11 കോടിയുടെ ഹഷീഷ് ഓയിലുമായി പിടിയില്‍; സംസ്ഥാനത്തെ ഏറ്റവും വലിയ ഹഷീഷ് വേട്ട

കുമളി: പൊതുവിപണിയില്‍ 11 കോടി രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രാജാക്കാട് തളിയച്ചിറക്കവല കൊല്ലപ്പള്ളില്‍ പ്രസാദ് (49), ശാന്തന്‍പാറ വരിക്കത്തറപ്പേല്‍ മനോജ് (35) എന്നിവരാണ് കാറില്‍ കടത്താന്‍ ശ്രമിച്ച ഹഷീഷ് ഓയിലുമായി അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 37 4509 നമ്പര്‍ മാരുതി ഓള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി.
കേരളത്തിലെ ഏറ്റവും വലിയ ഹഷീഷ് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ കുമളിക്കു സമീപം ചെളിമടയില്‍ രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. വാഹനത്തിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന മനോജാണ് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹഷീഷ് കൈവശം വച്ചിരുന്നത്. പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇയാള്‍ ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് മറച്ചാണു സൂക്ഷിച്ചിരുന്നത്. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തു സംഘത്തിലെ പ്രധാന കണ്ണികളാണ് ഹഷീഷ് ഓയിലുമായി അറസ്റ്റിലായതെന്നും രണ്ടുവര്‍ഷം മുമ്പ് മനോജിന്റെ സഹോദരന്‍ അനിലിനെ ആറ് കിലോഗ്രാം ഹഷീഷ് ഓയിലുമായി എക്‌സൈസ് പിടികൂടിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നു കൊണ്ടുവരുന്ന ഹഷീഷ് ഓയില്‍ രാജകുമാരിയില്‍ സംഭരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത് ഇവരാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍മാരായ സി കെ സുനില്‍രാജ്, ജി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, ഹഷീഷ് ഓയില്‍ എന്നിവയുടെ വില്‍പന സജീവമായി നടക്കുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ നടത്തിയ ശ്രമഫലമായാണ് പ്രതികള്‍ വലയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആന്ധ്രപ്രദേശില്‍ ഒരു കിലോഗ്രാം ഹഷീഷ് ഓയിലിന് രണ്ടുലക്ഷം രൂപയാണു വില. ഇത് പല കൈമറിഞ്ഞ് ഉപയോഗിക്കുന്ന ആളില്‍ എത്തുമ്പോഴേക്കും ഒരു കോടി രൂപ വിലയിലെത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it