|    May 26 Fri, 2017 5:22 am
FLASH NEWS

ഹോപ് പ്ലാന്റേഷന്‍ ഭൂമി കൈമാറ്റക്കേസ്: ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്

Published : 7th August 2016 | Posted By: SMR

മൂവാറ്റുപുഴ: ഹോപ് പ്ലാന്റേഷന്‍ ഭൂമി കൈമാറ്റക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരേ ത്വരിതാന്വേഷണത്തിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ ഉത്തരവിട്ടു. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷന്‍ എംഡി പവന്‍ പോടാര്‍, ബഥേല്‍ പ്ലാന്റേഷന്‍ എംഡി തോമസ് മാത്യു, ലൈഫ് ടൈം പ്ലാന്റേഷന്‍ എംഡി ഷീല്‍ പാണ്ഡെ എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തണം.
വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് അന്വേഷണം നടത്തി സപ്തംബര്‍ 30നകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. പ്ലാന്റേഷന്‍ ഭൂമി വിട്ടുകൊടുത്തതുസംബന്ധിച്ചു നിരവധി സംശയങ്ങള്‍ കോടതി ഉന്നയിച്ചു.  പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എന്തിനുവേണ്ടിയാണു ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിച്ച് മിച്ചഭൂമി പ്ലാന്റേഷന്‍കാര്‍ക്ക് വിട്ടുകൊടുത്തത്, നിയമവകുപ്പിന്റെ അനുമതിയോടെയാണോ ഉത്തരവ് പുറപ്പെടുവിച്ചത്, മുന്‍ സര്‍ക്കാരുകളുടെ നയത്തില്‍ മാറ്റംവരുത്താന്‍ കാരണമെന്ത്, ഏതു സര്‍വേയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് 10,000 തൊഴിലാളികള്‍ക്കു പരോക്ഷമായും 3000 പേര്‍ക്കു പ്രത്യക്ഷമായും ജീവിതമാര്‍ഗം നഷ്ടപ്പെടുമെന്നു കണക്കാക്കിയത് തുടങ്ങിയ സംശയങ്ങളാണു പ്രധാനമായും ഉന്നയിച്ചത്. ഹോപ് പ്ലാന്റേഷന്‍, പീരുമേട് ബഥേല്‍ പ്ലാന്റേഷന്‍, പീരുമേട് ലൈഫ് പ്ലാന്റേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 708.42 ഏക്കര്‍ മിച്ചഭൂമി 1963ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുനല്‍കി പതിച്ചുനല്‍കിയെന്നു ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കേസ് ഫയല്‍ ചെയ്തത്.
വിവാദ തീരുമാനത്തിനും ഭൂമി ഹോപ് പ്ലാന്റേഷനും മറ്റും നല്‍കിയതിനുമെതിരേ ഹൈറേഞ്ച് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് എം എ റഷീദ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും 2016 മാര്‍ച്ച് നാലിന് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉത്തരവ് സര്‍ക്കാര്‍ ഏപ്രില്‍ 16നു പിന്‍വലിച്ചു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അന്വേഷണം നടക്കട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day