|    Sep 21 Fri, 2018 7:26 pm

10,607 പേര്‍ക്ക് സാന്ത്വനമേകി കലക്ടറുടെ സേവനസ്പര്‍ശം

Published : 9th May 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്റെ നേതൃത്വത്തില്‍ നടന്ന ആദ്യഘട്ട സേവനസ്പര്‍ശം പരിപാടി കാര്‍ത്തികപ്പള്ളിയില്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ തീര്‍പ്പാക്കിയത് 10,607 പരാതികള്‍. ആകെ ലഭിച്ച 12,925 അപേക്ഷകള്‍ പരിഗണിച്ചപ്പോഴാണിത്. ഇന്നലെ ഹരിപ്പാട് ഭവാനി ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ത്തികപ്പള്ളി താലൂക്ക് സേവനസ്പര്‍ശത്തില്‍ 2644 അപേക്ഷകള്‍ ലഭിച്ചു. അതില്‍ 2117 അപേക്ഷകള്‍ക്ക് അപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പ്പിച്ചു. ചികിത്സാ ധനസഹായത്തിനും  ബിപിഎല്‍ ആകാനും വീടും സ്ഥലവും ലഭിക്കാനുമുള്ള അപേക്ഷകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലും ലഭിച്ചത്. കാര്‍ത്തികപ്പള്ളിയില്‍ രാവിലെ ഏഴിന് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഉദ്യോസ്ഥരെത്തി. തുടക്കത്തില്‍ തന്നെ പരാതിക്കാരുടെ നീണ്ടനിര രൂപം കൊണ്ടിരുന്നു. റവന്യൂ, സര്‍വേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ടപരാതികളും താലൂക്ക്തല അദാലത്തിലെത്തി.   പഞ്ചായത്ത്, നഗരസഭതല ഉദ്യോഗസ്ഥരും വിവിധ വകുപ്പുതല മേധാവികളും നേരത്തേ തന്നെ സന്നിഹിതരായി.  വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ സ്വീകരിക്കാന്‍ അഞ്ചു പേരടങ്ങിയ വിവിധ കൗണ്ടറുകള്‍  സജ്ജമാക്കിയിരുന്നു. പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കളക്ടറെ സമീപിക്കാന്‍ അവസരം ഒരുക്കി.  തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കളക്ടറെ അറിയിക്കും. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, എഡിഎം എം കെ. കബീര്‍, ആര്‍ഡിഒ വി രാജചന്ദ്രന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സി രാജന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി എസ് സ്വര്‍ണമ്മ, ആര്‍ സുകു, ലീഡ് ബാങ്ക് മാനേജര്‍ കെ എസ് അജു, കാര്‍ത്തികപ്പള്ളി  തഹസില്‍ദാര്‍ പി  മുരളീധരക്കുറുപ്പ്, അഡീഷണല്‍ തഹസില്‍ദാര്‍ എസ് വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അവസാന പരാതിക്കരന്റെയും അപേക്ഷ സ്വീകരിച്ചശേഷമാണ് ജില്ലാകലക്ടര്‍ മടങ്ങിയത്.  പരാതി നല്‍കാനെത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും  ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. താലൂക്ക് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം, ഹരിപ്പാട് അഗ്നി ശമന സേന, സ്‌ററുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങള്‍ എന്നിവര്‍ നടത്തിപ്പിന് സഹായവുമായി  സ്ഥലത്തുണ്ടായിരുന്നു. സേവനസ്പര്‍ശം പരിപാടിയുടെ ഭാഗമായി അക്ഷയ മുഖേന നടത്തിയ ആധാര്‍ എന്റോള്‍മെന്റിലൂടെ ഇതുവരെ 60 പേര്‍ക്ക് ആധാര്‍ സേവനവും  ലഭ്യമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss