|    Jan 20 Fri, 2017 12:55 am
FLASH NEWS

പരിവാര പശുവിന്റെ മൂന്നാംകൊമ്പ്‌

Published : 7th August 2016 | Posted By: SMR

ഇ  ജെ  ദേവസ്യ

ജീവിതത്തിന്റെ സര്‍വകലാശാലയില്‍നിന്ന് സവര്‍ണ ഫാഷിസം മരണത്തിലേക്ക് ആട്ടിയോടിച്ച രോഹിത് വെമുലയുടെ ചോരത്തുള്ളികള്‍ ദലിത് ചേരികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സംഘടിച്ച് തെരുവിലെത്തിത്തുടങ്ങിയിരിക്കുന്നു. ദലിതരോ ന്യൂനപക്ഷങ്ങളോ സംഘടിക്കുന്നതില്‍ അങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്ന ആര്‍എസ്എസ്-സംഘപരിവാര ഭരണകൂടത്തെ ഇത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേ ഗുജറാത്തിലെ സബര്‍മതി മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിയില്‍ പങ്കാളികളായത് ഒന്നോ രണ്ടോ ആളുകളല്ല. വിവിധ ദലിത് സമുദായങ്ങളില്‍നിന്നായി കാല്‍ലക്ഷത്തോളം പേരാണ് അണിനിരന്നത്. പിന്തുണയുമായി മുസ്‌ലിം സംഘടനകള്‍ കൂടി രംഗത്തുവന്നതോടെ ഈ ഒത്തുചേരല്‍ എങ്ങനെയെങ്കിലും തടയുന്നതിന് ഭരണകൂടം അവസാന നിമിഷം വരെ ആവുന്നതെല്ലാം ചെയ്തു. അതിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ചിരുന്നതുപോലെ അഹ്മദാബാദ് കലക്ടറേറ്റിനു മുമ്പില്‍ റാലി നടത്തുന്നതില്‍നിന്നു സംഘാടകരെ പോലിസ് വിലക്കി.
എന്നാല്‍, റാലിയുടെ മുന്‍നിരയില്‍ ഉണ്ടാവുക രോഹിത് വെമുലയുടെ കുടുംബാംഗങ്ങളും 2012ല്‍ നരേന്ദ്രനഗര്‍ ജില്ലയില്‍ നടന്ന ജനകീയ പ്രതിഷേധപ്രകടനത്തിനു നേരെയുണ്ടായ പോലിസ് വെടിവയ്പില്‍ മരിച്ചവരുടെ ബന്ധുക്കളുമായിരിക്കുമെന്നു മനസ്സിലായതോടെ നടക്കാന്‍ പോവുന്ന റാലിയുടെ വൈകാരികമായ ആഴം എന്തായിരിക്കുമെന്ന ചിന്ത ഭരണകൂടത്തെയും പോലിസിനെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ സബര്‍മതി മേഖലയില്‍ റാലി നടത്തുന്നതിന് അനുമതി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വര്‍ത്തമാനകാല ഇന്ത്യന്‍ അവസ്ഥയില്‍ അവര്‍ണരുടെ ഒരു പ്രതിഷേധറാലിക്ക് സബര്‍മതിക്കര വേദിയായത് ചരിത്രം എങ്ങനെയാവും രേഖപ്പെടുത്തുകയെന്ന് കാത്തിരുന്നു കാണാം.
സബര്‍മതിക്കരയില്‍ പ്രതിഷേധറാലി നടക്കുന്നതിനിടയില്‍ നരേന്ദ്രമോദിയുടെ സംഘപരിവാര സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ മറ്റൊരു സംഭവം യുപിയിലുണ്ടായതും യാദൃച്ഛികമല്ല. അവിടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ബിജെപി നടത്താനിരുന്ന 40,000 ദലിതര്‍ അണിനിരക്കേണ്ടിയിരുന്ന പ്രചാരണറാലി ദലിതര്‍ ബഹിഷ്‌കരിച്ചു. ഗുജറാത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുന്ന ദലിത് പീഡനത്തില്‍ പ്രതിഷേധിച്ചുള്ള ദലിത് പിന്‍മാറ്റത്തെ തുടര്‍ന്ന് ബിജെപിക്ക് റാലി റദ്ദാക്കേണ്ടിവന്നു. റാലിക്കിടെ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രക്ഷോഭത്തെ ഭയന്ന്, സ്ഥലത്തെ ദലിത് കോളനികളിലൂടെ നടത്താന്‍ നേരത്തേ നിശ്ചയിച്ചിരുന്ന റാലി ശേഷിക്കുന്നവരെയും കൊണ്ട് നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന കോളനികളിലൂടെ മതിയെന്ന് പുതുക്കിനിശ്ചയിക്കേണ്ടിയും വന്നു. റാലി റദ്ദാക്കിയതിന് കാലാവസ്ഥയെയാണ് ബിജെപി ജാമ്യം നിര്‍ത്തിയതെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ മാറ്റങ്ങളാണെന്ന് അടിവരയിട്ടു പറയാനാവും.
ഗുജറാത്തിലെ ദലിത് മഹാറാലിയും യുപിയിലെ ബിജെപി റാലിയില്‍നിന്നുള്ള ദലിത് പിന്‍മാറ്റവും നടക്കുന്നത് ജൂലൈ 31ന് ആയിരുന്നെങ്കില്‍ ജൂലൈ 24ന് പഞ്ചാബിലെ ഫഗ്‌വാരയില്‍ മറ്റൊരു മുന്നേറ്റമുണ്ടായി. രണ്ടുദിവസങ്ങളിലായി പ്രദേശത്ത് അക്രമസംഭവങ്ങള്‍ അഴിച്ചുവിട്ട ശിവസേന സ്ഥലത്തെ കശ്മീരികളുടെ കടകള്‍ തകര്‍ക്കുകയും മുസ്‌ലിം പള്ളിക്കു നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതിനെതിരേ പള്ളി അധികൃതര്‍ പോലിസില്‍ പരാതിപ്പെടാനും സംഭവത്തില്‍ പ്രതിഷേധിക്കാനുമിരിക്കെ 24ന് ഉച്ചയ്ക്ക് സംഘടിച്ചെത്തിയ ശിവസേനക്കാര്‍ മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പള്ളിക്കു മുന്നില്‍ വച്ച് പാകിസ്താന്‍ പതാക കത്തിക്കുകയും പള്ളിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതെല്ലാം നടന്നത് പോലിസിന്റെ കണ്‍മുമ്പിലായിരുന്നെങ്കിലും തടയാനുള്ള ഒരു ശ്രമവും നടന്നില്ല. എന്നാല്‍, അക്രമത്തിന്റെയും മുദ്രാവാക്യത്തിന്റെയും മാത്രമല്ല, ഇന്ത്യയിലെ ഒരു മുസ്‌ലിം പള്ളിക്കു മുമ്പില്‍ വച്ച് പാകിസ്താന്‍ പതാക കത്തിക്കുക കൂടി ചെയ്ത ശിവസേനയുടെ രാഷ്ട്രീയവും ലക്ഷ്യവും തിരിച്ചറിഞ്ഞ സ്ഥലത്തെ ദലിത്, സിഖ് വിഭാഗക്കാര്‍ സംഘടിച്ചെത്തി അക്രമികളെ അടിച്ചോടിക്കുകയായിരുന്നു. മുകളില്‍ പറഞ്ഞ മൂന്നു സംഭവങ്ങളും ഗുജറാത്തിലെയോ യുപിയിലെയോ പഞ്ചാബിലെയോ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമല്ല, മറിച്ച് ഇന്ത്യയിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനിയും സംഭവിക്കാന്‍ ഇടയുള്ളതും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ അനിവാര്യമായ ഐക്യപ്പെടലിലേക്ക് നയിക്കുന്നതുമായ ചില സൂചകങ്ങള്‍ മാത്രമാണത്.
പശു ഒരു കാണ്ടാമൃഗമല്ലെന്ന് (കാണ്ടാമൃഗവും പശുവും ക്ഷമിക്കട്ടെ) ആര്‍ക്കുമറിയാം, അതൊരു വിശുദ്ധ മൃഗമല്ലെന്ന് ഏതു കുട്ടിക്കും അറിയുംപോലെ. എന്നിരിക്കെ ആ പാവം മൃഗത്തെ രാജ്യത്തെ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ കൊമ്പുകുലുക്കിവിട്ട സംഘപരിവാരത്തിന്റെ ഗോരക്ഷാസമിതിക്കു നേരെ അത് തിരിഞ്ഞ് ഇടഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് വര്‍ത്തമാനകാല രാഷ്ട്രീയ ഇന്ത്യയില്‍ ഇന്നു കാണുന്നത്. നാളതുവരെ മോഷ്ടാക്കളെയും രാജ്യദ്രോഹികളെയും ക്രിമിനലുകളെയും വിചാരണചെയ്തും ചെയ്യാതെയും ശിക്ഷിക്കാന്‍ ഉപയോഗിച്ച കുരിശില്‍ ക്രിസ്തു തറയ്ക്കപ്പെട്ടതോടെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസപ്രമാണങ്ങളുടെയും അടയാളമായി അതു മാറുകയായിരുന്നു. അക്രമോല്‍സുകയായി ദലിത്ഭൂമിയില്‍ എത്തിയ സംഘപരിവാര പശു കുറഞ്ഞകാലംകൊണ്ട് അവിടത്തെ രാഷ്ട്രീയ കാലാവസ്ഥയോടും യാഥാര്‍ഥ്യത്തോടും ഇണങ്ങി മൂന്നാംകൊമ്പ് മുളച്ച് തീറ്റിപ്പോറ്റി അയച്ച സവര്‍ണ ഫാഷിസത്തിനെതിരേ തന്നെ തിരിഞ്ഞിരിക്കുന്നു. കേവലം ഒരു മൃഗത്തെ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേയുള്ള ഒരായുധമായി ഉപയോഗിച്ച സംഘപരിവാര സവര്‍ണ ഫാഷിസത്തിനെതിരേ അതിജീവിക്കാന്‍ പോരാട്ടം, അല്ലെങ്കില്‍ മരണം എന്ന് തിരിച്ചറിഞ്ഞ ഒരു മര്‍ദ്ദിതവര്‍ഗത്തിന്റെ കൊടിയടയാളമായി പശു മാറുന്ന ചിത്രമാവും ഇനി തെളിഞ്ഞുവരുക.
വര്‍ഗവെറിയില്‍ കൂലിവേലയില്‍നിന്നുപോലും അകറ്റിനിര്‍ത്തപ്പെട്ട ദലിത് വിഭാഗത്തിലെ നാലു യുവാക്കള്‍ ഉനയില്‍ അന്നത്തെ അരിക്കുള്ള വക കണ്ടെത്താന്‍ സിംഹം കൊന്നുകളഞ്ഞ ഒരു പശുവിന്റെ തുകല്‍ ഉരിച്ചെടുക്കുമ്പോള്‍ ഗോരക്ഷാ സേനയുടെ കണ്ണില്‍പ്പെടുന്നു. കെട്ടിയിട്ടു മര്‍ദ്ദിക്കുകയും ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാത്രമല്ല, ഏറ്റുവാങ്ങേണ്ടിവന്ന ശിക്ഷ. ഗോഹത്യ—ക്ക് പോലിസ് കേസും പിന്നാലെ വന്നു. എതിര്‍ത്തവരെയും ചോദ്യംചെയ്തവരെയുമെല്ലാം കള്ളക്കേസില്‍ കുടുക്കി. സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ കുടുങ്ങിയ 20 ദലിത് യുവാക്കള്‍ അവരുടെ ആദ്യത്തേതും നാളിതുവരെ അവസാനത്തേതുമായിരുന്ന പ്രതിഷേധമുറ- ആത്മഹത്യയില്‍- അഭയം തേടാന്‍ ശ്രമിച്ചു. ഒരാള്‍ മരിച്ചു.
ദലിതനായി ജനിച്ചുപോയതാണ് തെറ്റ് എന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യചെയ്ത രോഹിത് വെമുലമാരുടെ ജീവത്യാഗം വെറുതെയാവുന്നില്ല. ആദ്യത്തെയും അവസാനത്തെയും ആയുധം ആത്മഹത്യയല്ലെന്ന് ദലിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുകയാണ്. നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള മൂല്യമോ ആനുകൂല്യമോ അനുവദിച്ചുകിട്ടാത്ത ഒരു ജീവന്‍ മാത്രമേ തങ്ങള്‍ക്കു നഷ്ടപ്പെടാനുള്ളൂ എന്ന് തിരിച്ചറിഞ്ഞ അവര്‍ നേടാനുള്ളതിനെക്കുറിച്ച് ബോധവാന്‍മാരാവുകയാണ്. അതുകൊണ്ടാണ് സംഘപരിവാര പശുവിന് മൂന്നാംകൊമ്പ് നല്‍കി ദലിതര്‍ തിരിച്ചടിക്ക് ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക