Idukki local

1000 കിലോ കഞ്ചാവ് തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന് പോലിസ്

ജോബിന്‍ തോമസ്

തൊടുപുഴ: ഇടുക്കിയിലേക്കു കഞ്ചാവ് എത്തുന്നതു കമ്പം വടക്കുംപെട്ടി കോളനിയില്‍ നിന്നെന്നു പോലിസ്. കമ്പം, ഗൂഡല്ലൂര്‍ മേഖലകളിലായി 1000 കിലോ കഞ്ചാവ് വിവിധ കോളനികളില്‍ ശേഖരിച്ചിരിക്കുന്നതായി എക്‌സൈസ്-പോലിസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു.
കമ്പംമെട്ട് പോലിസ് സംഘം കോളനിയിലെത്താന്‍ ശ്രമിച്ചെങ്കിലും കോളനി നിവാസികളുടെ ചെറുത്തു നില്‍പ്പും തമിഴ്‌നാട് പോലിസിന്റെ നിസ്സഹകരണത്തെയും തുടര്‍ന്ന് ഇവിടെ എത്താന്‍ കഴിഞ്ഞില്ലെന്ന് കമ്പംമെട്ട് പോലിസ് പറയുന്നു. സ്ഥിരമായി കഞ്ചാവ് വാങ്ങാനെത്തുന്നവര്‍ക്കു മാത്രമേ കോളനിയിലേക്ക് പ്രവേശനമുള്ളു. ഇന്നലെ കുമളിയില്‍ പിടിയിലായ പ്രമുഖ കഞ്ചാവ് കടത്തുകാരന്‍ അരസനില്‍ നിന്നാണ് എക്‌സൈസിനു നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.
ആന്ധ്രയില്‍ നിന്നാണ് കമ്പം വടക്കുംപെട്ടിയില്‍ കഞ്ചാവ് എത്തുന്നത്. കുമളി ചെക്ക്‌പോസ്റ്റിലെ പരിശോധന കര്‍ശനമാക്കിയതോടെ കമ്പംമെട്ട്,ബോഡിമെട്ട് ചെക്കുപോസ്റ്റുകള്‍ വഴിയാണ് കഞ്ചാവ് കടത്തുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവര്‍ പോലിസിനു മൊഴി നല്‍കി.കോട്ടയം,എറണാകുളം,ആലപ്പുഴ സ്വദേശികളാണ് കഞ്ചാവ് കടത്തിനു പിടിയിലാകുന്നവരിലേറെയും.കഞ്ചാവ് മാഫിയ പുതിയ തന്ത്രവുമായാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നിരവധി തവണ സൗജന്യമായി കഞ്ചാവ് നല്‍കും.
ഇവരുടെ വലയിലാകുന്ന കുട്ടിസംഘങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കഞ്ചാവ് വിലയ്ക്ക് നല്‍കി തുടങ്ങും.ഇത്തരത്തില്‍ മൂന്നാര്‍,കുമളി,കട്ടപ്പന,തൊടുപുഴ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പനയ്ക്കും,ഉപയോഗത്തിനും കുട്ടിസംഘങ്ങള്‍ രംഗത്തുണ്ടെന്നാണ് ജില്ലാ പോലിസ്-എക്‌സൈസ് വിഭാഗങ്ങളുടെ കണ്ടെത്തല്‍.വടക്കുംപെട്ടി കോളനിയില്‍ സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് കഞ്ചാവ് കച്ചവടം.
ഇടപാടുകാരെ കണ്ടെത്തി വില പേശുന്നത് കുട്ടികളാണ്. കമ്പം ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഞ്ചാവ് വങ്ങാനെത്തുന്നവരെ കോളനിയിലെത്തിക്കുന്നത് കുട്ടികളാണ്. വീടുകളില്‍ കഞ്ചാവ് സൂക്ഷിക്കുന്നതും ഇടപാടുറപ്പിക്കുന്നതും സ്ത്രീകളാണ്.
അന്വേഷണത്തിനെത്തുന്ന പോലിസ്, എക്‌സൈസ് സംഘത്തെ പ്രതിരോധിക്കാനാണ് ഈ തന്ത്രം. വില്‍പ്പനക്കാരായ കുട്ടികളും സ്ത്രീകളും കഞ്ചാവ് ലഹരിക്ക് അടിമകളാണെന്നതാണു ഞെട്ടിക്കുന്ന മറ്റൊരു വിവരം. ഇടുക്കി ജില്ലയില്‍ നിന്നുള്ള പോലിസ് സംഘങ്ങള്‍ ഇവിടെയെത്താന്‍ നിരവധി തവണ ശ്രമിച്ചിട്ടും കോളനിയില്‍ കാലുകുത്താന്‍ പോലും പോലിസിനു കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it