|    Jan 17 Tue, 2017 10:25 am
FLASH NEWS

100 പോസ്റ്ററുകള്‍ അച്ചടിച്ചാല്‍ 1000 ഒട്ടിക്കാം!

Published : 30th October 2015 | Posted By: SMR

അമ്പത് കത്ത് അച്ചടിച്ചുകിട്ടിയാല്‍ 500 വീടുകളില്‍ അതു കൊടുക്കാം. 10 ബോര്‍ഡുകള്‍ ഉണ്ടാക്കിയാല്‍ 50 ബോര്‍ഡുകള്‍ വയ്ക്കാം. 100 പോസ്റ്ററുകള്‍ അച്ചടിച്ചാല്‍ 1000 പോസ്റ്ററുകള്‍ ഒട്ടിക്കാം.
സംശയിക്കേണ്ട, ഇതു മാജിക്കല്ല. കേരളത്തിലാകെ ഇപ്പോള്‍ നടക്കുന്ന അദ്ഭുതമാണിത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ സ്ഥാനാര്‍ഥിക്കും വേണ്ടി ഈ അദ്ഭുതം നടത്തിക്കൊണ്ടിരിക്കുന്നു. ഓരോ സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാനുള്ള തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. ധൂര്‍ത്ത് ഒഴിവാക്കുന്നതിനു വേണ്ടിയാണത്രെ ഇത്. കണക്കില്‍ കമ്മീഷന്‍ നിജപ്പെടുത്തിയ തുകയില്‍ ഒരു നയാപൈസ കൂടിപ്പോയാലും സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് റദ്ദായിപ്പോവുമെന്നാണു വ്യവസ്ഥ.
തിരഞ്ഞെടുപ്പ് കമ്മീഷനെ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പേടിയാണ്. ചെലവുകളെ സംബന്ധിച്ച കമ്മീഷന്റെ നിര്‍ദേശം അക്ഷരംപ്രതി പാലിക്കുന്നതുകൊണ്ടാണ് തുടക്കത്തില്‍ സൂചിപ്പിച്ച അദ്ഭുതം ഇവിടെ അരങ്ങേറുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് വെറുമൊരു യന്ത്രമല്ല. കണ്ണും കാതും നാവുമുള്ള മനുഷ്യരുടെ ഒരു സംഘമാണത്. അവരൊക്കെ ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്. ഒരു വാര്‍ഡില്‍ ഒട്ടിക്കേണ്ട പോസ്റ്ററുകളെക്കുറിച്ചും വിതരണം ചെയ്യേണ്ട കത്തുകളെക്കുറിച്ചും വഴിനീളെ വയ്‌ക്കേണ്ട ബോര്‍ഡുകളെക്കുറിച്ചും വാഹനം ഉള്‍പ്പെടെയുള്ള പ്രചാരണങ്ങളെക്കുറിച്ചും കൃത്യവും വ്യക്തവുമായ വിവരം കമ്മീഷനുണ്ട്. സ്ഥാനാര്‍ഥികളും സില്‍ബന്തികളും അനുയായികളും ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിന്റെ ചെലവുകളെപ്പറ്റി കമ്മീഷന് പ്രത്യേകം തിരക്കേണ്ടതില്ല. കമ്മീഷന്‍ അംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നവരാണല്ലോ. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാം നേരാംവണ്ണം കമ്മീഷന്‍ മനസ്സിലാക്കിയാണ് തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിയും ചെലവഴിക്കേണ്ട തുക നിശ്ചയിച്ചത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് 60,000 രൂപ മാത്രമേ ചെലവഴിക്കാന്‍ പാടുള്ളു. വകതിരിഞ്ഞ് ചെലവു ചെയ്യുന്നതിനെക്കുറിച്ച് കമ്മീഷന്‍ നിര്‍ദേശിക്കാത്തതുകൊണ്ട് 60,000 എങ്ങനെ വേണമെങ്കിലും ചെലവഴിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് സൗകര്യമുണ്ട്. വരവ് എവിടെ നിന്നു വരണമെന്ന് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കാത്തതിനാല്‍ ഒരാളില്‍നിന്നു തന്നെ 60,000 വരവ് ഉണ്ടാക്കാനും സൗകര്യമുണ്ട്. കെട്ടിവയ്ക്കാനുള്ള 3,000 രൂപയില്‍നിന്നാണ് സ്ഥാനാര്‍ഥിയുടെ ചെലവു പട്ടികയുടെ തുടക്കം. സ്ഥാനാര്‍ഥികള്‍ക്ക് ഓഫിസ് അത്യാവശ്യമാണ്. ചില്ലറ െഡക്കറേഷനും അവിടെ ഉണ്ടാവണം. പിന്നെ പോസ്റ്ററുകള്‍ രണ്ടോ മൂന്നോ വേണം. വാര്‍ഡിലെ ചുവരുകളിലൊക്കെ പോസ്റ്ററുകള്‍ പതിക്കണമെങ്കില്‍ ഓരോന്നും ചുരുങ്ങിയത് 1,000 എണ്ണമെങ്കിലും വേണ്ടിവരും. മിനിമം 15,000 രൂപ പോസ്റ്ററുകള്‍ക്കു മാത്രം ചെലവാക്കേണ്ടിവരും. കോര്‍പറേഷന്റെ ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 5,000 വോട്ടര്‍മാര്‍ ഉണ്ടാവും. അവര്‍ക്കു കൊടുക്കാന്‍ 5,000 കത്ത് വേണം. അതാണെങ്കില്‍ കളര്‍ ഓഫ്‌സെറ്റില്‍ അല്ലെങ്കില്‍ കുറച്ചിലല്ലേ? ഏറ്റവും ചുരുങ്ങിയത് 7,000 രൂപ ഇതിനു ചെലവു വരും. ഇനി ബോര്‍ഡ് ഇല്ലെങ്കില്‍ എന്ത് തിരഞ്ഞെടുപ്പ്. പോസ്റ്റര്‍ ഒട്ടിക്കാനുള്ള പശ വേണം, ബോര്‍ഡ് കൊണ്ടുവരാന്‍ വണ്ടി വേണം, സ്ഥാപിക്കാന്‍ കയര്‍ ആവശ്യമാണ്. ഇതൊക്കെ വഴിച്ചെലവുകളില്‍പ്പെടുത്തി കമ്മീഷനെ ബോധ്യപ്പെടുത്താതിരിക്കാം. എന്നാല്‍, ഒട്ടിക്കാനും കെട്ടാനും കത്ത് വിതരണം ചെയ്യാനും മനുഷ്യാധ്വാനം ഇല്ലേ? തീര്‍ന്നു 60,000 രൂപ.
ബാക്കി എന്തൊക്കെ കിടക്കുന്നു. ഇങ്ങനെ ഓരോ കാര്യത്തിലും വാസ്തവത്തില്‍ സ്ഥാനാര്‍ഥികളെക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കളവുചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. കളവില്‍ പരിശീലനം ലഭിക്കുന്നവര്‍ ജനപ്രതിനിധിയാവുമ്പോള്‍ വളരെ പ്രയോജനപ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക