kozhikode local

11 കേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലെന്ന് വിജിലന്‍സ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ അഴിമതി കേസുകളുടെ അന്വേഷണ കേസുകളില്‍ ഗവര്‍ണറും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവം ഇടപെടുന്നു. അഴിമതി കേസുകളുടെ അന്വേഷണം അനിശ്ചിതമായി നീളുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ ഇടപെടല്‍.
അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് അഴിമതി വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ കെ പി വിജയകുമാര്‍ ഗവര്‍ണര്‍ക്ക് സപ്തംബര്‍ 23ന് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുന്നത്.
അഴിമതി കേസുകളുടെ അന്വേഷണം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിജിലന്‍സ് ഡയറക്ടര്‍ മറുപടി അയച്ചതിന്റെ കോപ്പി പരാതിക്കാരനായ കെ പി വിജയകുമാറിനും വിജിലന്‍സ് ഡയറക്ടര്‍ അയച്ചുകൊടുത്തിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കോര്‍പറേഷനെതിരായ 17 അഴിമതി കേസുകളില്‍ ആറു കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായും ബാക്കിയുള്ള 11 കേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഡയറക്ടറുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മറ്റു വിജിലന്‍സ് കേസുകളുടെ അന്വേഷണം കാരണം ജോലിഭാരവും ചില കേസുകളില്‍ അന്വേഷണം നടത്തുന്നതിന് ഇടക്കാല സ്‌റ്റേ ഉള്ളതുമാണ് കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം വന്നതത്രെ. ഇടക്കാല സ്റ്റേ നീക്കി കേസന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം മരവിപ്പിക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് അട്ടിമറിക്കാനും യാതൊരു ശ്രമവും നടക്കുന്നില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു.
കേസുകള്‍ അന്വേഷിക്കുന്ന ആറ് ഡിവൈഎസ്പിമാരെ മാറ്റിയെന്നും അന്വേഷണം നീതിപൂര്‍വം നടക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഇല്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ അയച്ച ഹരജിയില്‍ കെ പി വിജയകുമാര്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it