10,000 കിലോമീറ്റര്‍ പാരാമോട്ടോറില്‍ പറന്ന് വ്യോമസേന അംഗങ്ങള്‍ തിരിച്ചെത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ വ്യോമേസനയിലെ  14 വൈമാനികര്‍ പാരാമോട്ടോറില്‍ 10,000 കിലോമീറ്റര്‍ പറന്ന് രാജ്യംചുറ്റി തിരിച്ചെത്തി. പ്രദക്ഷിണ എന്നു പേരിട്ട പര്യടനത്തില്‍ വിവിധ കാലാവസ്ഥകളെ അതിജീവിച്ചാണ് വ്യോമസേനാംഗങ്ങള്‍  രാജ്യത്തിന്റെ വ്യോമമേഖല ചുറ്റി പറന്നത്. വിങ് കമാന്‍ഡര്‍ എപിഎസ് സോളങ്കി നേതൃത്വം നല്‍കിയ വൈമാനിക സംഘം പാരാമോട്ടോര്‍ സഞ്ചാരത്തിലെ നിലവിലുള്ള 9132 കിലോമീറ്റര്‍ എന്ന ദേശീയ റിക്കോഡാണു മറികടന്നത്. ഫെബ്രുവരി ഒന്നിന് പശ്ചിമബംഗാളിലെ കാലൈകുന്ദ നാവികതാവളത്തില്‍ നിന്നു തുടങ്ങിയ യാത്ര തീരപ്രദേശങ്ങള്‍, മലകള്‍, വനപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങി വിവിധ ഭുപ്രദേശങ്ങള്‍ക്കു മുകളിലൂടെ സഞ്ചരിച്ച് ഇന്നലെയാണ് പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തിയത്. സ്‌കൈ റൈഡേഴ്‌സ് എന്നു പേരുള്ള വൈമാനിക സംഘം കന്യാകുമാരിയിലേക്കും അവിടെ നിന്ന് ഗുജറാത്തിലെ തീരപ്രദേശത്തേക്കും പറന്നു. തുടര്‍ന്ന് രാജസ്ഥാന്‍ മരുഭൂമിക്കും പഞ്ചാബിലെ പാടശേഖരങ്ങള്‍ക്കും മുകളിലൂടെയും തുടര്‍ന്ന് ഹിമാലയ താഴ്‌വരകളിലൂടെ പറന്ന് ജമ്മുവിലെത്തി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും മുകളിലൂടെ പറന്നാണ് സ്‌കൈ റൈഡേഴ്‌സ് പശ്ചിമബംഗാളിലെ കാലൈകുന്ദ വ്യോമതാവളത്തില്‍ തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it