kasaragod local

110 കെവി ലൈന്‍ ഇരട്ടിപ്പിക്കല്‍ പുരോഗമിക്കുന്നു

കാസര്‍കോട്: വിദ്യാനഗര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള വടക്കന്‍ കേരളത്തില്‍ നിലവില്‍ മൈലാട്ടിയില്‍ നിന്നു പോകുന്ന 110 കെവി സിംഗിള്‍ സര്‍ക്യൂട്ട് മുഖേനയാണ് വൈദ്യുതി എത്തിക്കുന്നത്. 1965 കാലഘട്ടങ്ങളില്‍ നിര്‍മിച്ച ഈ ലൈന്‍ കാലപ്പഴക്കം കൊണ്ട് വളരെ അപകടകരമായ അവസ്ഥയിലാണുള്ളത്.
പ്രസ്തുത ലൈനിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് കെഎസ്ഇബി 20 കോടി രൂപ ചെലവില്‍ 110 കെവി ഡബിള്‍ സര്‍ക്യൂട്ടായി കൂടുതല്‍ വൈദ്യുതി ശേഷിയുള്ള കമ്പിയും ഉയരത്തില്‍ സുരക്ഷിതമായി പോകുന്ന വിധത്തില്‍ പുതിയ ടവറുകള്‍ ഉപയോഗിച്ച് പുനര്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാനഗര്‍ സബ്‌സ്റ്റേഷനില്‍ നിന്നും സീതാംഗോളി വരെയുള്ള ലൈനിന്റെ പണി പൂര്‍ത്തിയായി വരികയാണ്. അതോടൊപ്പം സീതാംഗോളി മുതല്‍ കുബനൂര്‍ വരെയുള്ള 12 കി.മീ ലൈനിന്റെയും പണി ആരംഭിച്ചിട്ടുണ്ട്.
പുതുതായി നിര്‍മിക്കുന്ന ലൈനിന്റെ ടവറുകള്‍ പഴയ ടവറുകളുടെ സ്ഥാനത്ത് തന്നെ ആയതിനാല്‍ നിലവിലുള്ളവ അഴിച്ചു മാറ്റിയ ശേഷമേ ഇവ നിര്‍മിക്കാന്‍ കഴിയൂ. ഇപ്രകാരമാണ് നിലവില്‍ കാസര്‍കോട് വിദ്യാനഗര്‍ മുതല്‍ സീതാംഗോളി വരെയുള്ള ലൈനിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ കുബനൂര്‍, മഞ്ചേശ്വരം സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കര്‍ണാടകയില്‍ നിന്നുള്ള കൊനാജെ സബ്‌സ്റ്റേഷനില്‍ നിന്നാണ് കെഎസ്ഇബിയും കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡുമായുള്ള പരസ്പര ധാരണ അനുസരിച്ച് വൈദ്യുതി ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഈ സബ്‌സ്റ്റേഷനിലോ കര്‍ണാടകത്തിലെ ലൈനുകളിലോ തകരാറുണ്ടായാല്‍ കുബനൂര്‍, മഞ്ചേശ്വരം ഭാഗങ്ങളില്‍ വൈദ്യുതി തടസ്സം നേരിടും. ഈ അടുത്ത കാലത്ത് അതിശക്തമായ കാറ്റിലും മിന്നലിലും കര്‍ണാടകയില്‍ നിന്നുള്ള ലൈനുകള്‍ തകരാറായതിനാലാണ് ഈ ഭാഗത്ത് ഇപ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങള്‍.
നിലവില്‍ വിദ്യാനഗര്‍-സീതാംഗോളി ഭാഗത്ത് പുതിയ ലൈനിന്റെ നിര്‍മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ മാസം 20 ഓടു കൂടി പ്രസ്തുത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ വിദ്യാനഗര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള ഭാഗങ്ങളിലെ വൈദ്യുതി തടസ്സത്തിന് നല്ലൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കും.
മാത്രമല്ല കൂടുതല്‍ സുരക്ഷിതമായ ലൈനുകളില്‍ കൂടി നല്ല വോള്‍ട്ടേജിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാനും സാധിക്കും. ആയതിനാല്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സമയബന്ധിതമായി ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ നാട്ടുകാര്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
Next Story

RELATED STORIES

Share it