kasaragod local

1000 കുട്ടിലൈബ്രറികള്‍ ഒരുങ്ങുന്നു

മുള്ളേരിയ: നവമാധ്യമങ്ങളുടെ കടന്നുകയറ്റം മൂലം ഇല്ലാതാവുന്ന വായനയെ തിരിച്ചുകൊണ്ടുവരാനായി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടപ്പിലാക്കുന്ന ഹോം ലൈബ്രറി ഒരുങ്ങുന്നു. ജില്ലയിലെ 36 സ്‌കൂളികളിലെ കുട്ടികള്‍ 144 ഹോംലൈബ്രറികള്‍ തയ്യാറാക്കുന്നു.
നൂറു ഗ്രാമങ്ങളിലെ 1000 വീടുകളില്‍ വായനശാലകള്‍ സന്ദര്‍ശിക്കാനായി സംസ്ഥാന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് എന്‍എസ്എസ് നേതൃത്വത്തിലുള്ള സ്മൃതിയാത്ര 25ന് ജില്ലയിലെത്തും. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍കലാമിന്റെ സ്വപ്‌നപദ്ധതിയാണ് 1000 വിങ്‌സ് ഓഫ് ഫയര്‍ എന്ന പേരില്‍ നടപ്പിലാക്കുന്നത്.
കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് നിന്ന് ആരംഭിച്ച സ്മൃതിയാത്രയുടെ രണ്ടാംഘട്ടമാണ് കേരളത്തില്‍ നടക്കുന്നത്. രാഷ്ട്രപതി ഭവന്‍ വരെയാണ് യാത്ര. ഒക്ടോബര്‍ 15ന് രാമേശ്വരത്ത് നിന്ന് കലാമിന്റെ കുടുബാംഗം തെളിച്ച ദീപവുമായി സംസ്ഥാനത്തെ പ്രധാന സ്‌കൂളുകളും കേന്ദ്രങ്ങളും സന്ദര്‍ശിച്ച് 26ന് മുള്ളേരിയയില്‍ എത്തും. നല്ല ലൈബ്രറി നടത്തുന്ന കുട്ടികള്‍ക്ക് ജനുവരി 26ന് ഡല്‍ഹിയില്‍ റിപബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്.
തിരഞ്ഞെടുക്കപെട്ട എന്‍എസ്എസ് വളണ്ടിയര്‍മാരുടെ വീട്ടിലാണ് ലൈബ്രററി ഒരുക്കുന്നത്. കുറഞ്ഞത് 100 പുസ്തകങ്ങള്‍ ഒരോ വീടുകളിലുമുണ്ടാവും.
സഹപാഠികള്‍ക്കും അയല്‍വാസികള്‍ക്കും വായിക്കാനുള്ള അവസരമുണ്ടാവും. കുട്ടികള്‍ ആവശ്യക്കാരെ കണ്ടെത്തി വീടുകളില്‍ വിതരണം ചെയ്യും. കുട്ടികളിലെ വായനശീലം വളര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. പ്രധാന മലയാള പത്രങ്ങളും ഹോംലൈബ്രറികളില്‍ ഒരുക്കും. നൂറു ദിവസം കൊണ്ട് പത്തുലക്ഷത്തില്‍പ്പരം പേരെ വായിക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മുള്ളേരിയ സ്‌കൂളിലെ കുട്ടികളുടെ വീട്ടില്‍ ഒരുക്കിയ ഹോംലൈബ്രറികള്‍ പ്രധാനാധ്യാപകന്‍ എ വിഷ്ണു ഭട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വേണുഗോപാല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കെ വിനോദ്, മൗനേഷ്, ലിജു, പുഷ്പാവതി, ഐ സൗമ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it