11 പേരുടെ ജീവന്‍ കവര്‍ന്ന താഴത്തങ്ങാടി ബസ് ദുരന്തത്തിന് എട്ടുവയസ്സ്‌

കോട്ടയം: മീനച്ചിലാറിനെ കണ്ണീര്‍ക്കടലാക്കിയ താഴത്തങ്ങാടി ബസ് ദുരന്തത്തിന് ഇന്ന് എട്ടാണ്ട്. 2010 മാര്‍ച്ച് 23നു പകല്‍ 2.10ന് താഴത്തങ്ങാടിയില്‍ മീനച്ചിലാറ്റിലേക്ക് സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രക്ഷാപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 11 പേരാണു മരിച്ചത്. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ബസ്സില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നു.
ചേര്‍ത്തലയില്‍നിന്നു കോട്ടയത്തേക്കു വരുകയായിരുന്ന പിടിഎസ് ബസ് താഴത്തങ്ങാടിയില്‍ റോഡിന് സമീപത്തെ വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് 30 അടിയിലേറെ ആഴമുള്ള മീനച്ചിലാറ്റിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരില്‍ ഏറെപ്പേരും കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ പകല്‍പ്പൂരം കാണാന്‍ പുറപ്പെട്ടവരായിരുന്നു. മറിഞ്ഞയുടന്‍ മീനച്ചിലാറ്റിലെ അറുപുഴ കയത്തിലേക്ക് ബസ് മുങ്ങി. കൊച്ചിയില്‍ നിന്നെത്തിയ നേവി സംഘം രാത്രി എട്ടോടെയാണ് ബസ് ഉയര്‍ത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരനും സംഭവത്തില്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ കോട്ടയം കുമ്മനം സ്വദേശി വാലയില്‍ സതീഷ്(42) ആണ് കുഴഞ്ഞുവീണു മരിച്ചത്.
അപകടവിവരമറിഞ്ഞ ഉടന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയുമായി ബന്ധപ്പെട്ട് നേവിയുടെ സഹായം അടിയന്തരമായി ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. റോഡിന് ഏറ്റവും വീതികുറഞ്ഞ സ്ഥലത്താണ് അപകടം സംഭവിച്ചത്.
ദുരന്തത്തില്‍ 14ഓളം പേരുടെ ജീവന്‍ രക്ഷിച്ചത് കടത്തുവള്ളക്കാരന്‍ കബീറായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ പുരസ്‌കാരം ന ല്‍കി ആദരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ സമീപവാസികളായ അറവുപുഴ മടക്ക ല്‍ ഷമീര്‍, അബ്ദുര്‍ റഹീം, റഷീദ് എന്നിവരെയും സര്‍ട്ടിഫിക്കറ്റും ഷീല്‍ഡും നല്‍കി ആദരിച്ചിരുന്നു.
Next Story

RELATED STORIES

Share it