|    Apr 25 Wed, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

11 സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം

Published : 5th April 2018 | Posted By: kasim kzm

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും സുഹൃത്തിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ 10 സിപിഎം പ്രവര്‍ത്തകര്‍ക്കു കോടതി ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. കൂത്തുപറമ്പ് മൂര്യാട്ടെ ബിജെപി പ്രവര്‍ത്തകന്‍ കുമ്പളപ്രവന്‍ പ്രമോദി (51)നെ കൊലപ്പെടുത്തുകയും, സുഹൃത്ത്  ആലക്കാടന്‍ പ്രകാശനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ്- നാല് ജഡ്ജി പി വിജയകുമാര്‍ ശിക്ഷ വിധിച്ചത്.
11 പ്രതികളുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതി താറ്റോട്ട് ബാലകൃഷ്ണന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരും മൂര്യാട് സ്വദേശികളുമായ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം മണ്ടാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍ (51), മാണ്ടിയ പറമ്പത്ത് നാനോത്ത് പവിത്രന്‍ (56), പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍ (58), ചാലിമാളയില്‍ പാട്ടാരി ദിനേശ് (50), അഭിഭാഷകനായ കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ് (32), ജാനകി നിലയത്തില്‍ കേളോത്ത് ഷാജി (36), കെട്ടിടല്‍ വീട്ടില്‍ അണ്ണേരി വിപിന്‍ (28), ചാമാളയില്‍ പാട്ടാരി സുരേഷ്ബാബു (41), കിഴക്കെയില്‍ പാലേരി റിജേഷ് (30), ഷമില്‍ നിവാസില്‍ വാളോത്ത് ശശി (50) എന്നിവരെയാണു ശിക്ഷിച്ചത്.
ഓരോരുത്തരും ഒരു ലക്ഷം വീതമാണു പിഴയൊടുക്കേണ്ടത്. പിഴയടച്ചിലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയില്‍ മൂന്നു ലക്ഷം രൂപ വീതം പ്രമോദിന്റെ ഭാര്യക്കും മാതാവിനും ബാക്കി നാലുലക്ഷം രൂപ പരിക്കേറ്റ ആലക്കാടന്‍ പ്രകാശനും നല്‍കണം. കൊലപാതകത്തിനും വധശ്രമത്തിനുമുള്ള ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി അജയകുമാര്‍ ഹാജരായി. 2007 ആഗസ്ത് 16ന് കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നില്‍ കശുമാവിന്‍ തോട്ടത്തിലാണു കേസിനാസ്പദമായ സംഭവം നടന്ന്. പ്രമോദും സുഹൃത്തും രാവിലെ ജോലിക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss