|    Oct 24 Tue, 2017 9:44 am
FLASH NEWS

ആദിവാസി യുവതിക്ക് ചികില്‍സ നിഷേധിച്ച സംഭവം: യുവജനസംഘടനകളുടെ പ്രതിഷേധം ശക്തം; ഇന്ന് ഉന്നതതല യോഗം

Published : 5th August 2016 | Posted By: SMR

കാസര്‍കോട്: ആദിവാസി യുവതി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാത്തതിനാല്‍ ചികില്‍സ നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധം. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാത്തതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ആദിവാസി വിഭാഗത്തില്‍പെട്ട മധൂര്‍ ചേനക്കോട്ടെ സരസ്വതിക്ക് ചികില്‍സ നിഷേധിച്ചത്. സംഭവം ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മുസ്‌ലിം യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തി.
ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. സംഭവത്തെ കുറിച്ച് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 11ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഡിഎംഒ ഡോ. എ പി ദിനേശ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ യോഗമാണ് വിളിച്ചുചേര്‍ത്തിട്ടുള്ളത്. ആശുപത്രിയിലെ നിലവിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും കൈക്കൂലി സംഭവം അന്വേഷിക്കാനുമാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.
അതിനിടെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സംഭവം മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഇരുവരും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തായിരുന്ന ഡിഎംഒയോട് സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ യുവജന സംഘടനകള്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലേയും അതിര്‍ത്തി മേഖലകളിലേയും ആയിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നുമില്ലാത്തതിനാല്‍ രോഗികള്‍ ഏറെ ദുരിതത്തിലാണ്. ഇതിനിടയിലാണ് വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാര്‍ നിര്‍ധനയായ യുവതിയോട് ശസ്ത്രക്രിയക്ക് കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
പണം ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ഇവരെ ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരിച്ചയക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് ബന്ധപ്പെട്ട ഡോക്ടറെ കണ്ട് കൈമടക്ക് നല്‍കിയില്ലെങ്കില്‍ ഇവിടെ നിര്‍ധന രോഗികളെ തിരിച്ചയക്കുന്നത് പതിവായിട്ടുണ്ട്.
അനസ്തീസ്യ വിഭാഗത്തില്‍പെട്ട ഒരു ഡോക്ടറാണ് നിര്‍ധന യുവതിയെ തിരിച്ചയച്ചതെന്നാണ് പരാതി. അനസ്തീസ്യ ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെ ജനറല്‍ ആശുപത്രിയില്‍ ഈ ഡോക്ടറുടെ നേതൃത്വത്തില്‍ രോഗികളില്‍ നിന്ന് കൈമടക്ക് വാങ്ങുന്നത് പതിവായിട്ടുണ്ട്.
യൂത്ത്‌ലീഗ് ജനറല്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. അഷറഫ് എടനീര്‍, ഹാഷിം ബംബ്രാണി, സി എ ഹമീദ്, സിദ്ദീഖ് സന്തോഷ് നഗര്‍, മമ്മുചാല, അബ്ദുര്‍റഹ്മാന്‍, സമീര്‍ സംസാരിച്ചു. കാസര്‍കോട് എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറി ഉപരോധിച്ചു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര, പി ശിവപ്രസാദ്, സി എം ബഷീര്‍ നേതൃത്വം നല്‍കി.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. എം സി വിമല്‍രാജ് യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക