|    Dec 13 Thu, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

10,12 ക്ലാസുകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ മതം രേഖപ്പെടുത്തണം; ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശം

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ ബോര്‍ഡിന്റെ 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ മുസ്‌ലിംകള്‍ മാത്രം മതം രേഖപ്പെടുത്തണമെന്നു നിര്‍ദേശം. പരീക്ഷ എഴുതുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ ന്യൂനപക്ഷ വിഭാഗമാണോയെന്ന് രേഖപ്പെടുത്തേണ്ടിടത്താണ് മുസ്‌ലിം വിദ്യാര്‍ഥികളോടു മാത്രം മതം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്.
ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കേണ്ട അപേക്ഷാ ഫോറത്തിലെ ന്യൂനപക്ഷ വിഭാഗമോ എന്ന ചോദ്യത്തിന് അതേ എന്ന് ഉത്തരം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും രണ്ട് ഒപ്ഷനുകള്‍ മാത്രമാണു നല്‍കിയിരിക്കുന്നത്. മുസ്‌ലിം എന്നും മറ്റുള്ളവര്‍ എന്നും. സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കു പുറമേ ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന എന്നീ ന്യൂനപക്ഷവിഭാഗങ്ങള്‍കൂടി ഉണ്ടായിരിക്കെയാണ് മുസ്‌ലിംകള്‍ മാത്രം മതം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 17.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. എല്ലാ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ അപേക്ഷാഫോറം പൂരിപ്പിക്കേണ്ടതു നിര്‍ബന്ധമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കുന്നത് നല്ല സൂചനയല്ലെന്ന് ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഇതു തങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലായ സീമ നേര്‍മതി പറഞ്ഞു. നേരത്തേയും ഗുജറാത്ത് സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തിയ ഇടപെടലുകളില്‍ വിമര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകള്‍ക്ക് മുസ്‌ലിം വ്യാപാരികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഭയത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ നോക്കിക്കാണുന്നത്. അപേക്ഷാഫോറത്തില്‍ മുസ്‌ലിംകള്‍ മാത്രം മതം രേഖപ്പെടുത്തണമെന്നു നിര്‍ദേശിച്ചത് തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് വിദ്യാര്‍ഥികളും പറഞ്ഞു.
വിഷയം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടന അനുവദിക്കുന്നില്ല. ബിജെപി എപ്പോഴും മുസ്‌ലിംകള്‍ക്ക് എതിരാണെന്നും പുതിയ നീക്കം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും മേവാനി പറഞ്ഞു. വിവരങ്ങള്‍ വര്‍ഗീയമായി ശേഖരിക്കുന്നത് നല്ലതിനാണെന്നു വിശ്വസിക്കാനാവില്ല. കൂടാതെ ഈ പ്രവര്‍ത്തനം ആശങ്കയുളവാക്കുന്നതാണ്. അതിനെല്ലാം പുറമേ യുവമനസ്സുകളില്‍ ഇത്തരം വിഭാഗീയ ചിന്തകള്‍ വളര്‍ത്തുന്നത് വെറുപ്പുളവാക്കുന്നതാണെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss