|    Dec 16 Sun, 2018 1:23 pm
FLASH NEWS

10752 വിദ്യാര്‍ഥികള്‍ ഇന്ന് ജില്ലയില്‍ ആദ്യാക്ഷരം നുണയും

Published : 1st June 2018 | Posted By: kasim kzm

ആലപ്പുഴ: യൂനിഫോം അണിഞ്ഞ് തോളില്‍ ബാഗും തൂക്കി കുടയും ചൂടി അറിവിന്റെ മാധുര്യം നുകരാന്‍ കുരുന്നുകള്‍ ഇന്ന് പളളിക്കുടത്തിന്റെ പടിചവിട്ടും. കളിയും ചിരിയും കരച്ചിലുമായെത്തുന്ന നവാഗതരെ വരവേല്‍ക്കാന്‍ വര്‍ണകടലാസുകളും ബലൂണുകളും ബാനറുകളുംകൊണ്ട് വിദ്യാലയങ്ങള്‍ അലങ്കരിച്ചു കഴിഞ്ഞു. അറിവിന്റെ ലോകത്തേക്കുളള ആദ്യദിനം കുട്ടികള്‍ക്ക് ആനന്ദ പ്രദമാക്കുന്നതിന് പ്രവേശനോല്‍സവം ഉള്‍പ്പെടെയുളള പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10752 വിദ്യാര്‍ത്ഥികളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്.
അക്ഷരലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്ന കുരുന്നുകൂട്ടുകാരെ സ്വാഗതം ചെയ്യാന്‍ ഇത്തവണ വിപുലമായ  ആഘോഷ പരിപാടികള്‍. കുട്ടികൂട്ടുകാരുടെ ആദ്യ സ്‌കൂള്‍ ദിനം ആഘോഷമാക്കി മാറ്റാന്‍ സ്—കൂളുകളും ഒരുങ്ങി. പതിവിന് വിപരീതമായി സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ജില്ലതല പരിപാടികള്‍ക്ക് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് തീരദേശ മേഖലയില്‍ നിന്നുള്ള സ്‌കൂളാണ്. പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളാണ് ഇത്തവണത്തെ ജില്ലാതല ആഘോഷങ്ങള്‍ക്ക് വേദിയാകുക. സ്‌കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പൊള്ളേത്തൈ സ്‌കൂളിനെ ഇത്തവണത്തെ ജില്ലാതല പ്രവേശനോല്‍സവത്തിനായി തിരഞ്ഞെടുത്തത്. ഇന്നുരാവിലെ 9.30ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ അധ്യക്ഷതവഹിക്കും. ഈശ്വര പ്രാര്‍ഥനയ്്ക്കുശേഷം സ്വാഗത ഗാന  നൃത്താവിഷ്—കാരം ഉണ്ടാകും. ഉദ്ഘാടനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ സന്ദേശം അവതരിപ്പിക്കും. തുടര്‍ന്ന് പ്രവേശനോല്‍സവത്തിന്റെ രംഗാവിഷ്—കാരവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.
എസ്എസ്എല്‍സിക്ക് മുഴുവന്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കും. ക്ലാസ്‌റൂം ലൈബ്രറിക്കുള്ള പുസ്തക വിതരണം മുന്‍എംപി ടിജെ ആഞ്ചലോസ് നിര്‍വഹിക്കും. പാചക ജീവനക്കാര്‍ക്കുള്ള സുരക്ഷ സാമഗ്രികളുടെ വിതരണം,കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം എന്നിവ നടക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.
പാഠപുസ്തകങ്ങളും സ്ലെയ്റ്റും ബാഗും കുടയും പുത്തന്‍ ഉടുപ്പും വരെ സൗജന്യമായി നല്‍കിയാണ് പല വിദ്യാലയങ്ങളിലും കുട്ടികളെ ക്ലാസ് മുറിയിലേക്ക് പ്രവേശിപ്പിക്കുക. ഇക്കുറിയും മുടങ്ങാതെ നഗരങ്ങളിലും നാട്ടില്‍ പുറങ്ങളിലുമുളള  ഒട്ടുമിക്കസാംസ്‌കാരിക സംഘടനകളും വായനശാലാ കമ്മിറ്റികളും കുട്ടികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കാനും മല്‍സരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss