|    Feb 28 Tue, 2017 9:06 am
FLASH NEWS

1000, 500 നോട്ടുകള്‍ പിന്‍വലിച്ച നടപടി ജനങ്ങള്‍ക്ക് ഇരുട്ടടിയായി

Published : 10th November 2016 | Posted By: SMR

ആലപ്പുഴ: നിലവിലുണ്ടായിരുന്ന 500,1000 രൂപനോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ അസാധുവായതോടെ ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. 500, 1000 നോട്ടുകള്‍ കൈവശമുണ്ടായിരുന്നവരെല്ലാം അത് മാറാനും അതുപയോഗിച്ച് സാധനങ്ങള്‍ വാങ്ങാനോ ഇടപാടുകള്‍ നടത്താനോ കഴിയാതെ വലഞ്ഞു. ഇന്നലെ ബാങ്കുകളും ട്രഷറിയുമൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇന്നും എടിഎമ്മുകള്‍ അടഞ്ഞുകിടക്കും. കൈവശമിരിക്കുന്ന 500, 1000 നോട്ടുകള്‍ക്ക് പകരം പുതിയവ വാങ്ങാന്‍ ഇന്നു മുതല്‍ ബാങ്കുകളെ ആശ്രയിക്കാമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നെങ്കിലും കച്ചവടം പേരിന് മാത്രമെ നടന്നുള്ളൂ.  സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഇടപാടുകള്‍ നടന്നില്ല. മീന്‍, മാസം, പച്ചക്കറി മാര്‍ക്കറ്റുകളെല്ലാം സ്തംഭിച്ചനിലയിലായി. രാവിലെ ബസ് സ്‌റ്റേഷനിലും റെയില്‍വെ സ്‌റ്റേഷനിലും വന്നിറങ്ങിയവരും കുഴങ്ങി. വലിയ നോട്ടുകള്‍ കൈവശം വച്ച ഇവര്‍ക്ക് ആഹാരം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.ആലപ്പുഴ നഗരം ഉള്‍പ്പെടെ ജില്ലയിലെ വിവിധ പട്ടണങ്ങളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലായിരുന്നു. കെഎസ്ആര്‍ടിസി ലോക്കല്‍ സര്‍വീസുകളില്‍ 500, 1000 രൂപ വാങ്ങിയില്ല. എന്നാല്‍ ദീര്‍ഘ ദൂര ബസ്സുകളില്‍ ഇവ സ്വീകരിച്ചു. പെട്രോള്‍ പമ്പുകളില്‍ 1000, 500 രൂപ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പെട്രോള്‍ പമ്പുകളില്‍ ചില്ലറ കൊടുത്തില്ല. 500, 1000 നോട്ടുകള്‍ കൊണ്ടുവരുന്നവരോട് അത്രയും തുകയ്ക്കും ഇന്ധനം നിറയ്ക്കാന്‍ യാത്രികര്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം എടിഎമ്മുകളില്‍ നിന്ന് ചില്ലറ നോട്ടുകള്‍ എടുത്തവര്‍ക്ക് ഇന്ന് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായി. രജീസ്‌ട്രേഷന്‍ ഓഫിസുകളില്‍ ആധാരം രജിസ്റ്റര്‍ നടന്നില്ല.  വൈദ്യുതി നിരക്ക് അടയ്ക്കുന്നതുള്‍പ്പെടെ വിവിധ ഫീസ് എടുക്കുന്ന കേന്ദ്രങ്ങളിലും ഇടപാടുകള്‍ നടന്നില്ല. ട്രഷറി അടഞ്ഞതിനാല്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്കും തടസ്സം നേരിട്ടു. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍, റെയില്‍വെ എന്നിവിടങ്ങളില്‍ തുടക്കത്തില്‍ ഇത്തരം നോട്ടുകള്‍ സ്വീകരിച്ചിരുന്നു. പിന്നീട് ചില്ലറ പ്രതീക്ഷിച്ച് എത്തിയ പലര്‍ക്കും നിരാശയായിരുന്നു ഫലം. ജില്ലയിലെ ടൂറിസം മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണ്. പണമില്ലാതെ പല ടൂറിസ്റ്റുകളും എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. എടിഎമ്മുകളെ ആശ്രയിച്ചെത്തിയവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ജില്ലയിലെ ബാങ്കുകള്‍ക്ക് മുമ്പിലെല്ലാം രാവിലെ മുതല്‍ പണം മാറാന്‍ എത്തുന്നവരുടെ നീണ്ട നിര ദൃശ്യമാവും. പണം നിക്ഷേപിക്കാനും ചില്ലറ മാറാന്‍ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day