|    Mar 18 Sun, 2018 9:12 pm
FLASH NEWS

1100 കോടിയുടെ പദ്ധതി; പ്രതീക്ഷയുടെ പുതുജീവനുമായി കനോലി കനാല്‍

Published : 28th October 2016 | Posted By: SMR

കോഴിക്കോട്: കനാല്‍ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 1100 കോടിയുടെ വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലാണ് കനോലികനാല്‍ എന്ന ചരിത്ര    സ്മാരകത്തിന്റെ നിലനില്‍പ്പ്. ചരിത്ര സുഗന്ധം പേറേണ്ട കനോലികനാല്‍ ഇന്ന് ദുര്‍ഗന്ധം വമിക്കുന്ന നീരൊഴുക്കായി മാറിക്കൊണ്ടിരിക്കെയാണ് പുതിയ പ്രതീക്ഷകള്‍.കനാലിലെ ചെളിയും മാലിന്യവും നീക്കം ചെയ്ത് ആഴം കൂട്ടി ജലഗതാഗതത്തിന് സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി. ഇതില്‍ വിനോദസഞ്ചാരവും ചരക്കുഗതാഗതവും ഉള്‍പ്പെടുന്നു എന്നതും സ്വാഗതാര്‍ഹമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1848ല്‍ മലബാര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന എച്ച് വി കനോലി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഒരു വിശാല ജലഗതാഗതമാര്‍ഗം എന്ന ഉദ്ദേശത്തോടെ തീരദേശത്തു കൂടി നിര്‍മിച്ചതാണ് കനോലി കനാല്‍.  161 വര്‍ഷം പഴക്കമുള്ള കനാല്‍ 11.5 കിലോമീറ്ററാണ് നീളം. ആദ്യ ഘട്ടത്തില്‍ ഏലത്തൂര്‍ പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിക്കുകയായിരുന്നു ചെയ്തത്. രണ്ടാം ഘട്ടത്തില്‍ പൊന്നാനി, ചാവക്കാട് ഭാഗങ്ങളെ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും സംയോജിപ്പിക്കുന്ന കനാലുകളും നിര്‍മിച്ചു തുടങ്ങി. കാനോലി സായിപ്പിന്റെ മരണത്തെ തുടര്‍ന്നു പണി പൂര്‍ത്തിയാവാത്ത പൊന്നാനി ഭാഗത്ത് ഇനി പണി തുടരേണ്ട എന്നു എന്‍ജിനീയര്‍ തീരുമാനിച്ചു. പിന്നീട് വന്ന കലക്ടര്‍ റോബിന്‍സണിന്റെ താല്‍പ്പര്യപ്രകാരമാണ് 1850ല്‍ പണി പൂര്‍ത്തീകരിക്കന്‍ കഴിഞ്ഞത്. റോഡുകളും തീവണ്ടി ഗതാഗതവും ഇല്ലാതിരുന്ന കാലത്ത് കോഴിക്കോട്ടുകാരുടെ പ്രധാന ഗതാഗതമാര്‍ഗമായി മാറിയ കനോലി കനാലിലൂടെ നൂറ് കണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും അക്കാലത്ത് ഒഴുകിയത്. റോഡ് ഗതാഗതം ആരംഭിച്ചതോടെ കനോലികനാല്‍ അപരിചിതനായി മാറുകയായിരുന്നു. ഇന്ന് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന കനാലാണ് പുതുതലമുറയ്ക്ക് കനോലികനാല്‍. ചിലര്‍ക്ക് മാലിന്യം തള്ളാനൊരിടം. പലതവണ കനാല്‍ സംരക്ഷണമെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പദ്ധതികള്‍ പലതും ആരംഭിച്ചെങ്കിലും നവീകരണം എങ്ങും എത്തിയിട്ടില്ല.ജില്ലയില്‍ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതില്‍ കനോലികനാല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കനാലിന്റെ കല്ലായി ഭാഗത്തേക്കുള്ള ഭാഗത്ത് ചെളി നിറഞ്ഞ് അടിഞ്ഞ് കൂടിയ നിലയിലാണ്. കനോലി കനാല്‍ കടന്നു പോവുന്ന സ്ഥലങ്ങളുടെ ഇരുവശത്തുമുള്ള കടകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം കനാലിലേക്ക് തള്ളുന്നു. നഗരത്തിലെ വലിയ അഴുക്കുചാലുകളില്‍ നിന്നുള്ള മലിനജലം മുമ്പ് കടലിലേക്ക് ശുദ്ധീകരിച്ച് ഒഴുക്കിവിടുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് ഈ മലിന ജലമെല്ലാം ഒഴുക്കി വിടുന്നത് കനോലി കനാലിലേക്കാണെന്നു മാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss