100 കുട്ടികളുള്ള 33 സ്‌പെഷ്യല്‍  സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

തിരുവനന്തപുരം: 100 കുട്ടികളില്‍ കൂടുതലുള്ള 33 സ്‌പെഷ്യല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
50 കുട്ടികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 17ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഈ സ്‌കൂളുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ മലാപ്പറമ്പ് അസീസി സ്‌കൂള്‍ ഫോര്‍ ദ ഡഫ്, പാലക്കാട് ജില്ലയിലെ വെസ്റ്റ് യാക്കര ശ്രവണ-സംസാര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയിലെ സ്വാശ്രയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് എയ്ഡഡ് പദവി അനുവദിച്ചു.
വാഴക്കാട് കാരുണ്യഭവന്‍ സ്‌കൂള്‍ ഫോര്‍ ഡഫിന് കൊമേഴ്‌സ് അല്ലെങ്കില്‍ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ച് ഹയര്‍ സെക്കന്‍ഡറി/എയ്ഡഡ് സ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്യും. പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളില്‍ 25 കുട്ടികളുണ്ടെങ്കില്‍ എയ്ഡഡ് പദവി അനുവദിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലാണ് ആദ്യമായി ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതോടെ വിദ്യാഭ്യാസരംഗത്ത് നിലനിന്നിരുന്ന വലിയ അനീതിക്കാണ് അവസാനമായത്. സാധാരണ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു വരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ പലരുടെയും ഔദാര്യത്താല്‍ പഠിക്കേണ്ട സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ കോടികളുടെ അഴിമതി ആരോപിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തത്. അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത് എന്താണെന്നറിയില്ല. അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ യോഗ്യതയുള്ള അധ്യാപകര്‍ തുടരും. അവര്‍ക്ക് അര്‍ഹമായ ആനുകൂല്യവും ലഭിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കരുവാറ്റയില്‍ സ്ഥാപിക്കുന്ന പുതിയ മെഡിക്കല്‍ കോളജിനായി സ്ഥലമേറ്റെടുത്തപ്പോള്‍ ഭൂമി നഷ്ടപ്പെട്ട 27 കുടുംബങ്ങള്‍ക്ക് പ്രതേ്യക പുനരധിവാസ പാക്കേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വന്തമായി സ്ഥലമോ മറ്റ് വസ്തുവകകളോ ഇല്ലാത്തവര്‍ക്ക് 5 സെന്റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് ഹരിപ്പാട് മെഡിക്കല്‍ കോളജില്‍ ജോലിയും നല്‍കും. ഭൂമി പൂര്‍ണമായും നഷ്ടപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും, സര്‍ക്കാര്‍-തദ്ദേശ സ്ഥാപനങ്ങളുടെ ഭവന/ധനസഹായ പദ്ധതി പ്രകാരം ലഭിച്ച സ്ഥലം പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്കും 5 സെന്റ് ഭൂമി വീതം നല്‍കും.
പാക്കേജ് നടപ്പാക്കാന്‍ ആലപ്പുഴ കലക്ടര്‍ക്ക് 94.85 ലക്ഷം രൂപ അനുവദിക്കുകയും 72.37 ആര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഭവനരഹിതരായ 700 മല്‍സ്യത്തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപ നിരക്കില്‍ വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന് 10 കോടി കൂടി അനുവദിക്കും. സമാശ്വാസ പദ്ധതിയിന്‍കീഴില്‍ ബാക്കിയുള്ള തുകയും തീരദേശ വികസന കോര്‍പറേഷനില്‍ അവശേഷിക്കുന്ന തുകയും ചേര്‍ത്താണ് ഇത്രയും തുക അനുവദിക്കുന്നത്. എക്‌സൈസ് വകുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിലേക്കായി വനിതാ എക്‌സൈസ് ഓഫിസര്‍മാരുടെ 140 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.
Next Story

RELATED STORIES

Share it