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടുതല്‍ ശക്തമായ പീഡനമുറകള്‍ നടപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക