1056 കുട്ടികള്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്

തിരുവനന്തപുരം: കാവല്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലായി നിയമവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള 1056 കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. കുറ്റകൃത്യങ്ങളി ല്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്കു നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരുന്നതിനായി ആവിഷ്‌കരിച്ചതാണു കാവല്‍ പദ്ധതി. കുട്ടികള്‍ വീണ്ടും കേസുകളില്‍പ്പെടുന്നതിന്റെ എണ്ണം വലിയ തോതില്‍ കുറയ്ക്കാന്‍ കാവല്‍ പദ്ധതിയിലൂടെ സാധിച്ചു.
ആദ്യം തുടങ്ങിയ മൂന്നു ജില്ലകളില്‍ നടത്തിയ പഠനം അനുസരിച്ച് നേരത്തെ 100ല്‍ 15 കുട്ടികള്‍ വീണ്ടും കേസില്‍പ്പെട്ട് ബാലനീതി ബോര്‍ഡിന് മുമ്പി ല്‍ വന്നിരുന്നെങ്കില്‍ കാവല്‍ ഇടപെടലിനു ശേഷം അത് 100ല്‍ മൂന്ന് എന്ന നിരക്കിലേക്കു കുറഞ്ഞിട്ടുണ്ട്. കേസുണ്ടായതിനെ തുടര്‍ന്നും അല്ലാതെയും സ്‌കൂളില്‍ നിന്നു കൊഴിഞ്ഞുപോയ 250ഓളം കുട്ടികളെ പഠനത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിക്ക് സാധിച്ചു. കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ടവരാണ് ഇവരില്‍ ഏറെയും. മുമ്പേ പഠനം മുടങ്ങിയ കുട്ടികള്‍ ഓപണ്‍ സ്‌കൂള്‍ വഴിയാണു പഠനം തുടരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നൈപുണ്യ വികസന കോഴ്സുകളില്‍ 64 കുട്ടികള്‍ പഠിക്കുന്നു. ഇത്തരം കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ കുട്ടികള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.
കേസുകള്‍ തീര്‍പ്പാക്കപ്പെട്ടവരില്‍ കുറച്ചു പേരെ കുടുംബത്തിന്റെ സഹകരണത്തോടെ വിദേശങ്ങളില്‍ പുനരധിവസിപ്പിച്ചു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും പോലിസിന്റെ സഹായവും കുട്ടികളില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഏറെ സഹായിക്കുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇത്തരം പിന്തുണയും സഹായവും കിട്ടാത്തവരും ലഹരി മാഫിയയില്‍ അകപ്പെട്ടതുമായ കുട്ടികളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുക ശ്രമകരമാണ്. പോലിസ്, ബാലനീതി ബോര്‍ഡ്, വനിതാ ശിശു വികസന വകുപ്പ്, തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ യോജിച്ച പ്രവര്‍ത്തനം സാധ്യമാക്കുന്നതില്‍ വിജയിച്ചു എന്നതാണു കാവലിന്റെ പ്രസക്തി. ഇതു തന്നെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ കാവല്‍ പദ്ധതി മാതൃകയാക്കാന്‍ ശ്രമിക്കുന്നതും.
2017 ഏപ്രിലിലാണു കാവ ല്‍ പദ്ധതിക്കു തുടക്കമായത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണു പദ്ധതി തുടങ്ങിയത്. 2018 ജനുവരി ഒന്നു മുതല്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചു. സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ തുടങ്ങിയ പദ്ധതിക്ക് വനിതാ ശിശു വികസന വകുപ്പാണു നേതൃത്വം നല്‍കുന്നത്. സംയോജിത സംരക്ഷണ പദ്ധതിയുടെ കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റുകളുടെ മേ ല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നല്‍കുന്നതു ബംഗ ളൂരു നിംഹാന്‍സ് ആണ്. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ വഴിയാണു പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കാവല്‍ പദ്ധതി വ്യാപിപ്പിക്കുമെന്നു മന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളില്‍ കൂടിയാണു പദ്ധതി വ്യാപിപ്പിക്കുന്നത്.





Next Story

RELATED STORIES

Share it