Kollam Local

10,000 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയുമായി കാഷ്യു കോര്‍പറേഷന്‍



കൊല്ലം: തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10,000 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി കശുവണ്ടി വികസന കോര്‍പറേഷന്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എസ് ജയമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നരമാസത്തിനകം ഏഴര ലക്ഷം കശുമാവ് തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 50,000 തൈകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. റബര്‍ മേഖല തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കശുമാവ് കൃഷിക്ക് തയാറാവുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 12000രൂപ സഹായം നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കൃഷി നടത്തുന്നവര്‍ക്ക് തൈ സൗജന്യമായി നല്‍കും. രണ്ടുവര്‍ഷം ഒരു തൈക്ക് സഹായധനമായി 60 രൂപയും ലഭ്യമാക്കും. കരുനാഗപ്പള്ളിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ 1500 വീടുകളില്‍ കശുമാവ് തൈ നട്ടുവളര്‍ത്തും. കശുവണ്ടി വികസന ഏജന്‍സിയുമായി സഹകരിച്ച് ഓയില്‍ പാം ഇന്ത്യ 200 ഏക്കറിലും ഫാമിങ് കോര്‍പറേഷന്‍ 250 ഏക്കറിലുമാണ് കശുമാവ് കൃഷി നടത്തുന്നത്. ആറളം ഫാം, ഹാരിസണ്‍ മലയാളം, എവിടി, ടി ആര്‍ ആന്‍ഡ് ടി എസ്‌റ്റേറ്റുകളും കൃഷിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ‘കാള്‍ കാഷ്യൂ’ എന്ന പേരില്‍ കൊല്ലം കോര്‍പറേഷന്‍ മേഖലയില്‍ 20 ഗ്രാം മുതല്‍ ഒരു കിലോവരെ പായ്ക്കറ്റിലുള്ള പരിപ്പ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന പദ്ധതി നടപാക്കും. ഫോണില്‍ വിളിച്ചാല്‍ 20 മിനിറ്റിനകം പരിപ്പ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. വിവിധ ജില്ലകളിലായി 100 ഔട്ട്‌ലെറ്റുകള്‍ ഓണത്തിന് മുമ്പ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കശുമാവ് കൃഷി വ്യാപന പദ്ധതി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കൊട്ടിയം ഒന്നാം നമ്പര്‍ ഫാക്ടറിയില്‍ രാവിലെ 10.30ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാേന്‍ഷനില്‍ 200 ഏക്കര്‍ സ്ഥലത്ത് കൃഷി നടത്തുന്നതിന്റെ ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രിമാരായ കെ രാജുവും മേഴ്‌സിക്കുട്ടിയമ്മയും ചേര്‍ന്ന് കുളത്തൂപ്പുഴയില്‍ നിര്‍വഹിക്കും. നാടന്‍ തോട്ടണ്ടി സംസ്‌കരിച്ചെടുക്കുന്ന പരിപ്പ് പ്രേത്യക ബ്രാന്‍ഡായി ഓണത്തിന് ‘ഗിഫ്റ്റ് പാക്കറ്റുകളില്‍ വിപണിയിലെത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ മേനജിങ് ഡയറക്ടര്‍ ടി എഫ് സേവ്യര്‍, അഷ്‌റഫ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it